ഷെയറിങ് ഈസ് കെയറിങ്

പങ്കുവെക്കല്‍ സംസ്‌കാരത്തിന്‍റെ ഭാഗമായി മാറേണ്ടതുണ്ട്. പങ്കിടലിന്‍റെ അല്ലെങ്കില്‍ ദാനത്തിന്‍റെ മഹത്വം വിളിച്ചോതുന്നതാണ് നമ്മുടെ വിശ്വാസ സംഹിതകളെല്ലാം. സക്കാത്ത് എന്ന സമ്പ്രദായത്തിലൂടെ ഇസ്‌ലാം മതവും ‘നീ ഉണ്ടില്ലെങ്കിലും മറ്റുള്ളവനെ ഊട്ടുക’ എന്ന വചനത്തോടെ ക്രിസ്തുവുമെല്ലാം പറയുന്നത് ദാനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചാണ്. ‘ഷെയറിങ് ഈസ് കെയറിങ്’ എന്നാണ് പറയുന്നത്. നമുക്കുള്ളതിന്‍റെ പങ്ക് മറ്റുള്ളവര്‍ക്ക് കൂടി നല്‍കുകയെന്നത് മഹത്തായ സംസ്‌കാരമാണ്. മറ്റുള്ളവരെ ഉള്‍ക്കൊള്ളാനുള്ള മനസാണ് ഇവിടെ പ്രകടമാകുന്നത്. പലതരത്തിലുണ്ട് ഈ കൈമാറ്റം. ഗിവിങ് അല്ലെങ്കില്‍ കൊടുക്കുകയെന്നു പറയുമ്പോള്‍ നമുക്ക് ആവശ്യമില്ലാത്ത സാധനങ്ങള്‍ മറ്റൊരാള്‍ക്ക് നല്‍കുന്നു. അത് മോശംകാര്യമല്ല. പങ്കുവെക്കുക എന്നാവുമ്പോള്‍ അതിന് കുറേക്കൂടി വിശാലമായ മാനങ്ങളാണുള്ളത്.

പങ്കുവെക്കല്‍ ഒരിക്കലും ഒരുവന് മോശമായ കാര്യമല്ല, അതയാളില്‍ പോസിറ്റീവായ ഫലങ്ങളുണ്ടാകും. നമ്മള്‍ പങ്കിട്ടത് മറ്റൊരാളുടെ ജീവിതത്തിലുണ്ടാക്കുന്ന സന്തോഷം നമ്മളിലേക്കും വ്യാപിക്കും. മറ്റുള്ളവരുടെ സന്തോഷം നമ്മുടെ കൂടി സന്തോഷമാണെന്ന് മനസിലാക്കാനുള്ള മാനവികത ഉണ്ടാക്കും. നമുക്ക് വേണ്ടാത്തത് ദാനം ചെയ്യുകയെന്നതിനേക്കാള്‍, ഏറ്റവും ഇഷ്ടപ്പെട്ടത് കൊടുക്കാന്‍ കഴിയുക എന്നതാണ് ഏറ്റവും മഹത്തരം.

ദാനം എന്നതിന് സമ്പത്തോ പണമോ അതുപോലെന്തെങ്കിലുമോ ദാനം ചെയ്യുകയെന്നര്‍ത്ഥം മാത്രമല്ല. പണമില്ലാത്തവനും ദാനം ചെയ്യാം. സഹജീവിയ്ക്ക് നമ്മള്‍ ഹൃദയത്തില്‍ നിന്നും നല്‍കുന്ന ചെറു പുഞ്ചിരി, അയാളോട് നന്നായി പെരുമാറുന്നത്, ആശ്വാസകരമായ വാക്കുകള്‍ പറയുന്നത് ഇതെല്ലാം ദാനമാണ്. ചിലപ്പോള്‍ ഒരു ചിലവുമില്ലാതെ നമ്മള്‍ പറയുന്ന വാക്കുകള്‍ ഒരാളെ ജീവിതത്തിലേക്ക് തന്നെ തിരികെ കൊണ്ടുവന്നേക്കാം. ഇതെല്ലാം നമ്മളെ മറ്റുള്ളവരോട് ഉദാരതയും ദയയുമുള്ളവരാക്കും. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സഹജീവിയെ സ്‌നേഹിക്കാന്‍ കഴിവുള്ളവരാക്കും. ദരിദ്രനുപോലും കൈമെയ് മറന്ന് ദാനം ചെയ്യാന്‍ കഴിയും. കഷ്ടപ്പെടുന്നവര്‍ക്കായി ഭക്ഷണവും വസ്ത്രവും എന്തിന് ആശയംവരെ നല്‍കാനാവും. വിദേശരാജ്യങ്ങളിലെ ചില സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അധികം വരുന്ന ഭക്ഷണ സാധനങ്ങള്‍ എത്തിച്ചുനല്‍കിയാല്‍ സൂക്ഷിക്കാനും അത് ആവശ്യമുള്ളവര്‍ക്ക് വിതരണം ചെയ്യാനുമുള്ള സംവിധാനങ്ങളുണ്ട്. പണമില്ലാത്തവര്‍ക്കും നിരാലംബര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കുന്ന ഹോട്ടലുകളുണ്ട്. ഇങ്ങനെ പലതരത്തില്‍ നമുക്ക് മഹത്തായ ദാനത്തില്‍ പങ്കാളികളാവാം. അതിനുള്ള മനസ് ഉണ്ടാക്കിയെടുക്കുകയാണ് പ്രധാനം. മറ്റുള്ളവര്‍ക്കുവേണ്ടി എനിക്ക് ഇന്ന് എന്ത് നല്‍കാന്‍ കഴിയും എന്ന് ചിന്തിച്ചുകൊണ്ട് ഓരോ ദിവസവും എഴുന്നേല്‍ക്കുകയും ആ ദിവസം അവസാനിക്കുന്നതിന് മുമ്പ് സമൂഹത്തിന്, ലോകത്തിന്, സഹജീവികള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യുകയും വേണം.

റാന്‍ഡം ആക്ട് ഓഫ് കൈന്‍റ്​നസ് എന്ന ഒരു ആശയമുണ്ട്. നമുക്ക് ഒട്ടും പരിചയമില്ലാത്ത ഒരാള്‍ക്ക് വേണ്ടി നമ്മള്‍ ഒരു കാര്യം ചെയ്യുകയും അത് അത്തരം കാര്യം ചെയ്യാന്‍ അയാളെയും അതുവഴി കൂടുതലാളുകളെയും പ്രേരിപ്പിക്കുകയെന്നതാണിത്. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഇത് സാധാരണമാണ്. ഉദാഹരണത്തിന് അവിടങ്ങളിലെ ടോള്‍ ബൂത്തുകളിൽ പലപ്പോഴും പിറകില്‍ വരിനില്‍ക്കുന്ന ഒരു കൂട്ടം അപരിചിതര്‍ക്കുവേണ്ടി മുമ്പിലുള്ളവര്‍ ടോള്‍ അടയ്ക്കാറുണ്ട്. ഇത്തരത്തില്‍ നമുക്ക് പരിചയമില്ലാത്ത ആരോ നമുക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നുവെന്ന തോന്നല്‍ നമ്മളില്‍ മറ്റൊരാള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള പ്രേരണയുണ്ടാക്കും. അങ്ങനെ കൂടുതല്‍ കൂടുതല്‍ പേരിലേക്ക് ഈ ചിന്ത വ്യാപിക്കും.

Tags:    
News Summary - Sharing is caring

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.