ഭക്ഷണത്തിൽ ഉപ്പ് ചേർത്തില്ലെങ്കിലോ? സങ്കൽപ്പിക്കാൻ പോലുമാവുന്നില്ലല്ലേ? അത്രക്കുണ്ട് ഉപ്പും നമ്മുടെ രുചിബോധവും തമ്മിലുള്ള ബന്ധം. ലഘുഭക്ഷണങ്ങൾ മുതൽ ഫ്രൂട് സാലഡ് വരെ ഉപ്പില്ലാതെ നിവൃത്തിയില്ല. എന്നാൽ, അത്രക്ക് ഉപ്പിനെ പ്രേമിക്കാൻ വരട്ടെ തടികേടാവുമെന്നാണ് ആരോഗ്യവിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്.
ഒട്ടുമിക്ക എല്ലാ ഭക്ഷണസാധനങ്ങളിലും ഉപ്പടങ്ങിയിരിക്കുന്നു. ഇതുകൊണ്ടുതന്നെ ദിവസവും പലരുടെയും ശരീരത്തിൽ അത് അമിതമായി ഉള്ളിലെത്തുന്നുമുണ്ട്. ഇതുണ്ടാക്കുന്ന പ്രത്യാഘാതം വലുതാണെന്ന് മുന്നറിയിപ്പ് നൽകുകയാണ് ചെന്നൈയിലെ എ.ഐ.എൻ.യു ആശുപത്രിയിലെ സീനിയർ യൂറോളജിസ്റ്റും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. വെങ്കട്ട് സുബ്രഹ്മണ്യം. അമിതമായി ഉപ്പ് അകത്തുചെലുന്നത് വ്യക്കകളെ എങ്ങിനെ തകരാറിലാക്കുമെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വ്യക്തമാക്കുന്നു.
‘പലരും ദിവസവും എത്രമാത്രം ഉപ്പ് കഴിക്കുന്നു എന്നതിനെ നിസാരമായാണ് കാണുന്നത്. കാലക്രമേണ, ഇത് വൃക്കയിൽ കല്ലുകൾ, ഉയർന്ന രക്തസമ്മർദ്ദം , വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കൽ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. വൃക്കയുമായി ബന്ധപ്പെട്ട് പ്രശ്നമുള്ള ആളുകൾ ഉപ്പ് കഴിക്കുന്നതിൽ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതുണ്ട്,’ ഡോ. വെങ്കട്ട് സുബ്രഹ്മണ്യം വിശദീകരിക്കുന്നു.
ദിവസേനയുള്ള പാചകത്തിൽ നേരിയ തോതിൽ ഉപ്പ് ക്രമീകരിക്കുന്നത് വലിയ മാറ്റമുണ്ടാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ‘ഉപ്പിന്റെ ഉപയോഗം കുറക്കുക. പകരം, നാരങ്ങ, കുരുമുളക്, വെളുത്തുള്ളി എന്നിവയടക്കം ചേരുവകൾ ഉപയോഗിച്ച് സ്വാഭാവികമായി നിങ്ങളുടെ ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കാനാവും. ഇവ അമിതമായ ഉപ്പിനെ ആശ്രയിക്കുന്നത് കുറക്കുന്നതിനൊപ്പം ഭക്ഷണത്തിന് രുചിയും മണവും നൽകുന്നു. ഇത് ലളിതവും ഫലപ്രദവുമായ ഒരു രീതിയാണ്.’
പാക്ക് ചെയ്തതും മുൻകൂട്ടി സംസ്കരിച്ചതുമായ ഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഉപ്പിനെ ഏറെ കരുതണമെന്ന് ഡോ. സുബ്രഹ്മണ്യം പറയുന്നു. പലരും ഇത് ശ്രദ്ധിക്കാറില്ല, ഇത്തരം ഭക്ഷണ സാധനങ്ങൾ വീണ്ടും പാചകം ചെയ്യുന്ന വേളയിൽ അൽപം ഉപ്പ് ചേർത്താൽ പോലും ആകെ ഉള്ളിലെത്തുന്ന അളവ് ഗണ്യമായി ഉയരാൻ കാരണമാവും.
ഭക്ഷണസാധനങ്ങൾ വാങ്ങുമ്പോൾ ലേബലുകളിൽ കൃത്യമായ ശ്രദ്ധിക്കേണ്ടതുണ്ട്. വൃക്ക രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കൃത്യമായ ഭക്ഷണ ശീലം പരിശീലിക്കുന്നതിലൂടെയേ ഇതിന് തടയിടാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.