ലോകത്ത് ആർത്തവാവധി നൽകുന്ന രാജ്യങ്ങൾ ഇവയാണ്...

ന്യൂഡൽഹി: ഇന്ത്യയിൽ ആർത്തവാവധി സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ത്രീകൾക്ക് ആനുകൂല്യത്തോട് കൂടിയ ആർത്തവാവധി നിർബന്ധമാക്കണമെന്ന ഹരജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതോടെയാണ് ഈ വിഷയം വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. ഇത്തരം നിയമങ്ങൾ നിർബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലവസരങ്ങളെ ബാധിച്ചേക്കാമെന്നും, തൊഴിലുടമകൾ സ്ത്രീകളെ ജോലിക്കെടുക്കാൻ മടിച്ചേക്കാമെന്നും നിരീക്ഷിച്ചാണ് കോടതി ഹരജി തള്ളിയത്.

എന്നാൽ, ഇന്ത്യയിൽ ഈ വിഷയത്തിൽ ചർച്ചകൾ പുരോഗമിക്കുമ്പോൾ തന്നെ ലോകത്തെ പല രാജ്യങ്ങളും വർഷങ്ങൾക്ക് മുമ്പ് തന്നെ ആർത്തവാവധി നിയമപരമായി നടപ്പിലാക്കിയിട്ടുണ്ട്. അവയിൽ ആനുകൂല്യങ്ങളോട് കൂടിയുള്ള അവധിയും ശമ്പളരഹിത അവധിയുമുണ്ട്.

ജപ്പാൻ: ലോകത്ത് ആർത്തവാവധി നടപ്പിലാക്കിയ ആദ്യ രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ. 1947-ലെ തൊഴിൽ നിയമപ്രകാരം, ആർത്തവസമയത്ത് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സ്ത്രീകൾക്ക് അവധിക്ക് അപേക്ഷിക്കാം. എന്നാൽ, ഈ അവധിക്ക് ശമ്പളം നൽകണമെന്ന് നിയമം നിർബന്ധിക്കുന്നില്ല. പലപ്പോഴും തൊഴിലിടങ്ങളിലെ സാമൂഹിക സമ്മർദം കാരണം പല സ്ത്രീകളും ഈ അവധി ഉപയോഗപ്പെടുത്താറില്ല എന്നതാണ് വസ്തുത.

ദക്ഷിണ കൊറിയ: ദക്ഷിണ കൊറിയയിലെ തൊഴിൽ നിയമമനുസരിച്ച് സ്ത്രീകൾക്ക് മാസത്തിൽ ഒരു ദിവസം ആർത്തവാവധിക്ക് അർഹതയുണ്ട്. അതോടൊപ്പം അവധി നൽകാത്ത കമ്പനികൾക്കെതിരെ പിഴയടക്കമുള്ള കർശന നടപടികൾ സ്വീകരിക്കും. ഇവിടെയും അവധി ശമ്പളരഹിതമാണെങ്കിലും അവധി എടുക്കാത്ത ജീവനക്കാർക്ക് ചില കമ്പനികൾ അധിക വേതനം നൽകാറുണ്ട്.

ഇന്തോനേഷ്യ: 1948 മുതൽ ഇന്തോനേഷ്യയിൽ ആർത്തവാവധി നിലവിലുണ്ട്. ആർത്തവ ചക്രത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അവധി എടുക്കാനാണ് നിയമം അനുവദിക്കുന്നത്. എങ്കിലും മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന പല സ്ഥാപനങ്ങളും മുന്നോട്ടുവെക്കാറുണ്ട്.

തായ്‌വാൻ: തായ്‌വാനിൽ 'ലിംഗസമത്വ നിയമ'ത്തിന് കീഴിലാണ് ആർത്തവാവധി ഉൾപ്പെടുത്തിയിരിക്കുന്നത്. വർഷത്തിൽ മൂന്ന് ദിവസം വരെ സ്ത്രീകൾക്ക് ഇത്തരത്തിൽ അവധി എടുക്കാം. ഈ ദിവസങ്ങളിൽ പകുതി ശമ്പളം നൽകണമെന്നാണ് നിയമം അനുശാസിക്കുന്നത്. സാധാരണയുള്ള സിക്ക് അവധി ഉൾപ്പെടുത്താതെയാണ് ഇത് നൽകുന്നത്.

സ്പെയിൻ: 2023-ൽ ആർത്തവാവധി നിയമം പാസാക്കിയ യൂറോപ്പിലെ ആദ്യത്തെ രാജ്യമാണ് സ്പെയിൻ. കഠിനമായ വേദന അനുഭവിക്കുന്ന സ്ത്രീകൾക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റോടെ അവധി എടുക്കാം. ഈ കാലയളവിലെ ശമ്പളം സർക്കാർ ഇൻഷുറൻസ് സംവിധാനത്തിലൂടെ നൽകും.

ആർത്തവാവധി നൽകുന്ന ഭൂരിഭാഗം രാജ്യങ്ങളിലും അത് ശമ്പളരഹിതമാണ്. എന്നാൽ, സ്ത്രീകളുടെ ആരോഗ്യത്തിനും അവകാശങ്ങൾക്കും മുൻഗണന നൽകുന്ന നീക്കമായാണ് ആഗോളതലത്തിൽ ഇതിനെ വിലയിരുത്തുന്നത്. 

Tags:    
News Summary - Menstrual leave;these countries have already implemented it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.