ലൈസൻസ് പുതുക്കാനാവുന്നില്ല; വാഹന ഉടമകൾ വലയുന്നു

കോഴിക്കോട്: വിവിധ ആർ.ടി.ഒ ഓഫിസിൽനിന്ന് ഡ്രൈവിങ് ലൈസൻസ് എടുത്തവർ പുതുക്കാനാവാതെ വലയുന്നു. സോഫ്റ്റ്​വെയറിലെ സാ​ങ്കേതിക പിഴവാണ് കാരണം. സർക്കാർ മേഖലയിൽ വിവരസാങ്കേതിക സേവനങ്ങൾക്കും ടെലികമ്യൂണിക്കേഷൻ സാങ്കേതികവിദ്യക്കും അടിസ്ഥാന സൗകര്യമൊരുക്കുന്ന നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ (എൻ.ഐ.സി) സോഫ്റ്റ്​വെയറിലെ സാ​ങ്കേതിക പിഴവുമൂലം നിരവധിപേർക്ക് കൃത്യസമയത്ത് അപേക്ഷ നൽകിയിട്ടും ലൈസൻസ് പുതുക്കി ലഭിക്കുന്നില്ല.

വ്യത്യസ്ത സമയങ്ങളിലായി വിവിധ ഓഫിസുകളിൽനിന്ന് ലൈസൻസ് എടുത്തവരുടെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിന് മോട്ടോർ വാഹനവകുപ്പ് ഡി ഡ്യൂപ്ലിക്കേഷൻ നടപടി ആരംഭിച്ചിട്ടുണ്ട്. വ്യത്യസ്ത ഓഫിസുകളിൽനിന്ന് ലൈസൻസ് എടുത്തവരെ തിരിച്ചറിഞ്ഞ്, അവർ പുതുക്കാനെത്തുമ്പോൾ ഒറ്റ ലൈസൻസ് നൽകാനായിരുന്നു നീക്കം. ചില ആർ.ടി.ഒ ഓഫിസുകളിൽ ഭാഗികമായി നടക്കുന്നുണ്ടെങ്കിലും മിക്കയിടങ്ങളിലും ലൈസൻസ് പുതുക്കി നൽകാൻ കഴിയുന്നില്ല.

ലൈസൻസ് പുതുക്കി നൽകാൻ പറ്റുന്നില്ലെന്ന പരാതി മാസങ്ങൾക്ക് മുമ്പ് എൻ.ഐ.സിയിൽ രജിസ്റ്റർ ചെയ്തിട്ടും പരിഹാരമായിട്ടില്ല. ലൈസൻസ് കാലാവധി തീർന്നാലും മുമ്പ് 30 ദിവസം ഗ്രേസ് കാലാവധി നൽകിയിരുന്നു. ഇപ്പോൾ കാലാവധി തീർന്നാൽ വാഹനമോടിക്കാൻ കഴിയാത്ത അവസ്ഥയാണ്. തങ്ങളുടേതല്ലാത്ത വീഴ്ചക്ക് മാസങ്ങളായി വാഹനമോടിക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ് ലൈസൻസ് ഉടമകൾ.

ലൈസൻസ് എന്നു നൽകാനാവുമെന്ന ചോദ്യത്തിന് മറുപടി നൽകാൻ വാഹനവകുപ്പ് ഉ​ദ്യോഗസ്ഥർക്ക് കഴിയുന്നുമില്ല. സർക്കാർ മേഖലയിലെ ഡ്രൈവർമാരും ലൈസൻസ് പുതുക്കാൻ കഴിയാതെ ദുരിതത്തിലായിട്ടുണ്ട്. ജോലിയുടെ ഭാഗമായി വാഹനമോടിക്കാൻ കഴിയാത്തതിനാൽ ജോലി ചെയ്യാൻ നിർബന്ധിതരാവുകയാണ് ഇവർ. സർക്കാർതലത്തിൽ അടിയന്തര നടപടികളില്ലെങ്കിൽ ലൈസൻസ് ഉടമകൾക്കും മോട്ടോർ വാഹന വകുപ്പിനും പ്രശ്നം സൃഷ്ടിക്കും.

Tags:    
News Summary - Unable to renew license; vehicle owners in trouble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.