മുംബൈ: വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ അപകടങ്ങളുണ്ടാകുമെന്ന ആശങ്ക ഇനി വേണ്ട. കാരണം, വളരെ ചുരുക്കം രാജ്യങ്ങളിൽ മാത്രം നടപ്പാക്കിയ പുതിയ സാങ്കേതിക വിദ്യ വാഹനങ്ങളിൽ ഘടിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. വെഹിക്കിൾ ടു വെഹിക്കിൾ കമ്യൂണിക്കേഷൻ സംവിധാനമാണ് ഈ വർഷം നടപ്പാക്കുക. കേന്ദ്ര ഗതാഗതാ ഹൈവേ മന്ത്രാലയമാണ് ഇതിനുള്ള അനുമതി നൽകിയത്.
പുതിയ സാങ്കേതിക വിദ്യ ഘടിപ്പിക്കുന്നതോടെ യാത്രക്കിടെ അപകട സാധ്യതയെ കുറിച്ച് ഡ്രൈവർമാർക്ക് വാഹനങ്ങൾ നേരത്തെ മുന്നറിയിപ്പ് നൽകും. മാത്രമല്ല, കൊടും വളവുകളിലും മഞ്ഞുമൂടിയ സാഹചര്യത്തിലും മറ്റു വാഹനങ്ങളെ കുറിച്ച് അറിയാനും കഴിയും.
ഇതിനാവശ്യമായ 30 മെഗാഹെറ്റ്സിന്റെ ഉയർന്ന ഫ്രീക്വൻസിയുള്ള സ്പെക്ട്രം സൗജന്യമായി ഉപയോഗിക്കാൻ ടെലികമ്യൂണിക്കേഷൻ വകുപ്പുമായി ധാരണയായതായി കേന്ദ്ര ഗതാഗതാ ഹൈവേ മന്ത്രാലയ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. സംസ്ഥാങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിയുമായി നടത്തിയ ചർച്ചയിലായിരുന്നു ഗഡ്കരിയുടെ പ്രഖ്യാപനം.
ഈ വർഷം പുറത്തിറക്കുന്ന കാറുകളിലായിരിക്കും ആദ്യ പദ്ധതി നടപ്പാക്കുക. പിന്നീട്, മറ്റുവാഹനങ്ങളിലും നിർബന്ധമാക്കും. ഒരു കാറിൽ ഈ സാങ്കേതിക വിദ്യ ഘടിപ്പിക്കാൻ ഏകദേശം 5000 രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഏതൊക്കെ ഉപകരണങ്ങൾ ഉപയോഗിക്കണമെന്നത് സംബന്ധിച്ച് വാഹന നിർമാതാക്കളുമായി അന്തിമ ചർച്ചയിലാണ്.
മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2023ൽ അഞ്ചു ലക്ഷം വാഹനാപകടങ്ങളാണ് രാജ്യത്തുണ്ടായത്. 1.80 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 2030 ഓടെ വാഹനാപകടങ്ങൾ പകുതിയായി കുറക്കാനാണ് ലക്ഷ്യമിടുന്നത്.
റേഡിയോ സിഗ്നലുകൾ ഉപയോഗിച്ച് വാഹനങ്ങൾ തമ്മിൽ പരസ്പരം ആശയ വിനിയം നടത്തുന്ന സാങ്കേതിക വിദ്യ വളരെ കുറച്ചു രാജ്യങ്ങളിൽ മാത്രമേ നടപ്പാക്കിയിട്ടുള്ളൂവെന്ന് കേന്ദ്ര ഗതാഗതാ ഹൈവേ സെക്രട്ടറി വി. ഉമശങ്കർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.