അറിവുകൊണ്ട് നാളെയെ സുരക്ഷിതമാക്കാം

ശരീരത്തിന് ആവശ്യമായ അളവിലുള്ള ഇൻസുലിൻ ഉൽപാദിപ്പിക്കാനോ ഉപയോഗിക്കാനോ കഴിയാത്ത രോഗമാണ് പ്രമേഹം. നിസ്സാരമെന്നു തോന്നുമെങ്കിലും ഏറെ അപകടം വിതക്കാൻ ഈ രോഗത്തിനു കഴിയും. കൃത്യമായ ചികിത്സകളും പതിവു പരിശോധനകളും വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിച്ച് ഇൻസുലിൻ, ഗുളികകൾ എന്നിവയിലൂടെ രോഗത്തെ പ്രതിരോധിക്കാം.

വിവിധ തരം പ്രമേഹങ്ങളുണ്ട്. ടൈപ് 1 പ്രമേഹം ഒരു വിട്ടുമാറാത്ത അവസ്ഥയാണ്. ഈ അവസ്ഥയിൽ, പാൻക്രിയാസ് ഇൻസുലിൻ ഉൽപാദനം നിർത്തുകയോ കുറക്കുകയോ ചെയ്യുന്നു.ജനിതകമായും ചില വൈറൽ അണുബാധകൾ പോലുള്ള വ്യത്യസ്ത ഘടകങ്ങൾ ടൈപ് 1 പ്രമേഹത്തിന് കാരണമായേക്കാം. ടൈപ് 1 പ്രമേഹം ബാല്യത്തിലോ കൗമാരത്തിലോ ആണ് പ്രത്യക്ഷപ്പെടുന്നത്.മുതിർന്നവരിലും ഇത് കാണപ്പെടാം.ടൈപ് 2 ഡയബറ്റിസ് എന്നറിയപ്പെടുന്ന പ്രമേഹത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നു.


പാൻക്രിയാസ് ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ കുറയുന്നതിന്റെ ഫലമായും ഇൻസുലിനോടുള്ള ശരീരകോശങ്ങളുടെ പ്രതിരോധംകൊണ്ടും ഇത് സംഭവിക്കാം.രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിച്ചിരിക്കുന്ന അവസ്ഥ അപകടകരമാണ്.ചികിത്സിച്ചില്ലെങ്കിൽ ശരീരത്തിന്റെ വിവിധ അവയവങ്ങളെ ഇത് തകരാറിലാക്കും.ഇൻസുലിൻ ചികിത്സ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമത്തിൽ നിർത്താൻ സഹായിക്കും.

വ്യായാമം പതിവാക്കാം

കുവൈത്ത് സിറ്റി: ആഗോളതലത്തിൽ പ്രമേഹബാധിതരുടെ എണ്ണത്തിൽ കുവൈത്ത് മൂന്നാം സ്ഥാനത്താണ്. ശരീരത്തിൽ ഷുഗറിന്റെ അളവ് കൂടുതലായിട്ടും അത് അറിയാതെ പോകുന്നവരുടെ എണ്ണവും കുവൈത്തിൽ കൂടുതലാണ്. അമിതവണ്ണം കാരണം രക്തസമ്മർദം, ഹൃദ്രോഗം എന്നിവയും രാജ്യത്ത് കാണപ്പെടുന്നു. പൊണ്ണത്തടിയുള്ളവരുടെ എണ്ണവും കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. പൊണ്ണത്തടിക്കുള്ള പുതിയതും ശ്രദ്ധേയവുമായ പരിശോധനയാണ് അരക്കെട്ട്-ഉയരം അനുപാതം നോക്കൽ.

ഒരു വ്യക്തിയുടെ അരക്കെട്ടിന്റെ ചുറ്റളവ് അവരുടെ ഉയരത്തിന്റെ പകുതിയിലധികം ആണെങ്കിൽ പൊണ്ണത്തടിയായി കണക്കാക്കാം. വ്യായാമത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും പൊണ്ണത്തടി കുറക്കാം.പ്രമേഹരോഗികളിൽ ഇന്ത്യക്കാരും മുന്നിലാണ്. ഇന്ത്യയില്‍ തന്നെ കൂടുതല്‍ പ്രമേഹരോഗികളുള്ള ഇടമാണ് കേരളം. അതിനാൽ കുവൈത്ത് മലയാളികളും ഇക്കാര്യത്തിൽ ശ്രദ്ധചെലുത്തണം.

പ്രതിരോധ മാർഗങ്ങൾ

● അധികഭാരം കുറക്കുക

● കൂടുതൽ വ്യായാമം ചെയ്യുക

● കാർബോഹൈഡ്രേറ്റുകൾ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക (പഞ്ചസാര, മൈദ അടങ്ങിയ ഭക്ഷണങ്ങൾ, പൊറോട്ട, ബേക്കറി ഉൽപന്നങ്ങൾ, പാസ്ത, പഴച്ചാറുകൾ, പഞ്ചസാര ചേർത്ത സംസ്കരിച്ച ഭക്ഷണങ്ങൾ, പാനീയങ്ങൾ).

● മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക

● അനിയന്ത്രിത ഭക്ഷണം, സമയം തെറ്റിയുള്ള ഭക്ഷണം എന്നിവ ഒഴിവാക്കുക

എങ്ങനെ കണ്ടെത്താം?

രക്തപരിശോധനയിലൂടെ പ്രമേഹം, പ്രീ ഡയബറ്റിസ്, ഗർഭകാല പ്രമേഹം, പ്രമേഹത്തിന്റെ തരം എന്നിവ തിരിച്ചറിയാനാകും. പ്രമേഹസാധ്യത ഉണ്ടെങ്കിൽ പ്രീ ഡയബറ്റിസ് എന്ന രോഗം രോഗിയിൽ കാണപ്പെടും. ഇത് വികസിച്ച് പ്രമേഹത്തിലേക്ക് കടക്കാൻ അധികസമയം വേണ്ട. പ്രീ ഡയബറ്റിസ് ഘട്ടം മുതൽ ഡോക്ടർ നിർദേശിക്കുന്ന വ്യായാമം, മരുന്ന്, ആഹാര ക്രമീകരണങ്ങൾ എന്നിവ പാലിക്കണം

Tags:    
News Summary - Tomorrow can be secured with knowledge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.