തിരുവനന്തപുരം: ചികിത്സ പിഴവുകളും വൈകലും സംബന്ധിച്ച പരാതികൾ ഒന്നിന് പിറകെ ഒന്നായി ഉയർന്നിട്ടും കൃത്യമായ അന്വേഷണമില്ലാതെയും റിപ്പോർട്ടുകൾ പലതും വെളിച്ചം കാണാതെയും അസ്തമിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നെഞ്ചുവേദനയുമായി എത്തിയ രോഗി മതിയായ ചികിത്സ ലഭിക്കാതെ മരിച്ചതാണ് ഏറ്റവും ഒടുവിലെ സംഭവം. ഇതിലും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. ഒരുപിഴവും സംഭവിച്ചിട്ടില്ലെന്ന റിപ്പോർട്ടാവും ഇനി പുറത്തുവരിക. കഴിഞ്ഞ ഏട്ട് വർഷമായി ചെറുതും വലുതുമായ 50ലേറെ അന്വേഷണങ്ങളാണ് ആരോഗ്യ- മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകൾ നടത്തിയത്. ഒന്നുപോലും വെളിച്ചം കണ്ടില്ല.
പുതിയ സംഭവത്തിൽ ചികിത്സാപിഴവില്ലെന്ന് അധികൃതർ വിശദീകരിക്കുമ്പോഴും ഉത്തരവാദിത്തത്തിൽനിന്ന് ഡോക്ടർമാർക്കും ആരോഗ്യ വകുപ്പിനും ഒഴിഞ്ഞുമാറാനാകില്ല. അഞ്ചുദിവസം മെഡിക്കൽ കോളജിൽ കിടന്ന വേണുവിന് തന്റെ ദുരവസ്ഥ സുഹൃത്തിന് ശബ്ദസന്ദേശമായി അയക്കേണ്ടിവന്ന സാഹചര്യം ഗൗരവതരമാണ്.
സംസ്ഥാനത്തെ ഏത് ആശുപത്രിയിലാണെങ്കിലും രോഗിക്ക് യഥാസമയം ചികിത്സ കിട്ടിയില്ലെങ്കിൽ നഷ്ടമാകുന്നത് ജീവൻ രക്ഷിക്കാനുള്ള നിർണായക സമയമാണ്. അത് നഷ്ടപ്പെടുന്നുവെന്നാണ് ആ ശബ്ദസന്ദേശത്തിലുള്ളത്. മെഡിക്കൽ കോളജ് ജീവനക്കാരുടെ ഇടപെടലും കാരുണ്യപരമല്ലാത്ത സമീപനവുമാണ് ശബ്ദസന്ദേശത്തിന് പിന്നിൽ.
ക്രിയാറ്റിൻ ഉയർന്ന നിലയിലായിരുന്ന, പലവട്ടം സ്ട്രോക് വന്നയാൾക്ക് ഹൃദയാഘാതമുണ്ടായി 24 മണിക്കൂറിന് ശേഷമെത്തിയാൽ നൽകാവുന്ന ചികിത്സയെല്ലാം വേണുവിന് നൽകിയെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം. അങ്ങനെയെങ്കിൽ ബുധനാഴ്ച വൈകീട്ട് പെട്ടെന്ന് വേണുവിന് വീണ്ടും ഹൃദയാഘാതമുണ്ടായ സാഹചര്യം ഒഴിവാക്കാമായിരുന്നില്ലേയെന്നതാണ് ഉയരുന്ന സംശയം. സംഭവത്തിൽ നിർണായക മണിക്കൂറുകൾ പാഴായെന്നാണ് ആരോപണം.
ശനിയാഴ്ച ഉച്ചക്ക് കൊല്ലം ജില്ല ആശുപത്രിയിലെത്തിയ വേണുവിനെ കാഷ്വാലിറ്റിയിൽ പരിശോധിച്ചതല്ലാതെ കാർഡിയോളജിസ്റ്റിന്റെ സേവനം ലഭിച്ചിരുന്നില്ല. കാത്ത്‌ലാബ് സൗകര്യമുള്ള ജില്ല ആശുപത്രിയിൽ മതിയായ ചികിത്സ ഒരുക്കിയിരുന്നെങ്കിൽ ഒരുപക്ഷേ ഇത്തരമൊരു അവസ്ഥ ഒഴിവാക്കാമായിരുന്നു. ആരോഗ്യ രംഗത്ത് മുന്നേറുന്ന കേരളത്തിലെ ജില്ല ആശുപത്രികൾക്ക് ഇത്തരം റിസ്കുകൾ ഏറ്റെടുക്കാൻ കഴിയാതെ പോകുന്നത് രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ്. കൊല്ലത്ത് പാരിപ്പള്ളി മെഡിക്കൽ കോളജുണ്ടായിട്ടും തിരുവനന്തപുരത്തോ ആലപ്പുഴയിലോ പോകണമെന്നാണ് വേണുവിനോട് ജില്ല ആശുപത്രിയിലെ ഡോക്ടർ നിർദേശിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ പിന്നെ എന്ത് ചികിത്സ നടക്കുന്നു എന്നതും വലിയ ചോദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.