പുതിയ ടാറ്റ പഞ്ച്
ടാറ്റ മോട്ടോർസ് പാസഞ്ചർ വാഹനനിരയിൽ, മൈക്രോ എസ്.യു.വി സെഗ്‌മെന്റിൽ പരിഷ്‌ക്കരിച്ചെത്തിയ പഞ്ചിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 5.59 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഔദ്യോഗിക എക്സ്-ഷോറൂം വില. ഹ്യുണ്ടായ് എക്സ്റ്റർ, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ, മഹീന്ദ്ര എക്സ്.യു.വി 3 എക്സ്.ഒ തുടങ്ങിയ കുഞ്ഞൻ എസ്.യു.വികളോട് കടുത്ത മത്സരം നേരിടുന്ന പഞ്ചിന്റെ ബുക്കിങ് ഇന്നുമുതൽ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
പരിഷ്‌ക്കരിച്ചെത്തിയ ടാറ്റ പഞ്ചിലെ മാറ്റങ്ങൾ ടീസർ വീഡിയോയിലൂടെ കമ്പനി പുറത്തുവിട്ടിരുന്നു. മൈക്രോ എസ്.യു.വിയുടെ സിഗ്‌നേച്ചർ ഡിസൈൻ ആയിട്ടുള്ള ബോക്സി ടൈപ്പ് അതേപടി വാഹനം പിന്തുടരുന്നുണ്ട്. എന്നിരുന്നാലും പരമ്പരാഗത ഡിസൈനിൽ നിന്നും കൂടുതൽ ഷാർപ് ഡിസൈൻ എസ്.യു.വിക്ക് നൽകിയിട്ടുണ്ട്.
ഇലക്ട്രിക് പഞ്ചിനോട് സമാനതകളുള്ള ഡിസൈനിലാണ് പുതിയ പഞ്ച് എത്തുന്നത്. മുൻവശത്തായി റീ ഡിസൈൻ ചെയ്ത ഡി.ആർ.എല്ലുകളോട് കൂടിയ എൽ.ഇ.ഡി ഹെഡ്ലാമ്പ്, കോർണറിലായി എൽ.ഇ.ഡി ഫോഗ് ലാമ്പ്, പുനർനിർമിച്ച ഗ്രിൽ, കൂടുതൽ സ്‌പോർട് ലുക്കിലുള്ള ബമ്പർ, ഫ്രഷ് അലോയ് വീൽ ഡിസൈൻ, പുതിയ എൽ.ഇ.ഡി ടൈൽലാമ്പ് ക്ലസ്റ്റർ എന്നിവ പുതിയ പഞ്ചിന്റെ പ്രത്യേകതകളാണ്. ഇതോടൊപ്പം ഓട്ടോമാറ്റിക് ഹെഡ്ലാമ്പ്, റൈൻ സെൻസറിങ് വൈപ്പർ, റിയർ വാഷർ വൈപ്പർ എന്നിവയും അധിക ഫീച്ചറുകളായി പഞ്ചിന് ലഭിക്കുന്നു.
സിയാൻ്റാഫിക്, കാരമൽ, ബംഗാൾ റൂജ്, കൂർഗ് ക്ലൗഡ്‌സ് എന്നിങ്ങനെ പുതിയ നാല് നിറങ്ങളിൽ പരിഷ്‌ക്കരിച്ചെത്തുന്ന പഞ്ച് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. കൂടാതെ സ്മാർട്ട്, പ്യുർ, പ്യുർ+, അഡ്വഞ്ചർ, അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ്+ എസ് എന്നിങ്ങനെ ആറ് വേരിയന്റുകളും എസ്.യു.വിക്ക് ലഭിക്കുന്നുണ്ട്.
പഴയ മോഡൽ എസ്.യു.വിയിൽ നിന്നും ഏറെ മാറ്റങ്ങളോടെയാണ് പുതിയ പഞ്ചിന്റെ ഇന്റീരിയർ ടാറ്റ സജ്ജീകരിച്ചിരിക്കുന്നത്. കൂടുതൽ ഷാർപ്പായിട്ടുള്ള 17.8 സെന്റിമീറ്റർ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 26.03 സെന്റിമീറ്റർ വലുപ്പമുള്ള ടച്ച്സ്ക്രീൻ ഇൻഫോടൈന്മെന്റ് യൂനിറ്റ് എന്നിവയോടൊപ്പം റീ ഡിസൈൻ ചെയ്ത ഡ്യൂവൽ ടോൺ ഇന്റീരിയറാണ് പഞ്ചിന് നൽകിയിരിക്കുന്നത്. കൂടാതെ സെൻട്രലക്സ് കൺട്രോളുകളോട് കൂടിയ ആംറെസ്റ്റ്, 360 ഡിഗ്രി കാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, ഓട്ടോ ദിമ്മിങ് ഐ.ആർ.വി.എം എന്നിവയും പരിഷ്‌ക്കരിച്ച പഞ്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാത്ത ടാറ്റ, പഞ്ചിനും അഞ്ച് സ്റ്റാർ സുരക്ഷ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇതോടൊപ്പം സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഡീസന്റ് കണ്ട്രോൾ, ഐസോഫിക്സ് സീറ്റ്ബെൽറ്റ് തുടങ്ങിയ സുരക്ഷ ഫീച്ചറുകളും എസ്.യു.വിക്ക് ലഭിക്കുന്നു.
പരിഷ്‌ക്കരിച്ചെത്തിയ ടാറ്റ പഞ്ചിൽ പുതിയ 1.2-ലിറ്റർ ഐടർബോ പെട്രോൾ എൻജിൻ ലഭിക്കുന്നു. ഈ എൻജിൻ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയിണക്കിയതാണ്. 5500 ആർ.പി.എമിൽ 120 പി.എസ് പവറും 1750-4000 ആർ.പി.എമിൽ 170 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിനാണിത്. അതിനാൽ തന്നെ 0-100 കിലോമീറ്റർ വരെ സഞ്ചരിക്കാൻ 11.1 സെക്കൻഡുകൾ മാത്രമാണ് എസ്.യു.വി എടുക്കുന്നത്.
ഇതോടൊപ്പം 1.2-ലിറ്റർ റെവോർടോൺ എൻജിൻ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ, ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ ഗിയർബോക്സിൽ ലഭ്യമാണ്. ഈ എൻജിൻ 6000 ആർ.പി.എമിൽ 87.8 പി.എസ് പവറും 3250 ആർ.പി.എമിൽ 115 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. കൂടാതെ ഫാക്ടറിയിൽ നിന്നും ഫിറ്റ് ചെയ്ത സി.എൻ.ജി പവർട്രെയിനും വാഹനത്തിന് ലഭിക്കുന്നു. ഇത് 6000 ആർ.പി.എമിൽ 73.4 പി.എസ് പവറും 3500 ആർ.പി.എമിൽ 103 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിച്ച് കൂടുതൽ വേഗതയും ഉയർന്ന ഇന്ധനക്ഷമതയും വാഗ്‌ദാനം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.