പുതുതലമുറയുടെ ‘കാർബ് കട്ട്’ മുതൽ ‘മിനിമൽ ലൈഫ്’ വരെ

ജീവിതശൈലി ശീലങ്ങൾ പരസ്യമായി ചർച്ചക്കെടുക്കുന്ന ശൈലിയിലേക്ക് നാം വന്നുവെന്നതാണ്, ലൈഫ്സ്റ്റൈൽ രംഗത്ത് 2025 ലുണ്ടായ പ്രധാന മാറ്റങ്ങളിലൊന്ന്. സൗഹൃദ വിരുന്നുകളിലും കുടുംബ കൂട്ടായ്മകളിലും സോഷ്യൽ മീഡിയയിലുമെല്ലാം ‘എത്ര വൈകിയാണ് നിങ്ങൾ അത്താഴം കഴിക്കാറ് ?’, ‘കാർബ് കുറച്ച്, പ്രോട്ടീൻ ഇരട്ടിയാക്കിയോ’ എന്നു തുടങ്ങിയ ടോപിക്കുകൾ നിരന്തരം ചർച്ചക്കുവരുന്നുണ്ട്.

തലമുറകളായി പുലർത്തുന്ന അത്താഴ സമയക്രമം വളരെ നേരത്തേയാകുന്നു, കാർബോഹൈഡ്രേറ്റ് വില്ലനായി മാറുന്നു. അതേസമയം മറ്റു ചിലർ അതിനെ ന്യായീകരിക്കുന്നു. ഭക്ഷണത്തിനപ്പുറം, കരിയറിന്റെയും അഭിലാഷങ്ങളുടെയും കാര്യത്തിലും പതിവുകൾ മാറിയ വർഷംകൂടിയാണ്.

ആഗ്രഹങ്ങൾ എത്രമാത്രമാകാം ?, ‘മിനിമലിസം’ സ്വാതന്ത്ര്യമോ അതിർവരമ്പോ ? മാനസിക ചികിൽസയെന്നത് വൻ തകർച്ചയിൽ ചെയ്യേണ്ടതോ അതോ സെൽഫ് കെയറിന്റെ ഭാഗമായ സാധാരണ കാര്യമോ ? എന്നിങ്ങനെ പോകുന്നു കടന്നുപോകുന്ന വർഷത്തെ ചർച്ചകൾ. അതത് മേഖലകളിലെ വിദഗ്ധർ മാത്രമല്ല, സ്വയം പരീക്ഷിച്ച് അതിന്റെ ഫലം സമൂഹമാധ്യമങ്ങളിൽ വിവരിക്കുന്നവർ കൂടി രംഗത്തുവന്നിരിക്കുന്നു എന്നതാണ് 2025ന്റെ പ്രത്യേകത.

കാർബ്സ് പ്രോട്ടീൻ

കാലങ്ങളായി കാർബോഹൈഡ്രേറ്റിന് പ്രധാന്യം നൽകിവരുന്ന ഇന്ത്യൻ ഭക്ഷ്യശീലത്തെ കീഴ്മേൽ മറിക്കുന്ന തരം ചർച്ചകളാണ് ‘കാർബ്സ് V/S പ്രോട്ടീൻ’ തലക്കെട്ടിൽ ഇപ്പോൾ നടക്കുന്നത്. അമിതമായി കൊഴുപ്പും കാർബോഹൈഡ്രേറ്റും കഴിക്കുന്നതിലൂടെ അമിതവണ്ണം കൈവരിക്കുന്നത് ഇന്നത്തെ പ്രധാന പ്രശ്നമാണെന്നാണ് ന്യൂട്രീഷ്യൻ കോച്ച് ജസ്റ്റിൻ ഗിച്ചാബയുടെ പക്ഷം.

