ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപാദക രാജ്യമാക്കാൻ സഹായിച്ച ഡോ. വർഗീസ് കുര്യന്റെ ജന്മദിനമാണ് (നവം.26) ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്. ശരീരത്തിന് ആവശ്യമായ കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് പാലും പാലുൽപന്നങ്ങളും. ഒരു സമ്പൂർണ്ണ പോഷകാഹാരമായ ഇത് എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും ദഹന വ്യവസ്ഥക്കും ഗുണം ചെയ്യും. മൊത്തത്തിലുള്ള ക്ഷേമത്തിനും ദീർഘകാല ആരോഗ്യത്തിനും ദിവസേനയുള്ള ഭക്ഷണത്തിൽ പാലുൽപന്നങ്ങൾ ഉൾപ്പെടുത്തുന്നത് അത്യന്താപേക്ഷിതമാണ്.
പാലും പാലുൽപന്നങ്ങളുടെ ഗുണങ്ങളും
കാൽസ്യം: എല്ലുകളുടെയും പല്ലുകളുടെയും വളർച്ചക്കും ബലത്തിനും ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് പാൽ. കൂടാതെ ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങൾ തടയാനും സഹായിക്കും.
പ്രോട്ടീൻ: പേശികളുടെ വളർച്ചക്കും കേടുപാടുകൾ തീർക്കുന്നതിനും സഹായിക്കുന്ന ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീനുകൾ പാലിൽ അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ ഡി: കാൽസ്യം ശരീരത്തിലേക്ക് ശരിയായി ആഗിരണം ചെയ്യാൻ വിറ്റാമിൻ ഡി സഹായിക്കുന്നു.
പൊട്ടാസ്യം: ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താൻ സഹായിക്കുകയും അതുവഴി ഹൃദയാരോഗ്യത്തെ പിന്തുണക്കുകയും ചെയ്യും.
വിറ്റാമിൻ ബി 12: ആരോഗ്യകരമായ ചുവന്ന രക്താണുക്കളെയും നാഡീ കലകളെയും നിലനിർത്താൻ ഇത് സഹായിക്കുന്നു.
പാലിൽ നിന്ന് ഉണ്ടാക്കുന്ന മറ്റ് ഉൽപന്നങ്ങൾക്കും സവിശേഷമായ ആരോഗ്യ ഗുണങ്ങളുണ്ട്.
തൈര്: പാലുപയോഗിച്ച് ഉണ്ടാക്കുന്ന തൈരിൽ ധാരാളം പ്രോബയോട്ടിക്കുകൾ അതായത് ഗുണകരമായ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ നിലനിർത്താനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും വർധിപ്പിക്കും. തൈരിന്റെ പുളിപ്പിക്കൽ പ്രക്രിയ കാരണം ഇവയിൽ ലാക്ടോസ് കുറവായിരിക്കും. അതിനാൽ ലാക്ടോസ് അലർജി ഉള്ളവർക്കും കഴിക്കാൻ പറ്റും.
മോര്: പാലുപയോഗിച്ചുള്ള മറ്റൊരു ഉൽപന്നമാണ് മോര്. ഇത് ദഹനത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ചും ഉഷ്ണകാലത്ത് ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു.
പനീർ: പ്രോട്ടീന്റെയും കാൽസ്യത്തിന്റെയും മികച്ച ഉറവിടമാണ് പനീർ. ഇത് പേശികളുടെ നിർമ്മാണത്തിനും എല്ലുകളുടെ ബലത്തിനും സഹായിക്കുന്നു. മറ്റ് ചില പ്രോട്ടീൻ സ്രോതസ്സുകളിൽ നിന്ന് വ്യത്യസ്തമായി പനീർ എളുപ്പത്തിൽ ദഹിക്കും.
നെയ്യ്: ഊർജ്ജം നൽകുന്ന ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ് നെയ്യ്. വിറ്റാമിൻ എ, ഡി, ഇ, കെ തുടങ്ങിയ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ ശരീരത്തിന് ആഗിരണം ചെയ്യാൻ നെയ്യ് സഹായിക്കുന്നു.
ചീസ്: കാൽസ്യത്തിന്റെ സമ്പന്നമായ ഉറവിടങ്ങളിലൊന്നാണിത്. എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.