പ്രതീകാത്മക ചിത്രം 

കുട്ടികളിലെ പൊണ്ണത്തടി വർധിക്കുന്നു; കാരണങ്ങളറിയാം

കുട്ടികളിലെ പൊണ്ണത്തടി ലോകമെമ്പാടും ആശങ്ക സൃഷ്ടിക്കുകയാണ്. പത്തിൽ ഒരു കുട്ടിക്ക് പൊണ്ണത്തടിയുണ്ടെന്നാണ് യുനിസെഫിന്‍റെ റിപ്പോർട്ടുകളിൽ വ്യക്തമാവുന്നത്. അതായത് ചരിത്രത്തിലാദ്യമായി ഭാരക്കുറവിനെക്കാൾ കുട്ടികളുടെ ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയായി പൊണ്ണത്തടി മാറിയിരിക്കുന്നു. ഇത് കുട്ടികളിൽ പ്രമേഹം, ഹൃദ്രോഗം, അമിത രക്ത സമ്മർദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്ക് പുറമെ, അകാലമരണത്തിനും കാരണമാകുന്നു.

ഈ വർഷത്തെ കണക്കുകൾ പ്രകാരം, ഭാരക്കുറവുള്ള കുട്ടികളെക്കാൾ പൊണ്ണത്തടിയുള്ള കുട്ടികളിലാണ് പോഷകാഹാരക്കുറവ് ഏറ്റവും രൂക്ഷമെന്നതും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ഇത് കുട്ടികളെയും കൗമാരക്കാരെയും ജീവൻ അപകടപ്പെടുത്തും വിധം രോഗികളാക്കുന്നു.

ഇന്ത്യയിൽ 20 വയസ്സിന് താഴെയുള്ളവരിൽ ഒമ്പത് ശതമാനം പേരും പൊണ്ണത്തടിയുള്ളവരാണ്. ഈ പ്രായത്തിലുള്ള 33 ദശലക്ഷം കുട്ടികൾ പൊണ്ണത്തടിയുള്ളവരാണെന്ന് ഇന്ത്യൻ ജേണൽ ഓഫ് എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം റിപ്പോർട്ട് ചെയ്യുന്നു. അംഗൻവാടികൾ വഴിയുള്ള ഡേറ്റ സൂചിപ്പിക്കുന്നത് ഇന്ത്യയിലെ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിൽ ആറു ശതമാനം പേർ അമിതഭാരമുള്ളവരാണെന്നാണ്. എന്തായിരിക്കും നമ്മുടെ കുട്ടികളെ രോഗികളാക്കുന്ന ഈ പ്രതിഭാസത്തിന് കാരണം?

കുട്ടികളെ ആകർഷിക്കാൻ പല നിറത്തിലും രുചികളിലും പുറത്തിറക്കുന്ന അസംസ്കൃത ഭക്ഷണങ്ങളാണ് പ്രധാന വില്ലനെന്ന് ശിശുരോഗ വിദഗ്ധനായ ഡോ. അരുൺ ഗുപ്ത പറയുന്നു. ആരോഗ്യകരമായ പരമ്പരാഗത ഭക്ഷണശീലങ്ങളിൽ നിന്നും ഉയർന്ന കലോറിയുള്ളതും പോഷകങ്ങൾ കുറവുള്ളതുമായ ഭക്ഷ്യവസ്തുക്കളിലേക്ക് നമ്മുടെ കുഞ്ഞുങ്ങൾ അടിമപ്പെട്ടിരിക്കുന്നു.

ലഘുഭക്ഷണം കഴിച്ചുകൊണ്ട് സിനിമകളും മാച്ചുകളും കണ്ടിരിക്കുന്നതും ശാരീരിക വ്യായാമങ്ങൾ കൂടിയായ കായിക വിനോദങ്ങളിൽ നിന്ന് വിഡിയോ ഗെയിമുകളിലേക്ക് ഒതുങ്ങുന്നതും കുട്ടികളെ അനാരോഗ്യകരവും ഉദാസീനവുമായ ജീവിതശൈലിയിലേക്ക് പറിച്ചുനടുകയാണ്. ഇത് അമിതഭാരത്തിനും പൊണ്ണത്തടിക്കും കാരണമാകുന്നു. കുട്ടികളുടെ ആരോഗ്യരീതികൾ എത്ര വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ഓർമപ്പെടുത്തലാണ് യുനിസെഫ് റിപ്പോർട്ട്.

ലോകമെമ്പാടുമുള്ള സ്കൂൾ കാലഘട്ടത്തിലുള്ള കുട്ടികളിൽ പോഷകാഹാരക്കുറവിനെക്കാൾ പൊണ്ണത്തടിയാണ് ഇപ്പോൾ കൂടുതലായി കാണപ്പെടുന്നത്. ഇത് കേവലം ശരീരഭാരം കൂടുന്നത് മാത്രമല്ല, ഇത് ഇൻസുലിൻ പ്രതിരോധത്തിലേക്കും പിന്നീട് മെറ്റബോളിക് സിൻഡ്രോം എന്ന അവസ്ഥയിലേക്കും നയിക്കുന്നെന്ന് ജയ്പൂർ ആസ്ഥാനമായുള്ള ശിശുരോഗ വിദഗ്ധ ഡോ. ലളിത കനോജിയ മുന്നറിയിപ്പ് നൽകുന്നു.

Tags:    
News Summary - Obesity in children is increasing; the reasons are known

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.