‘‘ കാർബ് അമിതമാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഞാൻ പിന്തുടരുന്നത്, 1.5:1 എന്ന അനുപാതം പിന്തുടരലാണ്. അതായത്, ഞാൻ കഴിക്കുന്ന ഓരോ ഒന്നര ഗ്രാം കാർബിനും ആനുപാതകമായി ഒരു ഗ്രാം പ്രോട്ടീനും കഴിക്കണമെന്ന്’’ - ജസ്റ്റിൻ ഗിച്ചാബയുടെ അവകാശവാദം ഇങ്ങനെ പോകുന്നു. അതേസമയം, ഫൈബറും കാർബോഹൈഡ്രേറ്റും കുത്തനെ കുറക്കുന്നതുകൊണ്ട് ദഹനസംവിധാനത്തിന് അസ്വസ്ഥതയുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു, പുണെ റൂബിഹാൾ ക്ലിനിക് കൺസൾട്ടന്റ് ഫിസീഷ്യൻ ഡോ. സാമ്രാട്ട് ഷാ.

അത്താഴ സമയം

വൈകുന്നേരത്തോടെ തന്നെ അത്താഴം കഴിക്കുന്ന ശീലത്തിലേക്ക് വലിയൊരു വിഭാഗം പുതുതലമുറ മാറിയതോടെ ഡിന്നർ ടൈം മാറിമറിഞ്ഞിരിക്കുന്നു. ‘‘വൈകി അത്താഴം കഴിക്കുന്നതോടെ നമ്മുടെ ഉപാപചയസംവിധാനം വിഷമത്തിലാകും. സൂര്യാസ്തമയത്തിനുശേഷം ദഹനശക്തിയും ‘ഗ്ലൂക്കോസ് സഹനശേഷി’യും കുറയുന്നു.

എട്ടു മണിക്കുശേഷം അത്താഴം കഴിക്കുന്നത് ഏറെ നാൾ പിന്തുടരുന്നവരുടെ ഭക്ഷണത്തിലെ ഊർജം വിനിയോഗിക്കപ്പെടാതെ കൊഴുപ്പായി ശേഖരിക്കാനുള്ള സാധ്യത ഏറെയാണ്’’-ഫിറ്റ്നസ് ഡയറ്റീഷ്യൻ ആശ്ലേഷ ജോഷി അഭിപ്രായപ്പെടുന്നു.

മിനിമലിസം ഓട്ടപ്പാച്ചിൽ

2025ലെ ജീവിതശൈലി ചർച്ചകളിൽ പ്രധാനമായിരുന്നു, തൊഴിലിട സംസ്കാരവും വ്യക്തിപരിമായ സവിശേഷതയും. കരിയർ ഉന്നതിക്കായി, എല്ലാം ത്യജിച്ച് കഠിനാധ്വാനം ചെയ്ത് ഓടിത്തളരുന്നതിന് ബദലായി, ‘കരിയർ മിനിമലിസം’ പരിശീലിക്കണമെന്നതാണ് പുതിയ കാല ഉപദേശങ്ങൾ. അമിതാഗ്രഹങ്ങളില്ലാത്തത് മാനസിക സൗഖ്യം നൽകുമെന്നും ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

മാനസിക പ്രശ്നങ്ങൾ ഉറക്കെപ്പറയുന്ന ജെൻ സി

മുമ്പൊക്കെ വളരെ വലിയ രഹസ്യമായിരുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ തുറന്ന് ചർച്ച ചെയ്യുന്ന ശീലത്തിലേക്ക് വന്നത് 2025ലെ വലിയ മാറ്റങ്ങളിലൊന്നാണ്. പുതിയ തലമുറയിലാണ് ഇത് ഏറെ ദൃശ്യം. വികാരങ്ങൾ അടക്കിനിർത്തുകയെന്ന പഴയ തലമുറയിൽ നിന്ന് മാറി നടക്കുകയാണ് ജെൻ സി.

അവരത് അർഥപൂർണമായ ചർച്ചകളിലേക്ക് കൊണ്ടുവരുന്നു, പരിഹാരം കാണുന്നു. തനിക്ക് വൈകാരിക പ്രശ്നങ്ങളും സ്ട്രെസും ഉണ്ടെന്ന് സമ്മതിക്കുന്നത് ദൗർബല്യമായി കാണേണ്ടതില്ല എന്നും അവ പ്രകടിപ്പിക്കുന്നതിലൂടെ സമ്മർദങ്ങൾ ഒഴിഞ്ഞുപോകാൻ സഹായിക്കുമെന്നും വിദഗ്ധർ പറയുന്നു.

Tags:    
News Summary - From the new generation's 'carb cut' to the 'minimal life'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:23 GMT