ഫാക്ടറികളിലെ വാഹനങ്ങൾക്ക് റോഡ് നികുതി ബാധകമല്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഫാക്ടറിക്കകത്തും വ്യവസായിക പരിസരത്തും മാത്രം ഉപയോഗിക്കുന്ന ഡംപറുകൾ, ലോഡറുകൾ, എക്‌സ്‌കവേറ്ററുകൾ, ഡോസറുകൾ തുടങ്ങിയ ​പൊതുനിരത്തിലേക്ക് ഇറങ്ങാത്ത വാഹനങ്ങൾക്ക് സംസ്ഥാന മോട്ടോർ വാഹന നിയമ​പ്രകാരം റോഡ് നികുതി ബാധകമല്ലെന്ന് സുപ്രീംകോടതി.

നിയമപ്രകാരം റോഡുകളിൽ ഉപയോഗിക്കാൻ യോഗ്യമായ വാഹനങ്ങൾക്ക് മാത്രമേ നികുതി ചുമത്താൻ അധികാരം നൽകുന്നുള്ളൂ എന്നും ഫാക്ടറിക്കകത്തും വ്യവസായിക പരിസരത്തും മാത്രം ഉപയോഗിക്കുന്ന വാഹനങ്ങൾ നിയമത്തിലെ വകുപ്പ് 2 (28) പ്രകാരം നിർവചിച്ചിരിക്കുന്ന ‘മോട്ടോർ വാഹനം’ എന്ന നിർവചനത്തിൽ വരില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം, അത്തരം ഏതെങ്കിലും വാഹനം പൊതുനിരത്തിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ, അപ്പോൾത​ന്നെ അവക്കുള്ള ഇളവ് നഷ്ടപ്പെടുകയും രജിസ്ട്രേഷൻ, നികുതി, പിടിച്ചെടുക്കൽ, പിഴ തുടങ്ങിയ നടപടികൾക്ക് വിധേയമാക്കാമെന്നും കോടതി അറിയിച്ചു.

അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ സിമന്റ് നിർമാണത്തിന് ആവശ്യമായ ചുണ്ണാമ്പുകല്ല് ഖനനത്തിനും മറ്റു പ്രവർത്തനങ്ങൾക്കുമായി ഫാക്ടറിക്കകത്ത് മാത്രം ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഗുജറാത്ത് സർക്കാർ മോട്ടോർ വാഹന നികുതി ചുമത്തിയത് ചോദ്യംചെയ്തുള്ള ഹരജിയിലാണ് കോടതി വിധി. ഫാക്ടറി അതിർത്തികൾക്കുള്ളിൽ ഓഫ് റോഡ്, വ്യവസായിക പ്രവർത്തനങ്ങൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത വാഹനങ്ങൾക്കാണ് മോട്ടോർ വാഹന നികുതി ഈടാക്കിയതെന്ന് അൾട്രാടെക് സിമന്റ് കമ്പനി വാദിച്ചു.

Tags:    
News Summary - Road tax not applicable to vehicles in factories, says Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.