2020ൽ രാജ്യത്ത് റോഡപകടങ്ങളിൽ മരിച്ചത് 1,31,714 പേർ; റിപോർട്ട് പുറത്ത്

ഡൽഹി: 2020ൽ രാജ്യത്ത് മൊത്തം 3,66,138 റോഡ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇതിൽ 1,31,714 പേർ മരിച്ചുവെന്നും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്‍റെ റിപ്പോർട്ട്. 3,48,279 പേർക്കാണ് ഇൗ അപകടങ്ങളിൽ പരിക്കേറ്റത്. മൊത്തം 1,20,806 മാരകമായ അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇരകളായവർ കൂടുതലും യുവാക്കളാണ്. മുഴുവൻ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും കണക്കാണ് 'ഇന്ത്യയിലെ റോഡപകടങ്ങൾ -2020' എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിലുള്ളത്.

മൊത്തം 1,20,806 മാരകമായ അപകടങ്ങളിൽ 43,412 (35.9 ശതമാനം) അപകടങ്ങൾ ദേശീയ പാതകളിലും 30,171 (25 ശതമാനം) സംസ്ഥാന പാതകളിലും 47,223 (39.1 ശതമാനം) മറ്റ് റോഡുകളിലും സംഭവിച്ചു. 2020ലെ മൊത്തം മാരകമായ അപകടങ്ങളുടെ എണ്ണം 2019ലെ 1,37,689 എന്നതിനേക്കാൾ 12.23 ശതമാനം കുറവാണ്. 100 അപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് റോഡ് അപകടങ്ങളുടെ തീവ്രത അളക്കുന്നത്. റിപ്പോർട്ട് അനുസരിച്ച്, 2020-ൽ റോഡപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 2019-നെ അപേക്ഷിച്ച് 12.6 ശതമാനം കുറവാണ്.

18-45 വയസ് പ്രായമുള്ള യുവാക്കളാണ് 2020-ൽ ഇരകളായവരിൽ 69 ശതമാനവും. 2020ൽ രാജ്യത്ത് റിപ്പോർട്ട് ചെയ്ത മൊത്തം 3,66,138 റോഡപകടങ്ങളിൽ 1,16,496 (31.8 ശതമാനം) അപകടങ്ങളും നടന്നത് എക്‌സ്‌പ്രസ്‌വേകൾ ഉൾപ്പെട്ട ദേശീയ പാതകളിൽ (എൻ.എച്ച്) ആണ്. 90,755 (24.8 ശതമാനം) സംസ്ഥാന പാതകളിലും മറ്റ് റോഡുകളിൽ 1,58,887 (43.4 ശതമാനം) ഉം ആണ്.

ഇരുചക്രവാഹന അപകടങ്ങളാണ് ഏറ്റവുമധികം ഉണ്ടായത്. കാറുകളും ജീപ്പുകളും ടാക്സികളും അടങ്ങുന്ന ലൈറ്റ് വാഹനങ്ങൾ രണ്ടാം സ്ഥാനത്താണ്. മൊത്തം മരണനിരക്കിൽ ഇരുചക്രവാഹന യാത്രക്കാരുടെ എണ്ണം ഏറ്റവും ഉയർന്നതാണ് (43.5 ശതമാനം). റോഡപകടങ്ങളിൽ മരിച്ചവരിൽ 17.8 ശതമാനം കാൽനട യാത്രക്കാരാണ്. ട്രാഫിക് നിയമ ലംഘനങ്ങളുടെ വിഭാഗത്തിൽ അമിത വേഗത ഒരു പ്രധാന കൊലയാളിയായി. 69.3 ശതമാനം ആളുകൾ അമിത വേഗതകൊണ്ടും 5.6 ശതമാനം പേർ തെറ്റായ വശത്ത് വാഹനമോടിച്ചത് കൊണ്ടുമാണ് മരിച്ചത്.

65 ശതമാനം അപകടങ്ങളും നേരെയുള്ള റോഡുകളിലാണ് നടന്നത്. അതേസമയം, വളഞ്ഞതും കുഴികളുള്ള റോഡുകളിലും കുത്തനെയുള്ളവയിലും ഉണ്ടായവ 2020 ലെ മൊത്തം റോഡപകടങ്ങളുടെ 15.2 ശതമാനം മാത്രമാണ്. 2020 ലെ കണക്കുകൾ പ്രകാരം 72 ശതമാനത്തിലധികം അപകടങ്ങളും 67 ശതമാനം മരണവും വെയിലുള്ള തെളിഞ്ഞ കാലാവസ്ഥയിലാണ് എന്നാണ്. സംസ്ഥാനതലത്തിൽ, 2020-ൽ ദേശീയ പാതകളിൽ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ രേഖപ്പെടുത്തിയത് തമിഴ്‌നാട്ടിലാണ്. മരിച്ചവരുടെ എണ്ണം ഏറ്റവും കൂടുതൽ ഉത്തർപ്രദേശിലും. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവയാണ് 2020ൽ റോഡപകടങ്ങളിലും മരണനിരക്കിലും ഗണ്യമായ കുറവ് കൈവരിച്ച പ്രധാന സംസ്ഥാനങ്ങൾ.

Tags:    
News Summary - 1,31,714 people will be killed in road accidents in the country by 2020; Report out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.