കുട്ടികളിലെ എല്ലാ മാറ്റങ്ങളും നിസ്സാരമല്ല: വളർച്ച, സ്വഭാവം, പഠന നിലവാരം, മുഖത്തിന്റെ ഘടന തുടങ്ങിയ കാര്യങ്ങളെ ബാധിക്കുന്ന അഡിനോയിഡ് എന്താണ്?

മൂക്കിന്റെ പിൻഭാഗത്തും തൊണ്ടക്ക് മുകളിലുമായി സ്ഥിതി ചെയ്യുന്ന ഒരു കൂട്ടം കോശങ്ങളെയാണ് അഡിനോയിഡ് (Adenoids) എന്ന് വിളിക്കുന്നത്. കുട്ടികളിൽ അണുബാധ തടയുന്നതിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള ഒരു ഗ്രന്ഥിയാണിത്. വായുവിലൂടെയുള്ള ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കുന്നതാണ് ഇവയുടെ പ്രവർത്തനം.

സാധാരണയായി ജനിക്കുമ്പോൾ തന്നെ എല്ലാ കുട്ടികളിലും ഇവ ഉണ്ടാകും. ഏകദേശം ആറ് വയസ്സാകുമ്പോൾ പൂർണ്ണ വളർച്ചയിലെത്തുകയും 15 വയസ്സാകുമ്പോഴേക്ക് തനിയെ അപ്രത്യക്ഷമാവുകയും ചെയ്യും. എന്നാൽ ചില കുട്ടികളിൽ അണുബാധ, അലർജി തുടങ്ങിയ കാരണങ്ങളാൽ അഡിനോയിഡുകൾ വീർക്കുകയും വലുതാവുകയും ചെയ്യും. ഈ അവസ്ഥയെയാണ് അഡിനോയിഡ് ഹൈപ്പർട്രോഫി എന്ന് പറയുന്നത്.

സ്വാഭാവിക വളർച്ചയുടെ ഭാഗമാണെങ്കിലും ഇത് കുട്ടിയുടെ വളർച്ച, സ്വഭാവം, പഠന നിലവാരം, മുഖത്തിന്റെ ഘടനയെ തുടങ്ങിയ കാര്യങ്ങളെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. കുട്ടികളുടെ ശ്വസനത്തിൽ ബുദ്ധിമുട്ടോ ഉറങ്ങുമ്പോൾ ശബ്ദമോ തടസ്സമോ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.


ലക്ഷണങ്ങൾ

ഉറക്കമില്ലായ്മയും കൂർക്കംവലിയും: വലുതായ അഡിനോയിഡുകൾ കാരണമാണ് കുട്ടികൾ വായിലൂടെ ശ്വാസമെടുക്കാൻ നിർബന്ധിതരാകുന്നത്. രാത്രിയിൽ കൂർക്കംവലി കൂടുന്നതും, ചിലപ്പോൾ ശ്വാസം താൽക്കാലികമായി നിലച്ചുപോകുന്നതും ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ കാരണമാണ്.

പഠന നിലവാരം: കുട്ടികളിൽ ശ്രദ്ധക്കുറവ്, ക്ഷീണം, അസ്വസ്ഥത എന്നിവ അനുഭവപ്പെടാം.

സ്വഭാവ മാറ്റങ്ങൾ: കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങൾ, ശ്രദ്ധയില്ലായ്മ, ദേഷ്യം

മുഖത്തി​ന്റെ ആകൃതിയിലുണ്ടാകുന്ന മാറ്റം: മുഖം സാധാരണയേക്കാൾ മെലിഞ്ഞതും നീളമേറിയതുമായി കാണപ്പെടുകയും പല്ലുകളുടെ ക്രമങ്ങൾക്ക് വ്യത്യാസം ഉണ്ടാവുകയും ചെയ്യും. മുകളിലെ ചുണ്ട് ചെറുതാകാനും സാധ്യതയുണ്ട്.

ചെവിയിലെ അണുബാധ: കേൾവിക്കുറവ്, ഇടക്കിടെയുള്ള ചെവിവേ​ദന, ചെവിയിൽ നിന്ന് സ്രവങ്ങൾ ഉണ്ടാകുന്നത്.


കുട്ടികളെ ബാധിക്കുന്നത് എങ്ങനെ?

വായയിലൂടെയുള്ള ശ്വസനം: മൂക്കിലൂടെയുള്ള വായുസഞ്ചാരം തടസ്സപ്പെടുന്നതിനാൽ കുട്ടികൾ എപ്പോഴും വായിലൂടെ ശ്വസിക്കാൻ നിർബന്ധിതരാകുന്നു. ഇത് വായ ഉണങ്ങുന്നതിനും ചുണ്ടുകൾ വിണ്ടുകീറുന്നതിനും കാരണമാകും.

ഉറക്കത്തിലെ തടസ്സങ്ങൾ: ഉറക്കത്തിൽ കഠിനമായ കൂർക്കംവലിയും ശ്വാസം കിട്ടാതെ പെട്ടെന്ന് ഞെട്ടി ഉണരുന്ന അവസ്ഥയും സ്ലീപ് അപ്നീയ (Sleep Apnea) ഉണ്ടാകാൻ കാരണമാവും. ഇത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും.

