ഉറങ്ങാനെന്താ ഒരു വഴി?

ദിവസം മുഴുവൻ ഊർജസ്വലമായിരിക്കാൻ കൃത്യമായ ഉറക്കം നിർബന്ധമാണ്. അതില്ലെങ്കിൽ നമ്മുടെ ദിവസംതന്നെ താളംതെറ്റും. രാത്രി വൈകുംവരെ സ്ക്രീനിൽ ചെലവഴിച്ച് ഉറങ്ങാനാവാതെ കണ്ണുതുറന്ന് കിടക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി പറയുന്നത് ഉറക്കം കിട്ടാനുള്ള ചില വഴികളാണ്. ഉറക്ക പ്രശ്നങ്ങൾ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണിപ്പോൾ. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നത് അൽപം ബുദ്ധിമുട്ടാണെന്ന് തോന്നുമെങ്കിലും കുറച്ച് ലളിതമായ ജീവിതശൈലി മാറ്റങ്ങളിലൂടെ ഇത് സാധിച്ചെടുക്കാമെന്ന് അനസ്തറ്റിസ്റ്റും ഇന്റർവെൻഷനൽ പെയിൻ മെഡിസിൻ ഫിസിഷ്യനുമായ ഡോ. കുനാൽ സൂദ് പറയുന്നു.

1 ഉറങ്ങുന്നതിനു മുമ്പ് ചൂടുള്ള കുളി

ഉറങ്ങുന്നതിനുമുമ്പ് ചെറുചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ശരീര താപനില നിയന്ത്രിക്കാൻ സഹായിക്കുമെന്നും അതുവഴി ഉറക്കം എളുപ്പമാകുമെന്നും ഡോക്ടർ പറയുന്നു. വിശ്രമിക്കാനുള്ള സമയമായി എന്ന സൂചന ശരീരത്തിന് ഈ കുളി നൽകും. അങ്ങനെ മികച്ച ഉറക്കം കിട്ടാൻ അത് സഹായിക്കും.

2 സോക്സ് ധരിച്ച് ഉറങ്ങുക

സോക്സ് ധരിച്ച് കിടക്കുന്നത് ചിലർക്കെങ്കിലും വേഗത്തിൽ ഉറങ്ങാൻ സഹായിച്ചേക്കുമെന്ന് ഡോക്ടർ പറയുന്നു. ഇത് എല്ലാവർക്കും ഫലപ്രദമാകണമെന്നില്ലെങ്കിലും, പാദങ്ങൾ ചൂടാക്കി സൂക്ഷിക്കുന്നത് രക്തക്കുഴലുകൾ വികസിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും തലച്ചോറിന് വിശ്രമം അനുവദിച്ച് ഉറക്കത്തിനായി തയാറെടുക്കേണ്ട സമയമായി എന്ന സൂചന നൽകാനും സഹായിക്കുമെന്നാണ് പറയുന്നത്.

3 രാവിലെയുള്ള സൂര്യപ്രകാശം

രാവിലെ സൂര്യപ്രകാശം ഏൽക്കുന്നത് ശരീരത്തിന്റെ സിർക്കാഡിയൻ റിഥം പുനഃക്രമീകരിക്കാൻ സഹായിക്കുമെന്ന് ഡോ. സൂദ് ചൂണ്ടിക്കാട്ടുന്നു. ഇത് ശരീരത്തിന്റെ സ്വാഭാവികത ശക്തിപ്പെടുത്തുകയും രാത്രി ഉറക്കം എളുപ്പമാക്കുകയും ചെയ്യും.

4 കനമുള്ള, മൃദുലമായ പുതപ്പ്

ഉത്കണ്ഠയും സമ്മർദവും നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നെങ്കിൽ, ഒരു കനമുള്ള, അതേസമയം മൃദുലമായ പുതപ്പ് ഉപയോഗിക്കുന്നത് ഉറക്കത്തിന് സഹായിക്കുമെന്ന് ഡോക്ടർ അഭിപ്രായപ്പെടുന്നു. ഇത് സെറോടോണിൻ, മെലറ്റോണിൻ അളവ് വർധിപ്പിക്കുകയും ശരീരത്തിന്റെ സമ്മർദ ഹോർമോണായ കോർട്ടിസോൾ കുറക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.


Tags:    
News Summary - What's a way to sleep?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.