ഇരുചക്രവാഹന വിപണിയിൽ കുതിപ്പ് തുടർന്ന് ഹോണ്ട മോട്ടോർസൈക്കിൾ; കയറ്റുമതിയിലും വളർച്ച

ഡൽഹി: ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ മികച്ച വിൽപനയുമായി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ. 2026 ആഗസ്റ്റിൽ 5,79,162 ഇരുചക്രവാഹനങ്ങളാണ് ഹോണ്ട വിറ്റഴിച്ചത്. 2025 ആഗസ്റ്റിൽ 5,34,861 യൂണിറ്റുകളായിരുന്നു വിൽപന. ഇതോടെ വാർഷിക വിൽപനയിൽ 8.28 ശതമാനം വളർച്ച രേഖപ്പെടുത്തിയത്. 2026 ജൂലൈയിലെ വിൽപനയുമായി താരതമ്യം ചെയ്യുമ്പോൾ ഹോണ്ടക്ക് മികച്ച നേട്ടമാണുള്ളത്. ജൂലൈയിൽ 5,43,000ത്തോളം യൂണിറ്റുകളായിരുന്നു വിൽപന. ആഗസ്റ്റിൽ പ്രതിമാസ വിൽപനയിലും 6.67 ശതമാനം വർധന രേഖപ്പെടുത്തി. ആഭ്യന്തര വിപണിയിലും കയറ്റുമതിയിലും ആഗസ്റ്റിൽ വാർഷിക വളർച്ച കൈവരിക്കാൻ കമ്പനിക്ക് സാധിച്ചു.

ആഭ്യന്തര വിൽപന

2026 ആഗസ്റ്റിൽ ഹോണ്ടയുടെ ആഭ്യന്തര വിൽപന 5,17,329 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 4,81,021 യൂണിറ്റുകളാണ് കമ്പനി വിറ്റത്. ഇതോടെ ആഭ്യന്തര വിപണിയിൽ 36,308 യൂണിറ്റുകളുടെ വർധന രേഖപ്പെടുത്തി. വാർഷിക വളർച്ച 7.55 ശതമാനമാണ്. 2026 ജൂലൈയിൽ ആഭ്യന്തര വിൽപന 4,76,436 യൂണിറ്റായിരുന്നു. പ്രതിമാസ വളർച്ച 8.58 ശതമാനമാണ്. ആഗസ്റ്റിലെ ഹോണ്ടയുടെ ആകെ ഇരുചക്രവാഹന വിൽപനയിൽ ആഭ്യന്തര വിപണിയുടെ വിഹിതം 89.32 ശതമാനമായിരുന്നു. ആക്ടിവ, ഷൈൻ, എസ്‌.പി 125, യൂണികോൺ, ഡിയോ തുടങ്ങിയ ജനപ്രിയ മോഡലുകളാണ് വിൽപനയിൽ പ്രധാന പങ്കുവഹിച്ചത്.

കയറ്റുമതിയിലും വളർച്ച

ഇന്ത്യയിൽ നിന്ന് 2026 ആഗസ്റ്റിൽ ഹോണ്ട 61,833 ഇരുചക്രവാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. 2025 ആഗസ്റ്റിൽ 53,840 യൂണിറ്റുകളായിരുന്നു കയറ്റുമതി. അതായത് 7,993 യൂണിറ്റുകളുടെ വർധന. വാർഷികാടിസ്ഥാനത്തിൽ കയറ്റുമതി 14.85 ശതമാനം വർധിച്ചു. എന്നാൽ, ജൂലൈയെ അപേക്ഷിച്ച് കയറ്റുമതിയിൽ ഇടിവുണ്ടായി. 2026 ജൂലൈയിൽ 66,498 യൂണിറ്റുകൾ കയറ്റുമതി ചെയ്ത സ്ഥാനത്ത് ആഗസ്റ്റിൽ ഇത് 61,833 യൂണിറ്റായി കുറഞ്ഞു. പ്രതിമാസ ഇടിവ് 7.02 ശതമാനമാണ്. ആഗസ്റ്റിലെ ആകെ വിൽപനയിൽ കയറ്റുമതിയുടെ വിഹിതം 10.68 ശതമാനം ആയിരുന്നു.

2026-27 സാമ്പത്തിക വർഷത്തിലും നേട്ടം

2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിലും ഹോണ്ട മികച്ച വിൽപന നിലനിർത്തി. 2026 ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ ആകെ 27,33,758 ഇരുചക്രവാഹനങ്ങളാണ് വിറ്റത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 24,25,391 യൂണിറ്റുകളായിരുന്നു വിൽപന. ഇത്തവണ 3,08,367 യൂണിറ്റുകളുടെ വർധനയുണ്ടായി. വാർഷിക വളർച്ച 12.71 ശതമാനമാണ്.

കയറ്റുമതി വളർച്ച

2026 ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ ഹോണ്ടയുടെ ആഭ്യന്തര വിൽപന 24,07,304 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 10.61 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം, കയറ്റുമതിയിൽ വേഗത്തിലുള്ള വളർച്ചയാണ് കമ്പനി കൈവരിച്ചത്. ഈ കാലയളവിൽ 3,26,454 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2,49,046 യൂണിറ്റുകളായിരുന്നു കയറ്റുമതി. ഇതോടെ കയറ്റുമതിയിൽ 31.08 ശതമാനം വളർച്ച രേഖപ്പെടുത്തി. 2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസത്തെ ആകെ വിൽപനയിൽ കയറ്റുമതിയുടെ വിഹിതം 11.94 ശതമാനമായി ഉയർന്നു. ആഭ്യന്തര വിപണിയുടെ വിഹിതം 88.06 ശതമാനമാണ്.

Tags:    
News Summary - Honda Motorcycle Boosts Two-Wheeler Market, Exports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.