3300 ജീവനക്കാരെ പിരിച്ചുവിടാൻ ഊബർ; ഓട്ടോണോമസ് വാഹനങ്ങൾ, റോബോ ടാക്സി എന്നിവക്ക് പ്രധാന്യം നൽകും

ന്യൂഡൽഹി: കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി യു.എസ് ആസ്ഥാനമായ ബഹുരാഷ്ട്ര ഓൺലൈൻ ഗതാഗത നെറ്റ്‌വർക്ക് കമ്പനിയായ ഊബർ. കമ്പനിയിലെ 3300ഓളം ജീവനക്കാരെ പിരിച്ചുവിടുന്നുവെന്നാണ് വിവരം. കമ്പനിയുടെ ആഗോള ജീവനക്കാരുടെ എണ്ണത്തിന്റെ ഏകദേശം 10 ശതമാനത്തോളം വരും ഇത്.

കമ്പനി സി.ഇ.ഒ ദാര ഖോസ്രോഷാഹിയാണ് ജീവനക്കാർക്ക് അയച്ച ഇ മെയിലിലൂടെ പിരിച്ചുവിടൽ തീരുമാനം അറിയിച്ചത്. അതിവേഗം വളർന്നതോടെ കമ്പനിയിൽ മാനേജ്മെന്റ് തലങ്ങളും ഏകോപന സംവിധാനങ്ങളും വർധിച്ചെന്നും ഇത് തീരുമാനങ്ങളെടുക്കുന്നതിൽ സങ്കീർണത സൃഷ്ടിച്ചെന്നും അദ്ദേഹം ഇമെയിലിൽ പറയുന്നു.

സി.ഇ.ഒക്ക് താഴെ ഏഴോ അതിലധികമോ റിപ്പോർട്ടിങ് ലെയറുകളിലെ ജീവനക്കാരുടെ എണ്ണം 20 ശതമാനവും ഒന്നോ രണ്ടോ അംഗങ്ങൾ മാത്രമുള്ള മൈക്രോ ടീമുകളുടെ എണ്ണം പകുതിയായും കുറക്കും. ഊബറിന്റെ മൊത്തത്തിലുള്ള മാനേജർമാരുടെ എണ്ണം 20 ശതമാനം കുറക്കും. എന്നാൽ എത്ര മാനേജർമാരെ പിരിച്ചുവിടുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ചില മാനേജർമാർ വ്യക്തിഗത കോൺട്രിബ്യൂട്ടർ റോളുകളിലേക്ക് മാറും. മാനേജർമാരെ മാത്രമല്ല, കൂട്ടപ്പിരിച്ചുവിടൽ മറ്റു ജീവനക്കാരെയും ബാധിക്കും.

ഭാവി വളർച്ചയിൽ ഓട്ടോണോമസ് വാഹനങ്ങൾ, റോബോ ടാക്സി തുടങ്ങിയ മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയാണെന്നും ഊബർ വ്യക്തമാക്കി. അടുത്ത വർഷങ്ങളിൽ റോബോടാക്സികൾക്കായി 10 ബില്യൺ ഡോളറിലേറെ നിക്ഷേപിക്കാനാണ് ഊബർ പദ്ധതിയിടുന്നത്. വേമോ, ടെസ്‍ല തുടങ്ങിയ കമ്പനികൾ ഡ്രൈവറില്ലാ ടാക്സി രംഗത്ത് മുന്നേറുന്നതിനിടെയാണ് ഊബറിന്റെ നീക്കം. ഡ്രൈവറില്ലാ വാഹനങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ യാത്രക്കാരെയും വാഹനങ്ങളെയും ബന്ധിപ്പിക്കുന്ന പ്ലാറ്റ്ഫോം എന്ന നിലയിൽ തങ്ങളുടെ സ്ഥാനം നിലനിർത്തുകയാണ് ഊബറിന്റെ പ്രധാന ലക്ഷ്യം.

2025 അവസാനം ഊബറിൽ ഏകദേശം 34,000 ജീവനക്കാരാണ് ഉണ്ടായിരുന്നത്. പുതിയ പിരിച്ചുവിടലുകൾ പൂർത്തിയായാൽ ആഗോള ജീവനക്കാരുടെ എണ്ണം 30,000ൽ താഴെയാകും. 2021ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ജീവനക്കാരുടെ എണ്ണം എത്തുക. കോവിഡ് മഹാമാരിയെ തുടർന്ന് 2020 മേയിൽ ഏകദേശം 6700 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

Tags:    
News Summary - Uber laying off 3300 employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.