ഫിറ്റ്നസിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ജിമ്മും ട്രാക് സ്യൂട്ടും മാറ്റുമെല്ലാമുള്ള ചിത്രമല്ലേ മനസ്സിലേക്കു വരുന്നത്. എന്നാൽ ആ ഫിറ്റ്നസിനെക്കുറിച്ചല്ല ഇനി പറയുന്നത്. സ്ഥിരമായ വ്യായാമത്തിലൂടെ മസിലുകളെ ശക്തിപ്പെടുത്തുന്നതുപോലെ നമ്മുടെ മാനസിക സൗഖ്യവും സ്ഥിരമായ പരിശീലനം ആവശ്യപ്പെടുന്നുണ്ട്. ഇതിനെ ‘ഇമോഷനൽ ഫിറ്റ്നസ്’ എന്നു വിളിക്കാം. ശാരീരിക ഫിറ്റ്നസ് പോലത്തന്നെ ഇതും ഒരു ദിവസംകൊണ്ട് കൈവരിക്കാനാകുന്നതല്ല. സമയവും അധ്വാനവും ചെലവിട്ട് നേടിയെടുക്കേണ്ടതാണ്. വർക്കൗട്ട് സമയം ക്രമീകരിക്കുന്നപോലെ നമ്മുടെ വൈകാരിക നില സ്വയം പരിശോധിക്കാനും വിലയിരുത്താനും മെച്ചപ്പെടുത്താനും സമയം നിശ്ചയിക്കണമെന്ന് ലൈഫ് കോച്ചുമാർ പറയുന്നു.
‘‘ഒട്ടേറെ പേർക്ക് മെന്റർഷിപ് നൽകിയതിന്റെ അടിസ്ഥാനത്തിൽ പറയട്ടെ, പ്രഫഷനൽ വിജയം കൈവരിച്ചവരെല്ലാം അതീവ കാര്യക്ഷമതയുള്ള സ്കിൽ ഉള്ളവരാണെന്ന് ഞാൻ കരുതുന്നില്ല. മറിച്ച്, അവരെല്ലാം കരുത്തുറ്റ വൈകാരിക അതിജീവന ശേഷി ഉള്ളവരാണ്’’ -പ്രമുഖ മെന്ററിങ് സ്ഥാപന മേധാവി അബ്ദുൽ നാസിർ ശൈഖ് പറയുന്നു.
ഇമോഷനെ നിയന്ത്രിക്കാൻ വഴികളുണ്ട്
സ്വയം അവബോധം എന്ന വാംഅപ്: ജിമ്മിൽ വെയ്റ്റ് ലിഫ്റ്റിനു മുമ്പ് നാം വാംഅപ് ചെയ്യാറുള്ള പോലെ സ്വന്തത്തെക്കുറിച്ചുള്ള അവബോധം ശരിയാക്കി വെക്കുന്നതാണ് ഇമോഷനൽ ഫിറ്റ്നസിലെ വാംഅപ്. ചിന്താഗതി നിയന്ത്രണം എന്ന പ്രധാന പരിശീലനം: വൈകാരികമായി, ഏറ്റവും പ്രധാന പരിശീലനം എന്നത് നമ്മുടെ ചിന്താഗതി നിയന്ത്രണമാണ്. ഒരു ടീം ലീഡർ തന്റെ ടീമിന്റെ പരാജയപ്പെട്ട പ്രോജക്ടിനെ ഒരു പഠന നിക്ഷേപമായി കണ്ടപ്പോൾ, ‘കുറ്റപ്പെടുത്തൽ’ അന്തരീക്ഷം ഒഴിവാക്കാനും കുറെ കാര്യങ്ങൾ മെച്ചപ്പെടുത്താനും സാധിച്ചു. അതിലൂടെ ടീമിനെ മികവിലെത്തിക്കാൻ സാധിച്ചു.
എൻഡ്യുറൻസ് എന്ന മനോനിയന്ത്രണം: ജിമ്മിലെ എൻഡ്യുറൻസ് ട്രെയിനിങ് എന്നത്, ദീർഘനേരം വർക്കൗട്ട് ചെയ്യാനുള്ള, പേശികളുടെയും കാർഡിയോവാസ്കുലാർ സംവിധാനങ്ങളുടെയും കഴിവാണ്. അതുപോലെ, മനോനിയന്ത്രണമെന്നത് ജീവിതത്തിൽ പ്രതീക്ഷിക്കാത്ത വെല്ലുവിളി സമയത്തുപോലും മനസ്സിനെ ശാന്തമായി നിലനിർത്താനുള്ള കഴിവാണ്. ആഴത്തിലുള്ള ശ്വാസോച്ഛ്വാസം, ജേണലിങ്, പ്രകൃതിയിൽ നേരം ചെലവാക്കൽ തുടങ്ങിയവ, വികാരങ്ങളെ ശാന്തമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നു.
റിക്കവറി എന്ന ആത്മപരിശോധന: വർക്കൗട്ടിനുശേഷം ശരിയായ വിശ്രമം അനിവാര്യമാണ് എന്നപോലെ മാനസികമായ റിക്കവറിക്കും വിശ്രമവും ആത്മപരിശോധനയും അനിവാര്യമാണ്. പ്രിയപ്പെട്ടവർക്കൊപ്പം ചെലവഴിക്കുന്ന സമയം, ഹോബികൾ, അല്ലെങ്കിൽ നശ്ശബ്ദമായി ഇരിക്കുന്നതുപോലും ഈ റിക്കവറിയുടെ ഭാഗമാണ്. ചുരുക്കത്തിൽ, അനുഭവങ്ങളെ ജ്ഞാനമായി മാറ്റുന്നത് ആത്മപരിശോധനയാണ്.
സ്ഥിരതയിലൂടെ ജയം: മാസത്തിൽ ഒരു പ്രാവശ്യം വ്യായാമം ചെയ്താൽ ശരീരം ഫിറ്റാകുമെന്ന് ആരും കരുതില്ലല്ലോ. അതുപോലെയാണിതും. മാനസികമായ കരുത്തും ദിവസേനയുള്ള ചെറിയ പരിശീലനങ്ങളിലൂടെയാണ് കൈവരിക്കാനാകുക. കൃതജ്ഞത ശീലം, അർഥപൂർണമായ സംഭാഷണങ്ങൾ, ശ്രദ്ധയോടെ ചെലവഴിക്കുന്ന നിമിഷങ്ങൾ തുടങ്ങിയവ നിങ്ങളുടെ മാനസിക പേശികൾ സജീവമാക്കുന്നു.
വേഗത്തെയും റിസൽട്ടിനെയും വിജയത്തിന്റെ അളവായി കണക്കാക്കുന്ന ഈ ലോകത്ത്, മാനസിക ഫിറ്റ്നസ് നിങ്ങളെ അൽപം സ്ലോ ആകാനും വ്യക്തതയോടെ ചിന്തിക്കാനും കരുത്ത് തരും. സ്വന്തത്തോടും മറ്റുള്ളവരോടും ആഴത്തിൽ കണക്ട് ആകാനും അത് സഹായിക്കും. ഇമോഷനൽ ഫിറ്റ്നസ് ആഡംബരമല്ല, അത്യാവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.