കാരറ്റ് മുഖത്തെ ചുളിവുകൾ മാറ്റും; എന്നാൽ കാഴ്ചശക്തി വർധിപ്പിക്കുമോ?

നേത്രരോഗവിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ആരോഗ്യകരമായ ഭക്ഷണം മാത്രമാണ് കണ്ണിന്റെ ആരോഗ്യത്തെ പരിപാലിക്കുന്നതിനുള്ള ഏക മാർഗം. ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിട്ടുള്ള കാരറ്റ് കഴിക്കുന്നത് കണ്ണിന് ഗുണം ചെയ്യും. ​ശരീരത്തിൽ എത്തുമ്പോൾ ബീറ്റാ കരോട്ടിൻ വിറ്റാമിൻ എ ആയി മാറുന്നു. വിറ്റാമിൻ എ കാഴ്ചശക്തിക്ക് അത്യന്താപേക്ഷിതമായ ഒരു പോഷകമാണ്. കണ്ണിലെ റെറ്റിനയിൽ കാണപ്പെടുന്ന റോഡോപ്സിൻ എന്ന പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ വിറ്റാമിൻ എ സഹായിക്കുന്നു. റോഡോപ്സിൻ മങ്ങിയ വെളിച്ചത്തിൽ കാഴ്ച ലഭ്യമാക്കാൻ സഹായിക്കുന്നു. വിറ്റാമിൻ എ യുടെ കുറവ് നിശാന്ധതക്ക് കാരണമാകും. കാരറ്റിലെ ആന്റിഓക്സിഡന്റുകളും വിറ്റാമിൻ എ യും കണ്ണിലെ കോശങ്ങൾക്ക് സംരക്ഷണം നൽകുന്നു. ഇത് തിമിരം, മാക്യുലാർ ഡീജനറേഷൻ (കണ്ണിന്റെ കാഴ്ച ക്രമേണ കുറയുന്ന ഒരു അവസ്ഥ) തുടങ്ങിയ രോഗങ്ങളെ ഒരു പരിധി വരെ തടയാൻ സഹായിക്കും. കാരറ്റിലെ പോഷകങ്ങൾ കണ്ണിന്റെ ക്ഷീണവും വരൾച്ചയും കുറക്കുകയും ചെയ്യുന്നു.

വിറ്റാമിൻ ഇ, വിറ്റാമിൻ സി, വിറ്റാമിൻ ബി 8, വിറ്റാമിൻ കെ, ഫൈബർ, ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും കാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നതാണ്. കാരറ്റിൽ ഉയർന്ന അളവിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ചർമത്തിൽ ചുളിവുകൾ കാണപ്പെടുന്നത് ഇല്ലാതാക്കാൻ ഇത് സഹായിക്കും. കാരറ്റ് കഴിച്ചാൽ പെട്ടെന്ന് കാഴ്ചശക്തി വർധിക്കില്ല. ​ഒരു വ്യക്തിക്ക് വിറ്റാമിൻ എയുടെ കുറവ് മൂലമാണ് കാഴ്ചക്കുറവ് ഉണ്ടായതെങ്കിൽ കാരറ്റ് കഴിക്കുന്നത് ആ കുറവ് പരിഹരിക്കുകയും കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. ​പ്രായം, ​ജനിതകപരമായ കാരണങ്ങൾ, ​മറ്റ് രോഗങ്ങൾ (പ്രമേഹം പോലുള്ളവ), ​കണ്ണിനുണ്ടാകുന്ന മറ്റ് പ്രശ്നങ്ങൾ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ കാരറ്റ് കഴിച്ചതുകൊണ്ട് മാത്രം കാഴ്ചശക്തി വർധിക്കില്ല.

കാരറ്റ് കഴുകി വൃത്തിയാക്കിയ ശേഷം നേരിട്ട് കഴിക്കാം. ഇങ്ങനെ കഴിക്കുമ്പോൾ നാരുകളും മറ്റ് പോഷകങ്ങളും പൂർണ്ണമായും ശരീരത്തിന് ലഭിക്കും. മാത്രവുമല്ല കാരറ്റ് പച്ചക്ക് ചവക്കുന്നത് ഉമിനീര്‍ ഉത്പാദനത്തിന് സഹായിക്കുന്നു. ബാക്ടീരിയ കാരണം പല്ലിലുണ്ടാകുന്ന പ്രശ്‌നങ്ങളെ ഉമിനീരിന് നിര്‍വീര്യമാക്കാന്‍ കഴിയുന്നതിലൂടെ പല്ല് കേടാവുന്നത് തടയാനും സാധിക്കും. ജ്യൂസാക്കി കുടിക്കുന്നത് പോഷകങ്ങൾ എളുപ്പത്തിൽ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കും. കാരറ്റ് സാലഡിൽ മറ്റ് പച്ചക്കറികളോടൊപ്പം ചേർത്ത് കഴിക്കുന്നത് നല്ലതാണ്. ആരോഗ്യകരമായ ദഹനത്തിന് ഫൈബര്‍ ആവശ്യമാണ്. കാരറ്റില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറക്കാനും സഹായിക്കുന്നു. കൂടാതെ കാരറ്റില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഹൃദ്രോഗ സാധ്യത കുറക്കാനും സഹായിക്കും. കാരറ്റ് കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താനും കണ്ണുമായി ബന്ധപ്പെട്ട പല രോഗങ്ങളെയും തടയാനും സഹായിക്കുന്നു. എന്നാൽ നല്ല കാഴ്ചശക്തിക്ക് കാരറ്റ് മാത്രമല്ല സമീകൃതാഹാരവും ആവശ്യമാണ്.

Tags:    
News Summary - Carrots will improve eyesight?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.