ഇ.വികൾ പെരുവഴിയിലാകില്ല; ഹൈവേകളിൽ ‘രക്ഷാകേന്ദ്രങ്ങൾ’ ഉടൻ

മുംബൈ: നിങ്ങൾ ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നവരാണെങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട്. യാത്രക്കിടെ ഇലക്ട്രിക് വാഹനം ചാർജ് തീർന്നോ മറ്റു സാ​ങ്കേതിക കാരണങ്ങ​ളാലോ പെരുവഴിയിലാകുമെന്ന ആശങ്ക ഇനി വേണ്ട. കാരണം, രാജ്യത്തെ അതിവേഗ ഹൈവേകളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടി പ്രത്യേകം ഹബുകൾ സ്ഥാപിക്കാനുള്ള പദ്ധതിയിലാണ് കേന്ദ്ര ഗതാഗത മന്ത്രാലയം.

ഇലക്ട്രിക് വാഹനങ്ങൾക്ക് ഏതു സമയത്തും സഹായം നൽകുകയാണ് ഹബുകളുടെ ലക്ഷ്യം. ചാർജിങ് സൗകര്യത്തിന് പുറമെ, മികച്ച പരിശീലനം ലഭിച്ച ടെക്നീഷ്യന്മാരും ഈ ഹബുകളിലുണ്ടാകും. ഇലക്ട്രിക് വാഹനങ്ങളിൽ ദീർഘദൂര യാത്ര ചെയ്യുന്നവരുടെ ആശങ്ക പരിഹരിക്കുന്നതിനാണ് പുതിയ പദ്ധതിയെന്ന് ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

ഇ.വി റോഡ് സൈഡ് അസിസ്റ്റൻസ് (ആർ.എസ്.എ), ഓൺ​ റോഡ് സർവിസസ് (ഒ.ആർ.എസ്) തുടങ്ങിയ പേരുകളിലുള്ള ഹബുകൾ പൊതു-സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും സ്ഥാപിക്കുക. വാഹന നിർമാതാക്കളും ഇ.വി സേവന കമ്പനികളും ഹബുകളിൽ ​പങ്കുചേരും. സ്വകാര്യ ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്കും വാണിജ്യാടിസ്ഥാനത്തിൽ ഇലക്ട്രിക് വാഹനങ്ങൾ സർവിസ് നടത്തുന്നവർക്കും ​അറ്റകുറ്റപ്പണിയും സാ​ങ്കേതിക സേവനവും നൽകുന്നതായിരിക്കും ഹബുകളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സേവനംകൂടി ഉൾപ്പെടുത്താൻ എക്സ്പ്രസ് വേകളുടെ വശങ്ങളിൽ സ്ഥാപിക്കുന്ന കേന്ദ്രങ്ങളുടെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്ന കാര്യം റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പരിശോധിച്ചുവരികയാണ്. നിർമാണത്തിലിരിക്കുന്ന 1,300 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലായിരിക്കും ആദ്യ ഇ.വി റോഡ് സൈഡ് അസിസ്റ്റൻസ് ഹബ് നിലവിൽ വരിക.

ഇന്ത്യയിലെ വൈദ്യുത വാഹന വിൽപനയും ഉപയോഗവും വർധിക്കുന്നുണ്ടെങ്കിലും നഗര കേന്ദ്രീകൃതമാണ്. ദീർഘദൂര യാത്രകളിൽ ചാർജ് തീർന്നുപോകുമോയെന്ന ആശങ്കയാണ് പലരെയും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നത്. 2047 ഓടെ 20 ലക്ഷം കോടി രൂപ മുടക്കി 50,000 കിലോമീറ്റർ എക്സ്പ്രസ് വേകൾ നിർമിക്കാനുള്ള പദ്ധതിയിലാണ് രാജ്യം. അതിവേഗ ഹൈവേകളിൽ ചാർജിങ് പോയിന്റുകൾക്ക് പുറമെ, കൂടുതൽ സേവന സൗകര്യങ്ങൾ വരുന്നതോടെ ഇലക്ട്രിക് വാഹന വിൽപന ശക്തമാകുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - Government plans highway rescue hubs for dead EVs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.