നിങ്ങളുടെ പ്രിയപ്പെട്ട ഗിയർലെസ് സ്കൂട്ടർ ഒരു കയറ്റത്തിലോ ഇറക്കത്തിലോ പാർക്ക് ചെയ്തുവെക്കുമ്പോൾ ഇതെങ്ങാനും ഉരുണ്ട് പോകുമോ എന്ന് ശങ്കിക്കുന്നവർ വായിക്കാൻ. സ്കൂട്ടറിൽ ഒരു Hand Brake/Parking Brake Lever) ഒളിപ്പിച്ചുവെച്ചിട്ടുണ്ട് എന്നത് തുടക്കക്കാരായ സ്കൂട്ടർ പ്രേമികൾക്ക് അറിവുണ്ടാകില്ല. ഇത് എവിടെയാണ്, എന്തിനാണ് ഉപയോഗിക്കുന്നതെന്നും പലർക്കും ധാരണകാണില്ല. സാധാരണയായി, നിങ്ങളുടെ പിൻ ചക്രത്തിന്റെ ബ്രേക്ക് ലിവറിനോട് (ഇടത് കൈയിലെ ലിവർ) ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്നത്. ഒരു ചെറിയ ഹുക്ക് പോലെയാണ് ഇത് കാണപ്പെടുക.
ഒരു ചരിഞ്ഞ പ്രതലത്തിൽ (Slope) പാർക്ക് ചെയ്യുമ്പോൾ സൈഡ് സ്റ്റാൻഡ് ഇട്ടാലും സ്കൂട്ടർ മുന്നോട്ടോ പിന്നോട്ടോ തെന്നിപ്പോകാൻ സാധ്യതയുണ്ട്. ഈ ഹാൻഡ് ബ്രേക്ക് ഇട്ടാൽ, ചക്രം ലോക്കാവുകയും സ്കൂട്ടർ സുരക്ഷിതമായി ഉറച്ചുനിൽക്കുകയും ചെയ്യും. കുട്ടികൾ സ്കൂട്ടറിൽ കയറി കളിക്കുമ്പോൾ, ആക്സിലറേറ്റർ തിരിച്ച് അപകടം വരുത്താതിരിക്കാനും ഇത് ഉപയോഗിക്കാം. (ഗിയർലെസ് വാഹനങ്ങളിൽ ഉപയോഗം കഴിഞ്ഞാൽ താക്കോൽ ഊരി മാറ്റിവെക്കുന്നതാണ് സുരക്ഷിതമെന്ന് പറയേണ്ട കാര്യമില്ലല്ലോ).
സ്കൂട്ടർ നിർത്തിക്കഴിഞ്ഞ് ഇടത് (പിൻ ചക്രത്തിന്റെ) ബ്രേക്ക് ലിവറിനോട് ചേർന്ന ചെറിയ ലോക്കിങ് ലിവർ/ഹുക്ക് അകത്തേക്ക് തള്ളുകയോ വലിച്ചിടുകയോ ചെയ്യുക. (സ്കൂട്ടർ മോഡൽ അനുസരിച്ച് വ്യത്യാസപ്പെടാം). ബ്രേക്ക് ലിവർ പതിയെ റിലീസ് ചെയ്യുക. ഇപ്പോൾ ബ്രേക്ക് ലോക്കായി, സ്കൂട്ടർ അനങ്ങില്ല. ബ്രേക്ക് റിലീസ് ചെയ്യാൻ, ബ്രേക്ക് ലിവർ ഒരിക്കൽകൂടി പിടിച്ചുവിടുക. ലോക്ക് ഓട്ടോമാറ്റിക്കായി റിലീസാകും! എന്നാപ്പിന്നെ നിങ്ങളുടെ സ്കൂട്ടറിൽ ഈ ഫീച്ചർ ഉണ്ടോ എന്ന് പരിശോധിക്കൂ!
പുതിയ ബൈക്കുകളുടെയും കാറുകളുടെയും മുൻവശത്ത്, രാപ്പകൽ ഭേദമില്ലാതെ കെടാതെ, പ്രകാശിച്ചുനിൽക്കുന്ന ഒരു ലൈറ്റ് നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ? രാത്രിയിൽ റോഡ് കാണാൻ സഹായിക്കുന്ന ഹെഡ്‌ലൈറ്റുകൾ അല്ല അത്. ആധുനിക വാഹനങ്ങൾക്ക് സ്റ്റൈലിഷായ ലുക്ക് നൽകുന്ന ഡി.ആർ.എൽ (DRL - Daytime Running Lights) വെറും ഭംഗിക്ക് മാത്രമല്ല നിർമാതാക്കൾ ഘടിപ്പിച്ചുവിടുന്നത്. നിങ്ങളുടെ വാഹനത്തിന്റെ ‘സുരക്ഷാ കണ്ണട’ അല്ലെങ്കിൽ ‘പകൽസമയത്തെ തിരിച്ചറിയൽ കാർഡ്’ ആണ് ഈ DRL.
DRLന്റെ പ്രധാന ജോലി, വാഹനത്തിന് വെളിച്ചം നൽകുകയല്ല, മറിച്ച് വാഹനത്തെ കാണിക്കുക എന്നതാണ്. എതിർദിശയിൽനിന്ന് വരുമ്പോൾ, നിങ്ങളുടെ വാഹനത്തെ വളരെ വേഗത്തിൽ തിരിച്ചറിയാൻ ഈ ലൈറ്റുകൾ സഹായിക്കും. പ്രത്യേകിച്ചും വളവുകളിലും, മങ്ങിയ വെളിച്ചമുള്ള സമയങ്ങളിലും, കനത്ത മഴയുള്ളപ്പോഴും, നിങ്ങളുടെ വാഹനത്തിന് തെളിഞ്ഞ ഒരു മുഖം നൽകുന്നു. യൂറോപ്പിൽ ഉൾപ്പെടെ പല രാജ്യങ്ങളിലും DRL നിർബന്ധമാക്കിയത് സുരക്ഷ ഉറപ്പാക്കാനാണ്. പകൽസമയത്ത് പോലും ഈ ലൈറ്റ് ഓൺ ആകുമ്പോൾ മറ്റ് ഡ്രൈവർമാർക്ക് നിങ്ങളുടെ സാന്നിധ്യം പെട്ടെന്ന് മനസ്സിലാകും.
താക്കോൽ ഓൺ ചെയ്യുമ്പോൾ തന്നെ DRL ഓട്ടോമാറ്റിക്കായി ഓൺ ആകും. ഹെഡ്‌ലൈറ്റിനെപ്പോലെ അമിതമായി ബാറ്ററി ഉപയോഗിക്കില്ല ഡി.ആർ.എല്ലുകൾ. ഇത് സാധാരണയായി ചെറിയ LED ലൈറ്റുകളാണ്. ഹെഡ്‌ലൈറ്റുകളേക്കാൾ തീവ്രത കുറഞ്ഞ (Dimmer) ലൈറ്റാണ് ഇത്. അതായത്, രാത്രിയിൽ റോഡ് കാണാനല്ല, പകൽ മറ്റൊരാൾക്ക് നിങ്ങളുടെ വാഹനം കാണാനാണ് ഈ വെളിച്ചമെന്ന് സാരം.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.