ഇന്ത്യൻ പുരുഷന്മാർക്കിടയിൽ മാനസികാരോഗ്യം ഇപ്പോഴും വെല്ലുവിളിയാവുന്നത് എന്തുകൊണ്ട്?

ഇന്ത്യയിൽ പ്രത്യേകിച്ച് പുരുഷന്മാർക്കിടയിൽ മാനസികാരോഗ്യം അവഗണിക്കപ്പെട്ട ഒരു മേഖലയായി തുടരുന്നു. ഇന്ത്യൻ പുരുഷന്മാർക്കിടയിൽ മാനസികാരോഗ്യം ഇപ്പോഴും ഒരു തടസ്സമായി നിലനിൽക്കുന്നതിന് സാമൂഹികവും സാംസ്കാരികപരവുമായ നിരവധി കാരണങ്ങളുണ്ട്. ഇത് വ്യക്തിഗതമായ പ്രശ്‌നത്തേക്കാൾ ഉപരിയായി സമൂഹത്തിന്റെ ഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു പുരുഷൻ ശക്തനും, വികാരരഹിതനും, എപ്പോഴും നിയന്ത്രണമുള്ളവനും ആയിരിക്കണം എന്ന സാമൂഹികമായ പ്രതീക്ഷയുണ്ട്. ദുർബലത പ്രകടിപ്പിക്കുന്നത് ഉദാഹരണത്തിന് കരയുന്നത്, ഭയം പ്രകടിപ്പിക്കുന്നത് പരാജയമായി കണക്കാക്കപ്പെടുന്നു. താൻ മാനസികമായി ബുദ്ധിമുട്ടിലാണ് എന്ന് തുറന്നു പറയുന്നത് തന്റെ പൗരുഷത്തിന് കളങ്കമാണെന്ന് കരുതുന്നവരുമുണ്ട്. ഇത് സഹായം തേടുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നു.

പാരിസ്ഥിതിക സമ്മർദങ്ങൾ, ജനിതകശാസ്ത്രം തുടങ്ങിയ വിവിധ ഘടകങ്ങൾ കാരണം മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. ഒരു വ്യക്തിയുടെ മാനസികാരോഗ്യം നല്ലതാണെങ്കിൽ അവർ ജീവിതത്തിലെ വെല്ലുവിളികളെ നന്നായി നേരിടുകയും പൊതുവെ കൂടുതൽ സന്തോഷം അനുഭവിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും അവർ സമ്മർദമോ ബുദ്ധിമുട്ടുകളോ ഇല്ലാതെ ജീവിക്കുന്നു എന്നല്ല ഇതിനർത്ഥം. ഇന്ത്യയിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ സാധാരണയായി 14 നും 24 നും ഇടയിൽ പ്രായമുള്ളവരിലാണ് ആരംഭിക്കുന്നത്. വിഷാദം, ഉത്കണ്ഠ, ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ, ഭക്ഷണക്രമക്കേടുകൾ എന്നിവയാണ് യുവാക്കൾ നേരിടുന്ന ഏറ്റവും സാധാരണമായ അവസ്ഥകളിൽ ചിലത്.

കുടുംബത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ഉത്തരവാദിത്തങ്ങൾ പലപ്പോഴും പുരുഷന്മാരിൽ അടിച്ചേൽപ്പിക്കപ്പെടുന്നു. ഈ സമ്മർദം പുറത്ത് പ്രകടിപ്പിക്കുന്നത് താൻ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പരാജയപ്പെടുന്നു എന്ന തോന്നൽ ഉണ്ടാക്കിയേക്കാം. കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകുമ്പോൾ സ്വന്തം മാനസികാരോഗ്യം ശ്രദ്ധിക്കുന്നത് ഒരു അനാവശ്യമായി കാണുന്നവരുമുണ്ട്. മാനസികാരോഗ്യ പ്രശ്‌നങ്ങൾ തുറന്നു പറഞ്ഞാൽ, താൻ ഭ്രാന്തനാണെന്നോ, അല്ലെങ്കിൽ ദുർബലനാണെന്നോ ആളുകൾ മുദ്രകുത്തുമോ എന്ന ഭയവും ശക്തമാണ്. ഒരു സ്ഥാപനത്തിൽ നിന്നോ, ജോലി സ്ഥലത്ത് നിന്നോ, അല്ലെങ്കിൽ സമൂഹത്തിൽ നിന്നോ ഒറ്റപ്പെടുമോ എന്ന ആശങ്കയും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് അവരെ തടയുന്നു.

മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ ശരിയായ ലക്ഷണങ്ങളെക്കുറിച്ച് പലർക്കും അറിവില്ല. വിഷാദം എന്നത് കേവലം സങ്കടം മാത്രമാണെന്ന് തെറ്റിദ്ധരിക്കപ്പെടുകയും, സ്വയം നിയന്ത്രിച്ച് മാറ്റാൻ കഴിയും എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. കൗൺസിലിങ്, തെറാപ്പി എന്നിവയെക്കുറിച്ച് തെറ്റിദ്ധാരണകളുണ്ട്. ഇത് ഭ്രാന്തന്മാർക്ക് ഉള്ളതാണ് എന്ന പൊതുബോധം ശക്തമാണ്. ഈ കാരണങ്ങൾ കാരണം, പല ഇന്ത്യൻ പുരുഷന്മാരും തങ്ങളുടെ മാനസിക ബുദ്ധിമുട്ടുകൾ പുറത്തു പറയാതെ അകത്ത് ഒതുക്കി വെക്കുകയും, അത് വിഷാദം, ഉത്കണ്ഠ, ദേഷ്യം, അമിതമായ മദ്യപാനം പോലുള്ള മറ്റ് പ്രശ്‌നങ്ങളായി പുറത്തേക്ക് വരികയും ചെയ്യുന്നു. കുടുംബാംഗങ്ങളോടോ വിശ്വസ്തരായ സുഹൃത്തുക്കളോടോ നിങ്ങളുടെ വികാരങ്ങളെക്കുറിച്ചും സമ്മർദങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കാൻ ശ്രമിക്കുക. മെന്‍റലി ഓക്കെ അല്ലെങ്കിൽ ഞാൻ മാനസികമായി ബുദ്ധിമുട്ടിലാണ് എന്ന് പറയാൻ ധൈര്യം കാണിക്കുക.

Tags:    
News Summary - Why Mental Health Is Still a Taboo among Indian Men

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.