മിത്സുബിഷി പജീറോ

അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം 'മിത്സുബിഷി പജീറോ' ആഗോളവിപണിയിൽ അവതരിപ്പിച്ചു

ആഗോള വാഹന വിപണിയിൽ വൻ തരംഗം സൃഷ്ടിച്ചുകൊണ്ട് മിത്സുബിഷി തങ്ങളുടെ ഇതിഹാസ എസ്‌.യു.വിയായ 'പജീറോ'യുടെ (Pajero) അഞ്ചാം തലമുറ മോഡൽ ഔദ്യോഗികമായി പുറത്തിറക്കി. ആഡംബരവും കരുത്തും ഒരേപോലെ ഒത്തിണങ്ങിയ 7 സീറ്റർ ഫ്ലാഗ്ഷിപ്പ് ഓഫ്-റോഡർ എസ്‌.യു.വിയായാണ് പുതിയ പജീറോയുടെ തിരിച്ചുവരവ്.

മിത്സുബിഷിയുടെ ട്രൈറ്റൺ (Triton) പിക്ക്-അപ്പിന്റെ ലാഡർ-ഫ്രെയിം ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് പുതിയ പജീറോ നിർമിച്ചിരിക്കുന്നത്. പ്രാരംഘ ഘട്ടത്തിൽ തായ്‌ലൻഡിലെ വിപണിയിലെത്തുന്ന വാഹനം, 2027 മാർച്ച് അവസാനത്തോടുകൂടി ജപ്പാൻ, ആസ്‌ട്രേലിയ തുടങ്ങിയ പ്രധാന വിപണികളിലും വാഹനം ലഭ്യമാകും. എന്നാൽ ഇന്ത്യയിലെ ലോഞ്ച് സാധ്യതകൾ വളരെ കുറവാണ്. വാഹനം ഒരുപക്ഷേ ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ ടൊയോട്ടൊ ഫോർച്യൂണറിന് കടുത്ത മത്സരമാകുമായിരുന്നു.

ഡിസൈൻ വിശേഷങ്ങൾ

പഴയ തലമുറകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ആധുനിക ഡിസൈൻ ശൈലിയിലാണ് പുതിയ പജീറോ വിപണിയിൽ എത്തുന്നത്. മിത്സുബിഷിയുടെ എക്സ്ഫോഴ്സ് (Xforce), ഡെസ്റ്റിനേറ്റർ (Destinator) എന്നീ പുതിയ എസ്‌.യു.വികളോട് സാമ്യമുള്ളതാണ് ഇതിന്റെ മുൻഭാഗം. മുൻവശത്തെ വിപുലമായ ഗ്രില്ല്, വീൽ ആർച്ചുകൾ, താഴെഭാഗത്തുള്ള സംരക്ഷണ പാളികൾ എന്നിവ വാഹനത്തിന് കരുത്തുറ്റ ഭാവം നൽകുന്നു. 4,920 മി.മി നീളവും, 1,925 മി.മി വീതിയും, 1,910 മി.മി ഉയരവുമുള്ള വാഹനത്തിന് 2,870 മി.മി വീൽബേസുമുണ്ട്. വേരിയന്റുകൾ അനുസരിച്ച് 20 ഇഞ്ച് വീലുകളാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. കൂടാതെ, പഴയ പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി പരമ്പരാഗത ടൈൽഗേറ്റാണ് പുതിയ പജീറോയിലുള്ളത്. അതേസമയം, പഴയ മോഡലിനെ അപേക്ഷിച്ച് സ്പെയർ വീൽ വാഹനത്തിന്റെ അടിഭാഗത്തായാണ് ക്രമീകരിച്ചിരിക്കുന്നത്. 


