മാരുതി സുസുക്കി ബ്രെസ്സ

ടർബോ കരുത്തിൽ 'ബ്രെസ്സ' എത്തുന്നു; ലോഞ്ചിന് മുന്നേ വിവരങ്ങൾ പുറത്ത്!

രാജ്യത്തെ ഏറ്റവും ജനപ്രിയ കോംപാക്റ്റ് എസ്‌.യു.വിയായ മാരുതി സുസുക്കി 'ബ്രെസ്സ'യുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ജൂലൈ 24ന് ഇന്ത്യൻ വിപണിയിലെത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. ഔദ്യോഗിക ലോഞ്ചിനും പ്രഖ്യാപനത്തിനും മുന്നേ തന്നെ പുതിയ എസ്‌.യു.വിയുടെ ചിത്രങ്ങളും വീഡിയോകളും ഡീലർഷിപ്പുകളിൽ എത്തിക്കഴിഞ്ഞു. 11,000 രൂപ ടോക്കൺ അഡ്വാൻസ് തുക ഈടാക്കി മാരുതിയുടെ അരീന ഡീലർഷിപ്പുകൾ വഴി നിലവിൽ വാഹനം ബുക്ക് ചെയ്യാൻ കമ്പനി സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കിയുടെ ഏറ്റവും വലിയ വിജയഗാഥകളിലൊന്നാണ് ബ്രെസ്സ. കോംപാക്റ്റ് എസ്‌.യു.വി വിപണിയിൽ തരംഗം സൃഷ്ട്ടിക്കാൻ മാരുതി സുസുക്കി ആദ്യമായി ഇറക്കിയ 'വിറ്റാര ബ്രെസ്സ' (Vitara Brezza) പുറത്തിറങ്ങിയത് 2016ൽ ആണ്. അന്ന് 1.3 ലിറ്റർ DDiS ഡീസൽ എൻജിനിൽ മാത്രമാണ് വാഹനം വിപണിയിൽ എത്തിയിരുന്നത്. എങ്കിലും ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌.യു.വിയായി ബ്രെസ്സ മാറി.

എക്സ്റ്റീരിയറിലെ പ്രധാന മാറ്റങ്ങൾ

ബ്രെസ്സയുടെ മൊത്തത്തിലുള്ള ബോക്സി ഡിസൈൻ നിലനിർത്തിക്കൊണ്ട് മുൻവശത്താണ് പ്രധാനമായ മാറ്റങ്ങൾ കമ്പനി വരുത്തിയിരിക്കുന്നത്. ഗോൾഡൻ ക്രോം ഫിനിഷോടുകൂടിയ പുതിയ ഫ്രണ്ട് ഗ്രിൽ വാഹനത്തിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു. കൂടാതെ, സിൽവർ സ്കിഡ് പ്ലേറ്റും നമ്പർ പ്ലേറ്റും ഉൾക്കൊള്ളുന്ന ബോൾഡ് സിൽവർ ഇൻസേർടട്ട് സഹിതം ഫ്രണ്ട് ബമ്പർ പരിഷ്കരിച്ചിരിക്കുന്നു. സ്ക്വാർ ഷേപ്പിലുള്ള എൽ.ഇ.ഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും പുതിയ രൂപത്തിലുള്ള ഡേ ടൈം റണ്ണിങ് ലൈറ്റുകളും (ഡി.ആർ.എൽ) പരിഷ്‌ക്കരിച്ചെത്തിയ ബ്രെസ്സയിൽ നൽകിയിട്ടുണ്ട്. ഇതോടൊപ്പം പുതിയ ഡിസൈനിലുള്ള അലോയ് വീലുകൾ വാഹനത്തിന്റെ സൈഡ് പ്രൊഫൈലിനെ കൂടുതൽ ആകർഷകമാക്കുന്നു. പിൻവശത്തായി പുതിയ ബമ്പറും കണക്ടഡ് എൽ.ഇ.ഡി ടെയിൽ ലാമ്പുകളും പ്രതീക്ഷിക്കാം.

