സിംപിൾ എനർജി 'വേവ്' ഇലക്ട്രിക് സ്കൂട്ടർ

സിംപിൾ എനർജിയുടെ പുതിയ 'വേവ്' ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ: പ്രാരംഭ വില 1.10 ലക്ഷം രൂപ മുതൽ...

രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയിൽ പുതിയൊരു ചുവടുവെപ്പുമായി സിംപിൾ എനർജി (Simple Energy) തങ്ങളുടെ ആദ്യ ഫാമിലി ഇലക്ട്രിക് സ്കൂട്ടറായ 'വേവ്' (Simple Wave) പുറത്തിറക്കി. 1.10 ലക്ഷം രൂപയാണ് സ്കൂട്ടറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. സ്കൂട്ടറിനായുള്ള ബുക്കിങ് ഡീലർഷിപ്പുകൾ വഴി ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ അവസാന വാരം മുതൽ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം.

വേരിയന്റുകളും റേഞ്ചും

സിംപിൾ വേവ് എസ് (Simple Wave S), സിംപിൾ വേവ് (Simple Wave), സിംപിൾ വേവ്+ (Simple Wave+) എന്നീ മൂന്ന് പ്രധാന പതിപ്പുകളിലായി ആറ് വ്യത്യസ്ത കോൺഫിഗറേഷനുകളിലാണ് സ്കൂട്ടർ വിപണിയിലെത്തുന്നത്.

ഉയർന്ന വകഭേദമായ സിംപിൾ വേവ്+ പതിപ്പിൽ 5kWh ബാറ്ററി പാക്കും 6.4kW പി.എം.എസ്.എം മോട്ടോറും 179 എൻ.എം വീൽ ടോർക്ക് ഉത്പാദിപ്പിക്കുന്നുണ്ട്. ഒറ്റച്ചാർജിൽ 243 കിലോമീറ്റർ റേഞ്ചും (ഐ.ഡി.സി) സ്കൂട്ടർ വാഗ്‌ദാനം ചെയ്യുന്നു. മണിക്കൂറിൽ 90 കിലോമീറ്ററാണ് ഇവി സ്കൂട്ടറിന്റെ ഉയർന്ന വേഗത.

മറ്റ് വേരിയന്റുകളിൽ 3.7kWh, 2.7kWh, 2.2kWh എന്നിങ്ങനെ വിവിധ ബാറ്ററി പാക്ക് ഓപ്ഷനുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇവ യഥാക്രമം 171 കിലോമീറ്റർ, 132 കിലോമീറ്റർ, 110 കിലോമീറ്റർ എന്നിങ്ങനെയാണ് ഐ.ഡി.സി റേഞ്ച് വാഗ്‌ദാനം ചെയ്യുന്നത്. കൂടാതെ, റൈഡ് (Ride), ഇക്കോ (Eco), ഇക്കോഎക്സ് (ECOX) റൈഡിങ് മോഡുകൾ എല്ലാ വേരിയന്റുകളിലും ലഭ്യമാണ്. ഉയർന്ന വേരിയന്റുകളിൽ സ്പോർട്സ് (Sport) മോഡും ഉൾപ്പെടുത്തിയിട്ടുണ്ട്.

ചാർജിങ്ങും സുരക്ഷയും

ചെയിൻ-ഡ്രൈവ് ട്രാൻസ്മിഷനിൽ എത്തുന്ന സ്കൂട്ടറിന്റെ ബാറ്ററിക്കും മോട്ടോറിനും മികച്ച സുരക്ഷ ഉറപ്പാക്കിക്കൊണ്ട് IP67 റേറ്റിങ് നൽകിയിട്ടുണ്ട്. പോർട്ടബിൾ ചാർജറുകൾക്ക് പുറമെ സിംപിൾ വേവ്+ വേരിയന്റിൽ ഫാസ്റ്റ് ചാർജിങ് സൗകര്യവുമുണ്ട്. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ വെറും 2 മണിക്കൂറും 15 മിനിറ്റും മാത്രം മതിയാകും.