മൂന്ന് നിരകളിലായി 7 പേർക്ക് സഞ്ചരിക്കാവുന്ന രീതിയിലാണ് വാഹനത്തിന്റെ ഉൾവശം സജ്ജീകരിച്ചിരിക്കുന്നത്. രണ്ടാമത്തെ നിര സീറ്റുകൾ 150 മി.മി വരെ മുന്നോട്ട് നീക്കാനും മടക്കാനും സാധിക്കും. ഇത് മൂന്നാം നിരയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നു. ഉയർന്ന വേരിയന്റുകളിൽ ലെതർ അപ്ഹോൾസ്റ്ററിയും സോഫ്റ്റ്-ടച്ച് ഡാഷ്‌ബോർഡ് മെറ്റീരിയലുകളും നൽകിയിരിക്കുന്നത് വാഹനത്തിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നുണ്ട്. കൂടാതെ, ഡബിൾ ഗ്ലേസ്ഡ് സൈഡ് ഗ്ലാസുകൾ, അക്കോസ്റ്റിക് വിൻഡ്‌ഷീൽഡ്, ട്രൈ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹീറ്റഡ് സെക്കൻഡ്-റോ സീറ്റുകൾ, ആം റെസ്റ്റിന് താഴെയായി കൂൾഡ് സ്റ്റോറേജ് കമ്പാർട്ട്മെന്റ് എന്നിവയും പ്രധാന ഫീച്ചറുകളാണ്.


ഉയർന്ന ട്രിമ്മുകളിൽ രണ്ട് 14.3 ഇഞ്ച് ഡിസ്പ്ലേകളും, ചെറിയ പതിപ്പുകളിൽ 12.3 ഇഞ്ച് സ്ക്രീനുകളുമാണ് ഡാഷ്‌ബോർഡിലുള്ളത്. എയർകണ്ടീഷൻ നിയന്ത്രിക്കാൻ ഫിസിക്കൽ ബട്ടണുകളും ഫോർ-വീൽ ഡ്രൈവ് നിയന്ത്രിക്കാൻ റൊട്ടറി കൺട്രോളറും നൽകിയിട്ടുണ്ട്. 12 സ്പീക്കറുകളുള്ള യമഹ (Yamaha) ഓഡിയോ സിസ്റ്റമാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

എൻജിനും കരുത്തും

ട്രൈറ്റണിന് സമാനമായ 2.4 ലിറ്റർ നാല് സിലിണ്ടർ ടർബോ-ഡീസൽ എൻജിനാണ് വാഹനത്തിന്റെ കറുത്ത. ഈ എൻജിൻ 204 എച്ച്.പി കരുത്തും 480 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയിണക്കിയാണ് എൻജിൻ നൽകിയിരിക്കുന്നത്. ഉയർന്ന ടൈൽ സ്റ്റീൽ ഉപയോഗിച്ച് നിർമ്മിച്ച ലാഡർ-ഫ്രെയിം പ്ലാറ്റ്‌ഫോം വാഹനത്തിന്റെ ദൃഢതയും റോഡ് നിയന്ത്രണവും വർധിപ്പിക്കുമെന്നതിൽ സംശയമില്ല.

മുൻവശത്ത് ഡബിൾ വിഷബോൺ സസ്പെൻഷനും പിൻവശത്ത് ഫൈവ്-ലിങ്ക് റിജിഡ് ആക്സിലുമാണ് നൽകിയിരിക്കുന്നത്. 230 മി.മി ഗ്രൗണ്ട് ക്ലിയറൻസും മികച്ച അപ്രോച്ച്, ഡിപ്പാർട്ട്മെന്റ് ആംഗിളുകളും വാഹനത്തിന്റെ ഓഫ്-റോഡ് മികവ് വ്യക്തമാക്കുന്നു. ഫോർ-വീൽ ഡ്രൈവ്, ആക്ടീവ് യാവ് കൺട്രോൾ, എ.ബി.എസ് എന്നിവ സമന്വയിപ്പിക്കുന്ന മിത്സുബിഷിയുടെ പ്രശസ്തമായ 'സൂപ്പർ-ഓൾ വീൽ കൺട്രോൾ' (S-AWC) സിസ്റ്റം വാഹനത്തിൽ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. 

Tags:    
News Summary - Mitsubishi Pajero has been launched in the global market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.