പ്രതീകാത്മക ചിത്രം
നാളെ എന്തായാലും ചെയ്യാം, അടുത്ത ആഴ്ച മുതൽ പഠിക്കാം എന്നിങ്ങനെ നാളേക്ക് വേണ്ടി കാര്യങ്ങൾ മാറ്റിവെക്കുന്നവരാണോ നിങ്ങൾ. എന്നാൽ അതിനെ എപ്പോഴും മടിയാണെന്ന് കരുതി മാറ്റി നിർത്തേണ്ട. സ്ഥിരമായി ഇത്തരത്തിൽ നമ്മുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെ മറ്റൊരു സമയത്തേക്ക് മാറ്റി വെക്കുന്നത് വെറും അലസതായായി കാണേണ്ടതില്ല. അത് പ്രൊക്രാസ്റ്റിനേഷൻ എന്ന അവസ്ഥയാണ്. ടൈം മാനേജ്മെന്റ് അറിയാത്തതിന്റെ കുറവോ മടിയോ എന്നും അല്ല മറിച്ച് ഇത് ആഴത്തിലുള്ള അന്തർലീനമായ വൈകാരിക ക്ലേശത്തിന്റെ ലക്ഷണമാണെന്ന് മുന്നറിയിപ്പ് നൽകുകയാണ് മനശാസ്ത്രഞ്ജർ.
കാര്യങ്ങൾ ചെയ്ത് തുടങ്ങുന്നതിന് മുമ്പുള്ള ഭയമാണ് ഇതിന് പ്രധാന കാരണം. 'ആഗ്രഹമുണ്ട് എന്നാൽ എന്നെക്കൊണ്ട് സാധിക്കുന്നില്ല' എന്ന ഭയം കാര്യങ്ങൾ നീട്ടിവെക്കാനുള്ള പ്രവണത കാണിക്കുന്നു. ഈ ഭയമാണ് പ്രൊക്രാസ്റ്റിനേഷൻ കൊണ്ട് അർത്ഥമാക്കുന്നത്. ഇത്തരക്കാർ നാളെ എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് കാര്യങ്ങൾ മാറ്റിവെക്കുകയും എന്നാൽ ആഴ്ചകൾ കഴിഞ്ഞാലും യാതൊരു മാറ്റവും സംഭവിച്ചിട്ടുണ്ടാവില്ല.
പലപ്പോഴും അത്യാവശ്യവും എന്നാൽ അസുഖകരവുമായ ഒരു ജോലിക്ക് പകരം പ്രാധാന്യം കുറഞ്ഞതോ കൂടുതൽ ആസ്വാദ്യകരമോ ആയ എന്തെങ്കിലും ചെയ്യാൻ തെരഞ്ഞെടുക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. ഇത് സമ്മർദ്ദത്തിനും ഉത്കണ്ഠക്കും ആത്മാഭിമാനം കുറയാനും കാരണമാകുന്നു.
ഇത്തരത്തിൽ സ്ഥിരമായി കാര്യങ്ങൾ നീട്ടിവെക്കുന്നത് നിങ്ങളുടെ ശരീരത്തെയും ബാധിക്കുന്നു. സ്ഥിരമായ കാലതാമസത്തിന്റെയും പരിഭ്രാന്തിയിലേകേകും സമ്മർദ്ദത്തിലേക്കും നയിക്കുന്നു. ഇത് കോർട്ടിസോളിന്റെ അളവ് ഉയർന്ന നിലയിൽ നിലനിർത്തുന്നു. ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നതിന് കാരണമാകുന്നു.
ആത്മവിശ്വാസക്കുറവ്: നിങ്ങൾ ചെയ്യുന്ന പ്രവൃത്തിയിൽ ആത്മവിശ്വാസം ഇല്ലാതിരിക്കുകയും പരാജയപ്പെടുമോ എന്ന ഭയവും നീട്ടിവെക്കലിലേക്ക് നയിക്കുന്നു. അത്തരം സന്ദർഭങ്ങളിൽ ബ്രെയിൻ നിങ്ങളോട് ആ പ്രവൃത്തി ചെയ്യാൻ തുടങ്ങിയില്ലെങ്കിൽ നിങ്ങൾ പരാജയപ്പെടില്ല എന്നും പറയുന്നു.
പെർഫക്ഷനിസം: പെർഫക്ഷനിസ്റ്റുകൾ തങ്ങൾ ചെയ്യുന്ന പ്രവൃത്തികൾ പൂർണതയോടെ ചെയ്യാൻ കഴിയില്ല എന്ന് തോന്നുമ്പോൾ അവ നീട്ടിവെക്കുന്നു.
പ്രൊക്രാസ്റ്റിനേഷൻ മടിയാണെന്ന് തെറ്റിദ്ധരിച്ച് അച്ചടക്ക നടപടികൾ മാത്രം പിന്തുടർന്ന് പോയിട്ട് കാര്യമില്ല. വൈകാരിക ധാരണയാണ് യഥാർത്ഥത്തിൽ ഇവിടെ ആവശ്യം. ഭയം, ലജ്ജ, സ്വയം സംശയം തുടങ്ങിയ ട്രിഗർ ചെയ്യുന്ന കാര്യങ്ങളെ മനസിലാക്കുകയും തെറാപ്പിയിലൂടെ അവ പരിഹരിക്കാൻ ശ്രമിക്കുകയും വേണം.
വിട്ടുമാറാത്ത നീട്ടിവെക്കൽ സ്വഭാവത്തിന് കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (സി.ബി.ടി), അക്സപ്റ്റൻസ് ആൻഡ് കമ്മിറ്റ്മെന്റ് തെറാപ്പി (എ.സി.ടി) എന്നിവ ഉപകാരപ്രദമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.