സാധാരണ കുട്ടിക്കാലത്തുനിന്ന് വ്യത്യസ്തമായി സവിശേഷമായ മാനസിക സമ്മർദങ്ങളാണ് ബാലതാരങ്ങൾ പലപ്പോഴും നേരിടുന്നത്. ഡാനിയൽ റാഡ്ക്ലിഫ്, നോവ ഷ്നാപ്പ് തുടങ്ങിയ മുൻകാല ബാലതാരങ്ങളും മാനസികാരോഗ്യ പ്രവർത്തകരും ഈ വെല്ലുവിളികൾ നേരിടാൻ നിർബന്ധിത തെറാപ്പി വേണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുണ്ട്.
‘ബാല്യത്തിൽ അഭിനയിക്കുക എന്നത് വലിയൊരു കാര്യമാണ്. മാനസികമായി തകരാതെ അതിൽ നിന്ന് പുറത്തുവരുന്നത് ഒരു ഭാഗ്യം കൂടിയാണ്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ മാതാപിതാക്കളും, സെറ്റിൽ എന്നെ നോക്കിക്കണ്ടവരും വളരെ നല്ലവരായിരുന്നു എന്നത് എന്റെ ഭാഗ്യമാണ്. ശരിയായ സമയത്ത് ശരിയായ ആളുകളുടെ കൂടെ നിൽക്കുക എന്നത് വളരെ പ്രധാനമാണ്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വളരെ ദാരുണമായ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്’ ഡാനിയേൽ പറഞ്ഞു.
‘ഒരു ചെറുപ്പക്കാരനായ നടൻ ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. അത് എന്തുകൊണ്ട് സംഭവിച്ചു എന്ന് ആളുകളുമായി സംസാരിച്ചപ്പോൾ മനസ്സിലായ കാര്യമുണ്ട്. എന്നെപ്പോലെ തന്നെ, പുറമെയുള്ളവർ നിനക്ക് എല്ലാം ഉണ്ട്, നീ നടനാണ്, ഇത്ര ചെറിയ പ്രായത്തിൽ തന്നെ പണമുണ്ട് എന്ന് കരുതുന്നതുകൊണ്ട് തങ്ങൾക്ക് പരാതിപ്പെടാൻ അർഹതയില്ല എന്ന് അവർ വിശ്വസിക്കുന്നു. അങ്ങനെയൊരു അന്തരീക്ഷത്തിൽ നിന്ന് പുറത്തുകടക്കുക എന്നത് വളരെ പ്രയാസകരമാണ്. അതുകൊണ്ട് തന്നെ നിർബന്ധിത തെറാപ്പി എന്നത് വളരെ നല്ലൊരു കാര്യമായിരിക്കും. തെറാപ്പി സാധാരണവൽക്കരിക്കണം. നിങ്ങൾക്ക് ആവശ്യമെന്ന് തോന്നുന്നതിന് മുമ്പേ തന്നെ തെറാപ്പി ആരംഭിക്കണം’ ഡാനിയേൽ കൂട്ടിച്ചേർത്തു.
അമിതമായ സമ്മർദം: വളരെ ചെറിയ പ്രായത്തിൽ തന്നെ പ്രശസ്തിയുടെ വെളിച്ചത്തിൽ ജീവിക്കേണ്ടി വരുന്നത് കുട്ടികളിൽ വലിയ ഉത്കണ്ഠക്കും സമ്മർദത്തിനും കാരണമാകുന്നു.
ആത്മവിശ്വാസക്കുറവ്: മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാത്തപ്പോൾ ഉണ്ടാകുന്ന ഭയവും, തുടർച്ചയായുള്ള വിമർശനങ്ങളും അവരുടെ ആത്മവീര്യത്തെ ബാധിക്കാം.
ആൾമാറാട്ടം: വളരുന്ന പ്രായത്തിൽ സ്വന്തം വ്യക്തിത്വം തിരിച്ചറിയുന്നതിന് മുമ്പേ പൊതുസമൂഹത്തിന്റെ മുന്നിൽ ഒരു റോൾ ആയി ജീവിക്കേണ്ടി വരുന്നത് കുട്ടികളെ ആശയക്കുഴപ്പത്തിലാക്കുന്നു.
തിരസ്കരണങ്ങൾ: പ്രൊഫഷണൽ രംഗത്ത് നേരിടേണ്ടി വരുന്ന തിരസ്കരണങ്ങളും പൊതുജനങ്ങൾ നടത്തുന്ന പരിഹാസങ്ങളും ഇവരുടെ മാനസിക നിലയെ ദോഷകരമായി ബാധിക്കാറുണ്ട്.
ശാരീരിക-മാനസിക അസന്തുലിതാവസ്ഥ: കൃത്യമല്ലാത്ത ഉറക്കവും ഭക്ഷണക്രമവും, ഉയർന്ന ജോലി സമ്മർദവും കുട്ടികളുടെ നാഡീവ്യവസ്ഥയെ തകരാറിലാക്കുന്നു.
പെരുമാറ്റത്തിലെ മാറ്റങ്ങൾ: കാമറക്ക് മുന്നിൽ ആത്മവിശ്വാസത്തോടെ പെരുമാറുന്ന കുട്ടികൾ ഉള്ളിൽ വലിയ വൈകാരിക ഭാരം പേറുന്നുണ്ടാകാം. ഇത് അവരുടെ പെരുമാറ്റത്തിൽ പ്രകടമാകും.
ബാലതാരങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ മാതാപിതാക്കളും രക്ഷിതാക്കളും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളുടെ പെരുമാറ്റത്തിൽ ചെറിയ മാറ്റങ്ങൾ കണ്ടാൽ പോലും ഉടൻ വിദഗ്ദ്ധ സഹായം തേടുക. കുട്ടികളോട് കാര്യങ്ങൾ സംസാരിക്കാനും അവരുടെ വികാരങ്ങളെ മാനിക്കാനും രക്ഷിതാക്കൾക്ക് കഴിയണം. എത്ര തിരക്കിലാണെങ്കിലും കൃത്യമായ ഉറക്കം, ഭക്ഷണം, ശാരീരിക വ്യായാമം എന്നിവ ഉൾപ്പെടുന്ന ഒരു ജീവിതശൈലി ഉറപ്പാക്കുക. വീടിനുള്ളിൽ ശാന്തമായ അന്തരീക്ഷം ഒരുക്കുക. സ്‌ക്രീൻ സമയം കുറക്കാനും റിലാക്സേഷൻ ടെക്നിക്കുകൾ പഠിപ്പിക്കാനും ശ്രദ്ധിക്കുക.
ബാല്യത്തിൽ അഭിനയിക്കുന്നത് തെറ്റായ കാര്യമല്ല, എന്നാൽ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വിമർശനങ്ങളും അമിതമായ ശ്രദ്ധയും കുട്ടികളെ ബാധിക്കുന്നു. അതിനാൽ, അവരുടെ വ്യക്തിത്വത്തെയും അഭിനയത്തെയും വേർതിരിച്ചറിയാൻ തെറാപ്പി ഒരു സുരക്ഷിത ഇടം നൽകുന്നു. വിഷാദം, ലഹരി ഉപയോഗം, ഭക്ഷണക്രമവുമായി ബന്ധപ്പെട്ട തകരാറുകൾ എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ നേരത്തെയുള്ള തെറാപ്പി സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.