ഗർഭകാലത്തും കുഞ്ഞിന്റെ ജനനസമയത്തും അമ്മയുടെ ആരോഗ്യത്തിന് മാത്രം മുൻഗണന നൽകുന്ന പരമ്പരാഗത രീതികൾ മാറേണ്ട സമയമായെന്ന് പുതിയ പഠനങ്ങൾ. ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ആരോഗ്യത്തിൽ അമ്മയെപ്പോലെ തന്നെ അച്ഛന്റെ ശാരീരിക-മാനസിക അവസ്ഥകൾക്കും തുല്യ പങ്കുണ്ടെന്ന് ലാൻസെറ്റ് മാസികയിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. സതാംപ്ടൺ സർവകലാശാലയിലെ ഗവേഷകരാണ് ഈ നിർണായക കണ്ടെത്തലിന് പിന്നിൽ.
അച്ഛന്റെ ശരീരഭാരം, പുകവലി, മദ്യപാനം, മാനസികാരോഗ്യം, പ്രായം എന്നിവ കുഞ്ഞിന്റെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുമെന്നാണ് പഠനം പറയുന്നത്. പുരുഷന്മാരുടെ ജീവിതശൈലിയിലെ പിഴവുകൾ ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും ഇത് ഗർഭസ്ഥ ശിശുവിൽ ജന്മനായുള്ള വൈകല്യങ്ങൾക്കും ഭാവിയിൽ അർബുദം പോലുള്ള രോഗങ്ങൾക്കും കാരണമായേക്കാമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ലോകമെമ്പാടുമുള്ള പുരുഷന്മാരുടെ ബീജത്തിന്റെ അളവിൽ 1973 മുതൽ 2018 വരെയുള്ള കാലയളവിൽ 50 ശതമാനത്തിലധികം കുറവുണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അച്ഛന് പ്രമേഹം, അമിത രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുണ്ടെങ്കിൽ ഗർഭിണിയായ പങ്കാളിക്ക് 'പ്രീ-എക്ലാംപ്സിയ' (ഗർഭകാലത്തെ ഉയർന്ന രക്തസമ്മർദം) വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു. ഗർഭധാരണത്തിന് മുമ്പ് അച്ഛൻ കൃത്യമായി വ്യായാമം ചെയ്യുന്നത് കുഞ്ഞിന് ജന്മനായുള്ള വൈകല്യങ്ങൾ കുറക്കാൻ സഹായിക്കും. എന്നാൽ, പുകവലി ശീലമാക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
വംശീയമായ വിവേചനങ്ങളും സാമൂഹികമായ പിന്നാക്കാവസ്ഥയും പുരുഷന്മാരുടെ ആരോഗ്യപരിരക്ഷക്ക് തടസ്സമാകുന്നുണ്ടെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ജോനാഥൻ ഹുവാങ് നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ ഭാവി തലമുറയുടെ ആരോഗ്യം ഉറപ്പാക്കാൻ പെൺകുട്ടികൾക്കൊപ്പം തന്നെ ആൺകുട്ടികളുടെയും യുവാക്കളുടെയും ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധയും നിക്ഷേപവും ആവശ്യമാണെന്ന് ഗവേഷകർ വാദിക്കുന്നു. അമ്മയുടെ ആരോഗ്യത്തിന് നൽകുന്ന അതേ പ്രാധാന്യം അച്ഛനും നൽകുന്നത് വഴി മികച്ചൊരു തലമുറയെ കെട്ടിപ്പടുക്കാൻ സാധിക്കുമെന്നാണ് ഈ പഠനം അടിവരയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.