ഡിസൈനും സംഭരണ ശേഷിയും

കുടുംബങ്ങളുടെ യാത്രാ ആവശ്യങ്ങൾ മുൻനിർത്തിയാണ് വേവ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 70 ലിറ്ററിന്റെ വലിയ സ്റ്റോറേജ് ശേഷിയാണ് സ്കൂട്ടറിന്റെ പ്രധാന ആകർഷണം. കൂടാതെ 63 ലിറ്റർ അണ്ടർ-സീറ്റ് സ്റ്റോറേജും, 3 ലിറ്റർ ഗ്ലോവ്ബോക്സും, 'പിൽ' (Pill) എന്ന് പേരിട്ടിരിക്കുന്ന 4 ലിറ്ററിന്റെ പ്രത്യേക ഓക്സിലറി കമ്പാർട്ട്മെന്റും ഉൾപ്പെടുന്നു. സുഗമമായ കർവുകളും എപ്രണിൽ ഘടിപ്പിച്ച ഹെഡ്‌ലൈറ്റും സ്കൂട്ടറിന് ലൂക്ക് വർധിപ്പിക്കുന്നുണ്ട്. പേൾ വൈറ്റ്, കോറൽ റെഡ്, ട്വൊയിലൈറ്റ് ബ്ലാക്ക്, പോളാർ ബ്ലൂ, ഡോളഫിൻ ഗ്രേ, ഫോറസ്റ്റ് ഗ്രീൻ എന്നീ ആകർഷകമായ നിറങ്ങളിൽ വേരിയന്റുകൾക്കനുസരിച്ച് വാഹനം ലഭ്യമാകും.

പ്രധാന ഫീച്ചറുകൾ

വേരിയന്റുകൾ അനുസരിച്ച് 7 ഇഞ്ച് ടി.എഫ്.ടി ഡിസ്‌പ്ലേ അല്ലെങ്കിൽ 5 ഇഞ്ച് ഇ.ബി.എൻ സ്ക്രീൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ജി.പി.എസ് ട്രാക്കിങ്, കോൾ-മ്യൂസിക് കൺട്രോളുകൾ, യു.എസ്.ബി ചാർജിങ്, ഒ.ടി.എ അപ്ഡേറ്റുകൾ, ട്രാക്ഷൻ കൺട്രോൾ, റീജനറേറ്റീവ് ബ്രേക്കിങ്, ഹിൽ-ഹോൾഡ് അസിസ്റ്റ്, റിവേഴ്സ് മോഡ്, ക്രാൾ മോഡ് എന്നിവക്ക് പുറമെ ഫുൾ എൽ.ഇ.ഡി ലൈറ്റിങ് സ്റ്റാൻഡേർഡായി കമ്പനി നൽകുന്നുണ്ട്.

ഡൈമെൻഷനും ഹാർഡ്‌വെയറും

1,347 എം.എം വീൽബേസും 775 എം.എം സീറ്റ് ഉയരവുമുള്ള സ്കൂട്ടറിന് 150 കിലോഗ്രാം ഭാര ശേഷിയുണ്ട്. 175 എം.എം ഗ്രൗണ്ട് ക്ലിയറൻസും 300 എം.എം വാട്ടർ-വേഡിങ് കപ്പബിലിറ്റിയും സ്കൂട്ടറിന്റെ പ്രത്യേകതയാണ്. ട്യൂബുലാർ സ്റ്റീൽ ഫ്രെയിം, ടെലിസ്‌കോപിക് ഫ്രണ്ട് സസ്പെൻഷൻ, 12 ഇഞ്ച് അലോയ് വീലുകൾ എന്നിവ വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതോടൊപ്പം മുൻവശത്ത് ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കും ഒപ്പം സി.ബി.എസും (CBS) നൽകിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ഏഥർ കൊനാർക്ക് (Ather Konarc), ടി.വി.എസ് ഐക്യൂബ് (TVS iQube), ബജാജ് ചേതക് (Bajaj Chetak) തുടങ്ങിയ ജനപ്രിയ ഇലക്ട്രിക് സ്കൂട്ടറുകളോടാണ് സിംപിൾ വേവ് മത്സരിക്കുന്നത്.

Tags:    
News Summary - Simple Energy's new Wave electric scooter in the market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.