ശബരിമല ക്ഷേത്രം
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ ശബരിമല മാസ്റ്റർ പ്ലാൻ, സ്പിരിച്വൽ ടൂറിസം സർക്യൂട്ട്, ശബരിമലയുടെ തിരക്ക് നിയന്ത്രണം എന്നീ മൂന്ന് വിഷയങ്ങളിൽ മാത്രമാകും ചർച്ച. ആചാരനുഷ്ഠനങ്ങൾ, സ്ത്രീപ്രവേശനം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാവില്ല. പമ്പാതീരത്ത് മൂന്ന് വേദികളിലാണ് ചർച്ചകൾ നടക്കുക.
20ന് രാവിലെ എട്ടിന് രജിസ്ട്രേഷനോടെ ആരംഭിക്കുന്ന സംഗമം വൈകീട്ട് 3.50ന് സമ്മേളനത്തോടെ സമാപിക്കും. രാവിലെ ഒമ്പതിന് പരമ്പരാഗത വാദ്യമേളങ്ങൾ അരങ്ങേറും. തുടർന്ന് 10.35ന് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനംചെയ്യും. സമീപനരേഖയുടെ അവതരണത്തോടെ ചർച്ചകളിലേക്ക് കടക്കും.
പ്രധാനവേദിയിലാണ് മാസ്റ്റർ പ്ലാൻ സംബന്ധിച്ച ചർച്ച നടക്കുക. ശബരിമയിലെ സുസ്തിരവികസനം എങ്ങനെ വേണം, മാസ്റ്റർ പ്ലാനിന് വേണ്ട 1072 കോടിയുടെ കണ്ടെത്തൽ ഉൾപ്പെടെ വിഷയങ്ങൾ ചർച്ചചെയ്യും. പാനലിസ്റ്റുകൾക്ക് 15 മിനിറ്റ് സമയമാണ് അനുവദിക്കുന്നത്. രണ്ടാംവേദിയിൽ ആത്മീയ ടൂറിസം സാധ്യതകളെ ആഗോള ടൂറിസവുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച നടക്കും. മൂന്നാംവേദിയിൽ തീർഥാടകർക്ക് തിരക്കില്ലാതെ എങ്ങനെ ദർശനം പൂർത്തിയാക്കാം, ഇതുസംബന്ധിച്ച ക്രമീകരണവും മുന്നൊരുക്കവും അവതരിപ്പിക്കും.
1.30ന് ഉച്ചഭക്ഷണവും തുടർന്ന് രണ്ടുമുതൽ പ്രധാനവേദിയിൽ ഗായകരായ വിജയ് യേശുദാസ്, അഭിഷേക് മണി, സുധീപ് ഉൾപ്പെടെ പങ്കെടുക്കുന്ന ഭക്തിഗാനമേളയും നടക്കും. സമാപന സമ്മേളനശേഷമാകും സമ്മേളന പ്രതിനിധികൾ സന്നിധാനത്തേക്ക് പോകുക. ദർശനത്തിന് വി.ഐ.പി പരിഗണന ഉൾപ്പെടെ നൽകരുതെന്ന് ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്. കോടതിയുടെ നിരീക്ഷണം പരിപാടിയിലുണ്ടാകും.
മാസപൂജ സമയങ്ങളിൽ സാധാരണയായി പ്രതിദിനം 50,000 വെർച്വൽ ക്യൂ സ്ലോട്ടുകളാണ് അനുവദിച്ചിരുന്നത്. അയ്യപ്പ സംഗമം നടക്കുന്ന 19, 20 തീയതികളിൽ 10,000 ആയി കുറച്ചു. നിലവിൽ 19ലെ ബുക്കിങ് അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.