ബദാമോ വാൽനട്ടോ: ഹൃദയത്തിന്‍റെയും തലച്ചോറിന്‍റെയും ആരോഗ്യത്തിന് ഏറ്റവും അനുയോജ്യമായ നട്സ് ഏതാണ്?

പോഷകസമൃദ്ധമായ ബദാമും വാൽനട്ടും വ്യത്യസ്തമായ ആരോഗ്യ ഗുണങ്ങൾ നൽകുന്നു. വിറ്റാമിൻ ഇ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് ബദാം. ഇത് ശരീരഭാരം നിയന്ത്രിക്കാനും ചർമ ആരോഗ്യത്തിനും സഹായിക്കുന്നു. ഒമേഗ-3, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ വാൽനട്ട് തലച്ചോറിന്റെ പ്രവർത്തനവും ഹൃദയാരോഗ്യവും വർധിപ്പിക്കുന്നു. ഇവ രണ്ടും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അസ്ഥികളുടെ ശക്തി മുതൽ മൊത്തത്തിലുള്ള ആരോഗ്യത്തെ വരെ പിന്തുണക്കുന്നു.

തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഗുണങ്ങൾ

ബദാമും വാൽനട്ടും ഉയർന്ന പോഷകഗുണമുള്ള നട്‌സുകളാണ്. എന്നാൽ അവയുടെ പോഷക ഘടനയിലും പ്രത്യേക ഗുണങ്ങളിലും വ്യത്യാസമുണ്ട്. ബദാമും വാൽനട്ടും പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ അളവ് മെച്ചപ്പെടുത്താനും ഊർജ്ജം വർധിപ്പിക്കുകയും ചെയ്യും. തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഗുണങ്ങൾക്ക് വാൽനട്ട് നല്ലതാണ്. ഓർമ, വൈജ്ഞാനിക പ്രവർത്തനങ്ങൾ എന്നിവയെ പിന്തുണക്കുന്ന സസ്യാധിഷ്ഠിത ഒമേഗ-3 ഫാറ്റി ആസിഡായ ആൽഫ-ലിനോലെനിക് ആസിഡ് (ALA) ഇവയിൽ സമ്പന്നമാണ്. വാൽനട്ടിന്റെ പതിവ് ഉപയോഗം തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ന്യൂറോഡീജനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറക്കുന്നതിനും, ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നുള്ള സംരക്ഷണത്തിനും കാരണമാകുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകളും പോളിഫെനോളുകളും വീക്കം കുറക്കുന്നതിനും സെറിബ്രൽ രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും, ഓർമ, പഠനം, മാനസികാവസ്ഥ എന്നിവ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

ഹൃദയാരോഗ്യവും ഭാര നിയന്ത്രണവും

ബദാമും വാൽനട്ടും ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. പക്ഷേ വ്യത്യസ്ത രീതികളിലാണ്. പതിവായി വാൽനട്ട് കഴിക്കുന്നത് എൽ.ഡി.എൽ കൊളസ്ട്രോൾ കുറക്കുകയും ഹൃദയ സംബന്ധമായ അപകടസാധ്യത കുറക്കുകയും ചെയ്യും. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, വിറ്റാമിൻ ഇ, ഫൈബർ, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ബദാം കൊളസ്ട്രോൾ അളവ് മെച്ചപ്പെടുത്തുന്നതിനും, രക്തസമ്മർദ്ദ നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനും, മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിന് ബദാം പ്രത്യേകിച്ചും സഹായകരമാണ്. ബദാമിന് ഗ്ലൈസെമിക് സൂചിക കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ഉപാപചയ ആരോഗ്യത്തെ പിന്തുണക്കുകയും ചെയ്യുന്നു. ബദാം പതിവായി കഴിക്കുന്നത് അനാരോഗ്യകരമായ ലഘുഭക്ഷണം നിയന്ത്രിക്കാനും ദീർഘനേരം വയറുനിറഞ്ഞതായി തോന്നാനും സഹായിക്കും.

ചർമത്തിനും മുടിക്കും അസ്ഥിയുടെ ആരോഗ്യത്തിനും

ബദാമിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമകോശങ്ങളെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിച്ച് ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമം പ്രധാനം ചെയ്യുന്നു. പതിവായി കഴിക്കുന്നത് മുടിയുടെ ശക്തി മെച്ചപ്പെടുത്താനും, പൊട്ടൽ കുറക്കാനും, തിളക്കം വർധിപ്പിക്കാനും സഹായിക്കും. വാൽനട്ട് തലയോട്ടിയുടെ ആരോഗ്യത്തെ പിന്തുണക്കാൻ സഹായിക്കുന്നു. അസ്ഥികളുടെ സാന്ദ്രതയും ശക്തിയും നിലനിർത്തുന്നതിന് അത്യാവശ്യമായ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ മികച്ച ഉറവിടമാണ് ബദാം. വാൽനട്ടിൽ മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികൂടത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണക്കുന്നു. സമീകൃതാഹാരത്തോടൊപ്പം ഈ നട്സുകൾ പതിവായി കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറക്കാനും അസ്ഥികളെ ശക്തിപ്പെടുത്താനും സഹായിക്കും.

​ഒരു ദിവസം ചെറിയ ഒരു പിടി (ഏകദേശം ഒരു ഔൺസ്) നട്‌സ് കഴിക്കുന്നത് ആരോഗ്യകരമായ അളവായി കണക്കാക്കപ്പെടുന്നു. എല്ലാ നട്‌സുകളും ആരോഗ്യകരമായ കൊഴുപ്പുകൾ നിറഞ്ഞതായതുകൊണ്ട് അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. ​ബദാം, വാൾനട്ട്, പിസ്ത, കശുവണ്ടി തുടങ്ങിയവ മാറി മാറി കഴിക്കുന്നത് വിവിധ പോഷകങ്ങൾ ലഭിക്കാൻ സഹായിക്കും. ഡോക്ടറുടെ നിർദേശം പ്രകാരം മാത്രമേ ആരോഗ്യ ദിനചര്യയിലോ ചികിത്സയിലോ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ പാടുള്ളൂ. 

Tags:    
News Summary - Almonds or Walnuts: Which Nut is Best for Heart and Brain Health?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.