വളർച്ചാ മുരടിപ്പ്: ശരിയായ ഉറക്കം ലഭിക്കാത്തതും ഓക്സിജന്റെ അളവിൽ വരുന്ന നേരിയ കുറവും കുട്ടികളുടെ ശാരീരിക വളർച്ചയെ മന്ദഗതിയിലാക്കാം.

അഡിനോയിഡ് ഫേസസ് (Adenoid Facies): ദീർഘകാലം വായ തുറന്ന് ശ്വസിക്കുന്നത് കുട്ടിയുടെ മുഖത്തിന്റെ ഘടനയിൽ മാറ്റം വരുത്തിയേക്കാം. മുഖം നീളമുള്ളതാവുക, മുകളിലത്തെ പല്ലുകൾ പൊന്തിവരിക, താടി താഴ്ന്നിരിക്കുക എന്നിവ ഇതിന്റെ ​പ്രത്യാഘാതങ്ങളാണ്.

കേൾവിക്കുറവ്: അഡിനോയിഡ് വീക്കം മൂലം ചെവിയെയും മൂക്കിനെയും ബന്ധിപ്പിക്കുന്ന കുഴലുകളിൽ തടസ്സമുണ്ടാകുകയും ദ്രാവകം കെട്ടിക്കിടക്കുകയും ചെയ്യും. ഇത് കേൾവിക്കുറവിനും പഴുപ്പിനും കാരണമാകും.

ക്ഷീണവും ശ്രദ്ധക്കുറവും: രാത്രി ശരിയായി ഉറങ്ങാൻ കഴിയാത്തതിനാൽ പകൽ സമയത്ത് കുട്ടികൾക്ക് അമിതമായ ക്ഷീണവും തളർച്ചയും അനുഭവപ്പെടാം.

പഠന വൈകല്യങ്ങൾ: ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തത് കുട്ടികളുടെ പഠനത്തെയും സ്കൂളിലെ പ്രകടനത്തെയും ബാധിക്കുന്നു. ചിലപ്പോൾ ഇത് ദേഷ്യത്തിനും വാശിക്കും കാരണമായേക്കാം.

ചികിത്സകൾ

​അഡിനോയിഡുകളുടെ വീക്കം ​ഗുരുതരമല്ലെങ്കിൽ മരുന്നുകൾ മാത്രം ഉപയോ​ഗിച്ച് ചികിത്സിക്കാൻ സാധിക്കും. നേസൽ സ്റ്റിറോയിഡുകൾ പോലുള്ളവയാണ് പ്രധാന ചികിത്സാ രീതി. എന്നാൽ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയിൽ രോഗം കുറയാതെ വരുകയും കുട്ടിയുടെ ഉറക്കത്തെയും ശ്വാസമെടുപ്പിനെയും സാരമായി ബാധിക്കുമ്പോഴും ഡോക്ടർമാർ ‘എൻഡോസ്കോപ്പിക് അഡിനോയിഡെക്ടമി’ എന്ന ശസ്ത്രക്രിയ ശുപാർശ ചെയ്യും.

അഡിനോയിഡ് ഹൈപ്പർട്രോഫി നീക്കം ചെയ്യുന്നതിനുള്ള ഒരു ശസ്ത്രകിയാ രീതിയാണിത്. എൻഡോസ്കോപ്പ് (ചെറിയ ക്യാമറ) ഉപയോ​ഗിക്കുന്നതിനാൽ ഡോക്ടർക്ക് അഡിനോയിഡ് വ്യക്തമായി കാണാനും കൃത്യമായി നീക്കം ചെയ്യാനും സാധിക്കും. ഇത് കൂടുതൽ സുരക്ഷിതവും വേദന കുറഞ്ഞതുമായ ശസ്ത്രക്രിയാ രീതിയാണ്.



ശസ്ത്രക്രിയ വായയിലൂടെയും മൂക്കിലൂടെയുമാണ് നടത്തുന്നത്. അതുകൊണ്ട് തൊലിപ്പുറത്ത് മുറിവുകളോ തുന്നലുകളോ ഉണ്ടാകില്ല. സുരക്ഷിതവും വേദനയില്ലാത്തതുമായ ജനറൽ അനസ്തേഷ്യ നൽകുന്നതിനാൽ കുട്ടികൾക്ക് ശസ്ത്രക്രിയക്കിടെ വേ​​​ദന അനുഭവപ്പെടില്ല. വേ​ഗത്തിൽ സുഖംപ്രാപിക്കാനും സഹായിക്കും.

അഡിനോയിഡ് വീങ്ങുന്നത് മൂലം മൂക്കിലെ സ്രവങ്ങൾ പുറത്തേക്ക് പോകാതെ അവിടെത്തന്നെ കെട്ടിനിൽക്കും. ഇത് ബാക്ടീരിയകൾ വളരാൻ കാരണമാകുകയും വിട്ടുമാറാത്ത ജലദോഷം, സൈനസൈറ്റിസ് എന്നിവക്ക് വഴിവെക്കുകയും ചെയ്യും. അതുകൊണ്ട് കുട്ടികളിൽ ഇത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ എത്രയും പെട്ടന്ന് ഒരു ഇ.എൻ.ടി വിദഗ്ധനെ കാണിക്കുന്നത് ഉചിതമാണ്.

Tags:    
News Summary - what affects things like growth, temperament, learning level, and facial structure in kids?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.