സൂപ്പർ ഫുഡാണെന്ന് കരുതി വാരിക്കോരി കഴിക്കണ്ട; മില്ലറ്റുകൾ വില്ലനാവുന്നത് എപ്പോൾ​?

അരി,​ ഗോതമ്പ് എന്നിവക്ക് പകരമായി ഉപയോഗിക്കാവുന്ന ചെറിയ വിത്തുകളുള്ള ധാന്യമാണ് മില്ലറ്റ്. ഇവക്ക് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. അന്നജം, പ്രോട്ടീൻ, ഫോസ്ഫറസ്, മഗ്നീഷ്യം, കാൽസ്യം, എന്നിവയുടെ ഉറവിടമാണ് മില്ലറ്റുകൾ. ഭാരം കുറക്കുവാനും പ്രമേഹവും ഹൃദയ സംബന്ധവുമായ അസുഖമുള്ളവർക്കും ഇത് ഫപ്രദമാണ്. കാരണം മില്ലറ്റ് പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും സഹായിക്കും.

എന്നാൽ അമിതമായാൽ അമൃതും വിഷം എന്നപോലെ ഇവ അധികമായി കഴിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്ന് ആരോഗ്യ പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. തൈറോയ്ഡ്, വൃക്ക സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവ ഉള്ളവർ മില്ലറ്റ് കഴിക്കുന്നത് ഒന്നിടവിട്ട ദിവസങ്ങളിൽ പരിമിതപ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദേശം.

റാഗി, തിന (foxtail millet), കുതിരവാലി (barnyard millet), ചോളം (Sorghum), ചാമ (little millet), കമ്പ്/കമ്പം (pearl millet), വരഗ് (kodo millet), പനിവരഗ് (proso) എന്നിവ മില്ലറ്റുകളിലെ വിവിധ തരങ്ങളാണ്. വരണ്ട കാലാവസ്ഥയെ അതിജീവിക്കാൻ കഴിവുള്ള വിളയാണിത്. മില്ലറ്റുപയോഗിച്ച് കഞ്ഞി, ദോശ, ഇടിയപ്പം, പുലാവ്, പായസം, ഉപ്പുമാവ് തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കാം.

മില്ലറ്റ് ശരീരത്തിലുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെ?

തൈറോയ്ഡ്: ചെറുധാന്യങ്ങളായ കമ്പം, പനിവരഗ് എന്നിവയിൽ തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്ന ഗോയിട്രോജൻ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്ന അയഡിനെ തടസ്സപ്പെടുത്തും. അതുകൊണ്ട് തൈറോയ്ഡ് സംബന്ധമായ അസുഖമുള്ളവർ മിമതായ അളവിൽ മില്ലറ്റ് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

ദഹനപ്രശ്നം: നാരുകൾ കൂടുതലാതിനാൽ മില്ലറ്റ് ദഹനക്ഷമത മന്ദഗതിയിലാക്കും. ധാരാളം വെള്ളം കുടിക്കാതെ മില്ലറ്റുകൾ കഴിക്കുന്നത് ഗ്യാസ്, വയറു വീർക്കൽ, മലബന്ധം എന്നിവക്ക് കാരണമാകും.

പോഷകങ്ങൾ ആഗിരണം ചെയ്യും: മില്ലറ്റിലെ ഫൈറ്റിക് ആസിഡ്, ടാന്നിൻസ് എന്നിവ ശരീരത്തിന് ആവശ്യമായ ഇരുമ്പ്, കാൽസ്യം, സിങ്ക് എന്നിവ ആഗിരണം ചെയ്യുന്നത് തടയും. ഭാവിയിൽ ഇത് വിളർച്ചക്കും എല്ലുകളുടെ ബലക്ഷയത്തിനും കാരണമാവും.

വൃക്കയിലെ കല്ല്: ചില മില്ലറ്റുകളിൽ ഓക്സലേറ്റുകൾ കൂടുതലായി കാണപ്പെടുന്നുണ്ട്. ഇത് വൃക്കയിൽ കല്ലുണ്ടാക്കാൻ സാധ്യതയുള്ളവർക്ക് പ്രശ്നമാണ്.

ഭക്ഷ്യവിഷബാധ: ശരിയായ രീതിയിൽ സംസ്കരിക്കാത്തതോ പഴയതോ ആണെങ്കിൽ അതിൽ കാണപ്പെടുന്ന പൂപ്പൽ മൂലം ഭക്ഷ്യവിഷബാധ ഉണ്ടാകാൻ സാധ്യതയുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

കുതിർത്ത് വെക്കുക: പാകം ചെയ്യുന്നതിന് മുമ്പ് കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും മില്ലറ്റുകൾ കുതിർത്ത്​ വെക്കണം. ഇത് ​പോഷക വിരുദ്ധ ഘടകങ്ങളെ നീക്കം ചെയ്യും.

മിതത്വം പാലിക്കുക: ദിവസവും കഴിക്കുന്നതിന് പകരം ഇടവിട്ട ദിവസങ്ങളിൽ കഴിക്കുക.

വെള്ളം കുടിക്കുക: മില്ലറ്റ് കഴിക്കുമ്പോൾ ദഹനം സുഗമമാക്കാൻ ധാരാളം വെള്ളം കുടിക്കുക.

Tags:    
News Summary - Don't eat millets thinking they're a superfood; when do millets become a villain?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.