ചെന്നൈ: തമിഴ്നാട്ടിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സേലം ഗോകുൽരാജ് ദുരഭിമാന കൊലക്കേസിൽ 10 പ്രതികൾക്ക് മധുര ജില്ല പീഡന നിരോധന പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
'ധീരൻ ചിന്നമലൈ പേരവൈ' എന്ന സമുദായ സംഘടനയുടെ പ്രസിഡന്റ് യുവരാജ്, ഇദ്ദേഹത്തിന്റെ ഡ്രൈവർ അരുൺ എന്നിവർക്ക് മൂന്ന് ജീവപര്യന്തം തടവ് വിധിച്ച ജഡ്ജി സമ്പത്ത്കുമാർ ഇവർ മരണംവരെ തടവിൽ കഴിയണമെന്നും പ്രത്യേകം ഉത്തരവിട്ടു.
മറ്റു പ്രതികളായ കുമാർ, സതീഷ് കുമാർ, രഘു, രഞ്ജിത്ത്, സെൽവരാജ് എന്നിവർക്ക് ഇരട്ട ജീവപര്യന്തവും പ്രഭു, ഗിരിധർ, ചന്ദ്രശേഖർ എന്നിവർക്ക് ഓരോ ജീവപര്യന്തം തടവുമാണ് വിധിച്ചത്. 2015 ജൂൺ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സേലം ഓമല്ലൂർ എൻജിനീയറിങ് കോളജിലെ ദലിത് വിദ്യാർഥിയായ ഗോകുൽരാജ് (21) സവർണ ജാതിയിൽപെട്ട പെൺകുട്ടിയുമൊത്ത് തിരുച്ചെങ്കാട് ക്ഷേത്രത്തിലേക്ക് പോയിരുന്നു. ഈ സമയത്ത് ക്ഷേത്രത്തിലെത്തിയ യുവരാജും സംഘവും തന്റെ ജാതിയിൽപെട്ട പെൺകുട്ടിയുമായി സംസാരിച്ചതിന് ഗോകുൽരാജിനെ മർദിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയി.
24ന് പുലർച്ച തൊട്ടിപാളയം റെയിൽപാളത്തിൽ തല വേർപെട്ട നിലയിൽ ഗോകുൽരാജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.