പ്രായം കൂടുന്തോറും ചിലർക്ക് ആധിയും കൂടും. നല്ല പ്രായത്തിൽ ചെയ്ത് തീർക്കേണ്ട കാര്യങ്ങൾ ഒരുപാട് ഉണ്ട് എന്നതുതന്നെ കാര്യം. എന്നാൽ, ഏതാണീ നല്ല പ്രായം? യൗവനം, ശൈശവം എന്നൊക്കെയാവും മനസ്സിൽ വരുന്നത് അല്ലേ, എങ്കിൽ എല്ലാ പ്രായവും നല്ല പ്രായംതന്നെയാണ് എന്നതാണ് സത്യം. പക്ഷേ, തലച്ചോറിന്റെ പ്രവർത്തനങ്ങൾ ഏറ്റവും കാര്യക്ഷമമാകുന്നത് 55-60 വയസ്സുകളിലാണെന്ന് പറയുകയാണ് ആസ്ട്രേലിയയിലെ ശാസ്ത്രജ്ഞർ.
ഈ പ്രായപരിധിയിലുള്ള ആളുകൾക്ക് സങ്കീർണമായ പ്രശ്നപരിഹാര ജോലികളും തൊഴിൽ മേഖലയിൽ ഉയർന്ന റാങ്കിലുള്ള നേതൃപാടവങ്ങളും നിർവഹിക്കാൻ കഴിവുണ്ടാകും. അതായത്, ജീവിതത്തിന്റെ മധ്യകാലത്താണ് മൊത്തത്തിലുള്ള മാനസിക പ്രവർത്തനം അതിന്റെ മൂർധന്യത്തിലെത്തുന്നത്. ഇരുപതുകളുടെ മധ്യത്തിലും മുപ്പതുകളുടെ തുടക്കത്തിലുമാണ് മനുഷ്യർ ശാരീരികാരോഗ്യത്തിൽ ഉന്നതിയിലെത്തുന്നത് എന്നാണ് മുൻ പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് അത്ലറ്റുകൾക്ക് താരതമ്യേന ചെറിയ കരിയർ ലഭിക്കുന്നത്. എന്നാൽ, വൈജ്ഞാനിക ഉന്നതിയുടെ കാര്യത്തിൽ സംഗതി നേരെ മറിച്ചാണ്.
ധാർമിക യുക്തി, ഓർമശക്തി, കാര്യങ്ങൾ മനസ്സിലാക്കാനെടുക്കുന്ന വേഗം, അറിവ്, വൈകാരിക ബുദ്ധി തുടങ്ങിയ 16 സ്വഭാവസവിശേഷതകളും ബാഹ്യഗതസ്വഭാവം, വൈകാരിക സ്ഥിരത, ബുദ്ധിപൂർവമായ പെരുമാറ്റം, സൗമ്യത, ക്രിയാത്മകത എന്നീ വ്യക്തിത്വ സവിശേഷതകളുമാണ് പഠനത്തിനായി ശാസ്ത്രജ്ഞർ വിലയിരുത്തിയത്. ഈ ഗുണങ്ങളെ പ്രായവുമായി ബന്ധപ്പെട്ട പാതകളുമായി സംയോജിപ്പിച്ചപ്പോൾ മൊത്തത്തിലുള്ള മാനസിക പ്രവർത്തനം 55 നും 60 നും ഇടയിൽ ഉച്ചസ്ഥായിയിലെത്തിയതായി പ്രഫസർ ഗിഗ്നാക് പറയുന്നു. ഇതു പിന്നീട് 65ൽനിന്ന് കുറയാനും തുടങ്ങി. 75 വയസ്സിനു ശേഷം മൊത്തത്തിലുള്ള മാനസിക പ്രവർത്തനം ഗണ്യമായി കുറയുന്നുണ്ടെങ്കിലും, യുക്തിരഹിതമായ തീരുമാനങ്ങളെടുക്കാൻ പ്രോത്സാഹിപ്പിക്കുന്ന എടുത്തുചാട്ടങ്ങൾ ചെറുക്കാനുള്ള കഴിവ് 70 കളിലും 80കളിലും മെച്ചപ്പെടുന്നുണ്ട്.
ഇന്റലിജൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തലുകൾ നിരവധി ബിസിനസ് സ്ഥാപനങ്ങളിലെ നേതൃത്വ റോളുകൾ പലപ്പോഴും അമ്പതുകളിലും അറുപതുകളിലും പ്രായമുള്ളവർ വഹിക്കുന്നതിന്റെ കാരണം വിശദീകരിക്കുന്നതാണ്. പ്രായത്തെയും കഴിവിനെയും കുറിച്ചുള്ള നിരവധി പരമ്പരാഗത സങ്കൽപ്പങ്ങളെ എതിർക്കുന്നതാണ് ഈ കണ്ടെത്തൽ. വ്യക്തികളെ അവരുടെ പ്രായത്തെ അടിസ്ഥാനമാക്കിയല്ല മറിച്ച്, അവരുടെ യഥാർഥ കഴിവുകളിലും സ്വഭാവവിശേഷങ്ങളും മനസ്സിലാക്കിയാണ് വിലയിരുത്തേണ്ടത് എന്നുകൂടി പഠനം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.