പ്രതീകാത്മക ചിത്രം

ഇന്ത്യക്കാർക്ക് എസ്.യു.വി മതി! വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തി എം.പി.വിയും സെഡാനും

രാജ്യത്തെ പാസഞ്ചർ വാഹന വിപണിയിൽ മികച്ച വിൽപ്പന രേഖപ്പെടുത്തി എസ്.യു.വി വിഭാഗം വാഹനങ്ങൾ. 2025 അവസാനിച്ചപ്പോൾ പാസഞ്ചർ മോഡലുകളിൽ മാത്രമായി 45.8 ലക്ഷം യൂനിറ്റ് വാഹനങ്ങൾ ഇന്ത്യൻ നിരത്തുകളിൽ എത്തിയിരുന്നു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 6% അധിക വളർച്ചയാണ്.

2025ൽ രാജ്യത്തെ നിരത്തുകളിൽ എത്തിയ മൊത്തം പാസഞ്ചർ വാഹനങ്ങളിൽ 55 ശതമാവും എസ്.യു.വി വാഹനങ്ങൾ ആണെന്നത് ഇന്ത്യൻ ഉപഭോക്താക്കളുടെ താത്പര്യത്തെ സൂചിപ്പിക്കുന്നു. തൊട്ടുപിന്നിൽ ഹാച്ച്ബാക്ക് മോഡലുകൾ എസ്.യു.വികൾക്ക് ചെറിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. 2025ൽ വിവിധ കമ്പനികൾ പുറത്തിറക്കിയ 25 വാഹനങ്ങളെടുത്താൽ അതിൽ ഒരെണ്ണം മാത്രമാണ് സെഡാൻ മോഡൽ. ഈ 25 വാഹനങ്ങളിൽ ഐ.സി.ഇ വകഭേദങ്ങളിൽ പകുതിയും ഇലക്ട്രിക് വകഭേദങ്ങളിൽ 40 ശതമാനവും എസ്.യു.വി മോഡലുകളാണ്.

എന്നിരുന്നാലും 2024നെ അപേക്ഷിച്ച് 2025ൽ ചെറിയ വളർച്ച കൈവരിക്കാൻ സെഡാൻ മോഡലുകൾക്ക് സാധിച്ചിട്ടുണ്ട്. മാരുതി സുസുകി ഡിസയർ, ഹ്യുണ്ടായ് ഒറ, ടാറ്റ ടൈഗർ, ഹോണ്ട അമേസ്, ഹ്യുണ്ടായ് വെർന, ഫോക്സ്‌വാഗൺ വിർട്ടസ്, സ്കോഡ സ്ലാവിയ, ഹോണ്ട സിറ്റി തുടങ്ങിയ വാഹങ്ങളാണ് ഈ വളർച്ചക്ക് പിന്നിൽ. യാത്ര സുഖം, വാഹനത്തിലെ സ്ഥല സൗകര്യം, പരമ്പരാഗത ത്രീ-ബോക്സ് ലേഔട്ട് മികച്ച ഗ്രൗണ്ട് ക്ലിയറൻസ് തുടങ്ങിയ പ്രത്യേകതകളാണ് വാഹനം സ്വന്തമാക്കാൻ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. കൂടാതെ ടർബോ-പെട്രോൾ എൻജിൻ വകഭേദത്തിൽ എത്തുന്ന വെർന, സ്ലാവിയ, വിർട്ടസ് തുടങ്ങിയ മോഡലുകൾ മികച്ച പ്രകടനവും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

എസ്‌.യു.വികളുടെ വിപണി വിഹിതം 54 ശതമാനത്തിൽ നിന്നും 55.4 ശതമാനത്തിലേക്ക് ഉയർന്നെങ്കിലും വളർച്ചയുടെ വേഗത കുറയുന്നതായി വിദഗ്ധർ വിലയിരുത്തുന്നുണ്ട്. ഉയരം കൂടിയ വാഹനങ്ങളോടുള്ള താത്പര്യവും മികച്ച റോഡ് പ്രസൻസുമാണ് എസ്‌.യു.വികളെ ഇപ്പോഴും പ്രിയപ്പെട്ടതാക്കുന്നത്. ഇത് ഹാച്ച്ബാക്കുകൾക്ക് കനത്ത തിരിച്ചടി നൽകുന്നുണ്ട്. ഒരുകാലത്ത് വിപണി ഭരിച്ചിരുന്നത് ഹാച്ച്ബാക്കുകളായിരുന്നു. വിപണിയിൽ ഹാച്ച്ബാക്ക് വിഭാഗത്തിൽ കാര്യമായ പുതിയ പരീക്ഷണങ്ങളൊന്നും നടക്കാത്തത് ഉപഭോക്താക്കളെ വാഹനം വാങ്ങുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. കൂടാതെ ടാറ്റ പഞ്ച്, ഹ്യുണ്ടായ് എക്‌സ്റ്റർ തുടങ്ങിയ മൈക്രോ/കോംപാക്ട് എസ്‌.യു.വികളുടെ വരവ് പ്രീമിയം ഹാച്ച്ബാക്കുകളുടെ ആകർഷണം കുറച്ചു.

Tags:    
News Summary - SUVs are enough for Indians! MPVs and sedans recorded a decline in sales

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.