പുത്തൻ ഫീച്ചറുകളോടെ ഇന്റീരിയർ ഡിസൈൻ

കോംപാക്റ്റ് എസ്‌.യു.വി സെഗ്‌മെന്റിൽ മറ്റ് എതിരാളികളോട് പിടിച്ചുനിൽക്കാനായി വൻ മാറ്റങ്ങളോടെയാണ് പുതിയ ബ്രെസ്സ എക്സ്പീരിയൻസ് സെന്ററുകളിൽ എത്തിയിട്ടുള്ളത്. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം (അലക്സ ഇന്റഗ്രേഷനും ബിൽറ്റ്-ഇൻ ആപ്പുകളും സഹിതം), സെഗ്‌മെന്റിൽ ആദ്യമായി ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, ഓട്ടോ-ഡിമ്മിങ് ഐ.ആർ.വി.എം (IRVM), സൺഗ്ലാസ് ഹോൾഡർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റോറേജോടുകൂടിയ പുനർരൂപകൽപ്പന ചെയ്ത സെൻസർ ആംറെസ്റ്റ്, റീച്ച് & റേക് അഡ്ജസ്റ്റബിൾ സ്റ്റീയറിങ് വീൽ, 360 ഡിഗ്രി കാമറ, വയർലെസ് ചാർജിങ് പാഡ്, ഫ്രണ്ട് പാർക്കിങ് സെൻസറുകൾ, ഓട്ടോ പ്യൂരിഫൈ സിസ്റ്റം തുടങ്ങിയ നിരവധി ഫീച്ചറുകൾ പുതിയ ബ്രെസ്സയിൽ ഇടംപിടിച്ചിരിക്കുന്നു.

ടർബോ എൻജിൻ കരുത്ത്

മൂന്ന് വ്യത്യസ്ത പവർട്രെയിൻ ഓപ്ഷനുകളിലാണ് പുതിയ ബ്രെസ്സ വിപണിയിൽ എത്തുന്നത്. ആദ്യത്തെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് K15C പെട്രോൾ എഞ്ചിൻ 103 എച്ച്.പി കരുത്തും 139 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ എൻജിൻ 6-സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ ലഭ്യമാകും. രണ്ടാമതായി എത്തുന്ന 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 110 എച്ച്.പി കരുത്തും 170 എൻ.എം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. പെട്രോൾ എൻജിനുകൾക്ക് പുറമെ എത്തുന്ന സി.എൻ.ജി വേരിയന്റ് ബൂട്ട് സ്പേസ് നഷ്ടപ്പെടാത്ത വിധം അണ്ടർബോഡി സി.എൻ.ജി ടാങ്ക് സംവിധാനത്തോടെയാണ് എത്തുന്നത്. മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാകും സി.എൻ.ജി പതിപ്പ് ലഭ്യമാവുക.

സർക്കാറിന്റെ ബി.എസ്-6 (BS6) മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ കർശനമായതോടെ മാരുതി തങ്ങളുടെ ഡീസൽ എഞ്ചിൻ ഉത്പാദനം അവസാനിപ്പിച്ചിരുന്നു. തുടർന്ന്, 2020ൽ വാഹനം ഫെയ്‌സ്‌ലിഫ്റ്റ് ചെയ്യുകയും, 1.5 ലിറ്റർ K-സീരീസ് പെട്രോൾ എൻജിൻ ബ്രെസ്സയിലേക്ക് കൊണ്ടുവരികയും ചെയ്തു. ഒപ്പം 'വിറ്റാര' എന്ന വാക്ക് ഒഴിവാക്കി ഔദ്യോഗികമായി 'ബ്രെസ്സ' എന്ന് പേര് ചുരുക്കുകയും ചെയ്തു. 2022 ജൂണിൽ ബ്രെസ്സ പൂർണ്ണമായും മാറ്റിയെഴുതിയ രണ്ടാം തലമുറ മോഡൽ വിപണിയിലെത്തി. സൺറൂഫ്, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ (HUD), 360-ഡിഗ്രി കാമറ തുടങ്ങിയ ആധുനിക ഫീച്ചറുകളോടെ എത്തിയ ഈ പതിപ്പും വൻ വിജയമായി മാറി.

2022ന് ശേഷമുള്ള ഏറ്റവും വലിയ ഡിസൈൻ മാറ്റങ്ങളോടും പുതിയ ടർബോ-പെട്രോൾ എഞ്ചിൻ സാങ്കേതികവിദ്യയോടും കൂടിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് 2026 ജൂലൈ 24ന് കമ്പനി ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. ടാറ്റ നെക്സോൺ, ഹ്യുണ്ടായ് വെന്യു, കിയ സോണറ്റ്, മഹീന്ദ്ര എക്സ്.യു.വി 3XO തുടങ്ങിയ ശക്തരായ എതിരാളികളോട് കനത്ത മത്സരത്തിനാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റിലൂടെ മാരുതി ലക്ഷ്യമിടുന്നത്.  

Tags:    
News Summary - Maruti Suzuki Brezza arrives with turbo power information and features out Ahead of launch!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.