പ്രതീകാത്മക ചിത്രം

സാഹചര്യത്തിനനുസരിച്ച് പെരുമാറ്റവും മാറാൻ കാരണമെന്ത്?

ഒരു സാഹചര്യത്തിനനുസരിച്ച് നമ്മുടെ പെരുമാറ്റത്തിൽ മാറ്റം വരുന്നതിന് പിന്നിലെ കാരണമെന്താണ്? ഇതേക്കുറിച്ച് അന്വേഷിച്ച ശാസ്ത്രജ്ഞർ എലികളെ ഉപയോഗിച്ച് പരീക്ഷണം നടത്തി. തലച്ചോറിലെ പ്രത്യേക സംവിധാനമാണ് ഇതിന് പിന്നിലെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഉത്തരം. അഡിക്ഷൻ, ഒബ്സസിവ് കംപൽസിവ് ഡിസോർഡർ (ഒ.സി.ഡി) തുടങ്ങിയ അവസ്ഥകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

നമ്മൾ ചെറുപ്പത്തിൽ കഥാപുസ്തകങ്ങളിൽ കണ്ടിട്ടുള്ള ‘വഴികാണിച്ചുകൊടുക്കുക’ എന്ന പരിപാടിയുണ്ടല്ലോ? പഠനത്തിനായി വെർച്വൽ റിയാലിറ്റിയിൽ ഇത്തരമൊരു സംഭവം തയാറാക്കുകയാണ് ജപ്പാനിലെ ഒകിനാവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ശാസ്ത്രജ്ഞർ ചെയ്തത്. ഇതിലൂടെ കടന്നുപോകാൻ എലികളെ പരിശീലിപ്പിച്ചു. ശരിയായ റൂട്ടിലൂടെ പോയി സമ്മാനം നേടാനും എലികളെ പഠിപ്പിച്ചു. എന്നാൽ, ഈ റൂട്ടിൽ പിന്നീട് മാറ്റം വരുത്തി. ഇതോടെ, എലികൾക്ക് സമ്മാനം നേടാനായില്ല.

റൂട്ടിൽ മാറ്റം വന്നപ്പോൾ എലികളുടെ തലച്ചോറിന്റെ ചില ഭാഗങ്ങളിൽ (സ്ട്രിയാറ്റം പോലുള്ളവ) അസറ്റൈൽകോളിൻ എന്ന രാസവസ്തു പുറപ്പെടുന്നതിൽ ഗണ്യമായ വർധനവുള്ളതായി കണ്ടെത്തി. പരാജയത്തിൽനിന്ന് പാഠം പഠിച്ച് പെരുമാറ്റത്തിൽ മാറ്റം വരുത്തുന്ന ‘ലോസ്-ഷിഫ്റ്റ്’ സ്വഭാവം കൂടുതൽ എലികൾ പ്രദർശിപ്പിക്കുന്നതും കണ്ടതായി നാച്വർ കമ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ശാസ്ത്രജ്ഞനായ ഗിഡിയൻ സർപോംഗ് പറഞ്ഞു.

പേശികളുടെ സങ്കോചം, പഠനം, ഓർമ, ശ്രദ്ധ എന്നിവക്ക് അസറ്റൈൽകോളിൻ നിർണായകമാണ്. ഇതിന്റെ അസന്തുലിതാവസ്ഥ അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രചോദനം, ശീലങ്ങൾ രൂപപ്പെടുത്തൽ എന്നിവയിൽ സ്ട്രിയാറ്റം എന്ന തലച്ചോറിലെ ഭാഗം പ്രധാനമാണ്.

അസറ്റൈൽകോളിൻ കൂടുന്നതിനനുസരിച്ച് എലികൾ തെരഞ്ഞെടുപ്പ് രീതികൾ മാറ്റാനുള്ള സാധ്യത കൂടുതലാണ്. ശീലങ്ങൾ മാറ്റുന്നതിലും പുതിയ കാര്യങ്ങൾ തിരഞ്ഞെടുക്കുന്നതിലും അസറ്റൈൽകോളിന്റെ പ്രാധാന്യമാണ് ഇത് തെളിയിക്കുന്നത്. എലികളിൽ അസറ്റൈൽകോളിൻ ഉൽപാദനം നിർത്തിയതോടെ, ലോസ്-ഷിഫ്റ്റ് സ്വഭാവത്തിൽ ഗണ്യമായ കുറവ് കണ്ടെത്തി. ഇതോടെ, പെരുമാറ്റങ്ങളെ പൊരുത്തപ്പെടുത്തുന്നതിൽ ഈ രാസവസ്തുവിന് കാര്യമായ പങ്കുണ്ടെന്ന് വ്യക്തമായി. 

Tags:    
News Summary - What is the reason why behavior changes according to the situation?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.