മൊബൈൽ ഫോണുകൾക്ക് നൽകുന്ന ശ്രദ്ധ പോലും മക്കൾക്ക് നൽകാൻ സാധിക്കാത്തവരാണ് ഇന്നത്തെ മിക്ക മാതാപിതാക്കളും. എന്നാൽ ശാരീരികമായി അടുത്തത് കൊണ്ട് തന്റെ കുട്ടിക്ക് മാതാപിതാക്കളുടെ അഭാവം തോന്നുകയില്ലെന്ന് ധരിക്കുന്നവർ അറിയാതെ പോകുന്ന ഒന്നാണ് ‘സോംബി പാരന്റിങ്’. കുട്ടികളുടെ അടുത്ത് ശാരീരികമായി ഉണ്ടാകുകയും എന്നാൽ മാനസികമായി അവരിൽ നിന്ന് വേറിട്ട് നിൽക്കുന്നതിനെയാണ് സോംബി പാരന്റിങ് എന്ന് പറയുന്നത്.
ക്ഷീണം കൊണ്ടോ ഡിജിറ്റൽ ലോകത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊണ്ടോ ആണ് ഇത് സംഭവിക്കുന്നത്. ഒന്നുകിൽ ശ്രദ്ധ മുഴുവൻ ഫോണിലോ ജോലികാര്യങ്ങളിലോ അതുമല്ലെങ്കിൽ മറ്റ് ആലോചനകളിലോ മുഴുകിയിരിക്കും. ഇത് കുട്ടികളെ കാര്യമായി ശ്രദ്ധിക്കാൻ അനുവദിക്കില്ല. അവരുടെ കളികൾ ആസ്വദിക്കാനോ അവരുമായി ആശയവിനിമയം നടത്താനോ സാധിക്കാതെ വരും.
പുതു തലമുറയിലെ മാതാപിതാക്കളിലാണ് ഇത് കൂടുതലായി കണ്ട് വരുന്നത്. ഇത്തരം അവസ്ഥകൾ കുട്ടികളുടെ പെരുമാറ്റത്തിൽ ധാരാളം മാറ്റം വരുത്തും. അവരുടെ മാനസികമായ വളർച്ചയെ ഗുരുതരമായി ബാധിക്കുന്ന അവസ്ഥയാണിത്. മാത്രവുമല്ല കുട്ടികളുടെ സ്ക്രീൻ അഡിക്ഷനും ഇത് കാരണമാകും.
കുട്ടികളിലെ മാറ്റങ്ങൾ
ആത്മവിശ്വാസക്കുറവ്: തന്നെ ആരും കാണുന്നില്ലെന്നും കേൾക്കുന്നില്ലെന്നും ഉള്ള തോന്നൽ കുട്ടികളിൽ അരക്ഷിതാവസ്ഥയും അപകർഷാബോധവും ഉണ്ടാക്കും.
വൈകാരിക അകൽച്ച: ഇത്തരം കുട്ടികൾക്കും മാതാപിതാക്കൾക്കും ഇടയിൽ വൈകാരികപരമായ അകൽച്ച ഇണ്ടാകും. ഇത് ഭാവിയിൽ മറ്റുള്ളവരുമായി അകൽച്ച സ്ഥാപിക്കുന്നതിന് തടസ്സമാകും.
പെരുമാറ്റത്തിലെ മാറ്റം: ശ്രദ്ധ ലഭിക്കാനായി കുട്ടികൾ അമിതമായ ദേഷ്യം, വാശി, അനുസരക്കേട് തുടങ്ങിയ സ്വഭാവങ്ങൾ കാണിക്കും.
സ്ക്രീൻ അഡിക്ഷൻ:മാതാപിതാക്കളെ അനുകരിച്ച് കുട്ടികളും ഡിജിറ്റൽ ലോകത്തിന് അടിമപ്പെടും. ഇത് അവരുടെ ശാരീരിക പ്രവർത്തനങ്ങളെ ബാധിക്കും. ഇത് കുട്ടികളുടെ വളർച്ച മന്ദഗതിയിലാക്കുകയും ആരോഗ്യത്തിന് ദോഷം വരുത്തുകയും ചെയ്യും.
ഉറക്കമില്ലായ്മ: വൈകാരികമായ പിരിമുറുക്കവും അമിതമായ സ്ക്രീൻ ഉപയോഗവും കുട്ടികളുടെ ഉറക്കത്തെ ബാധിക്കും. ശരിയായ ഉറക്കം ലഭിക്കാത്തത് ശാരീരിക ക്ഷീണത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവും.
ഭക്ഷണ ശീലത്തിലുണ്ടാകുന്ന മാറ്റം: മാതാപിതാക്കൾ ഫോണിലോ മറ്റ് ചിന്തകളിലോ മുഴുകി ഇരിക്കുമ്പോൾ കുട്ടികളുടെ ഭക്ഷണ കാര്യങ്ങളിൽ കാര്യമായി ശ്രദ്ധിക്കാൻ കഴിയാതെ വരും. ഇത് കുട്ടികളിൽ പോഷകക്കുറവ് ഉണ്ടാക്കും.
തലച്ചോറിന്റെ വികാസം: കുട്ടിക്കാലത്തെ ഇത്തരം കാര്യങ്ങൾ തലച്ചോറിന്റെ ശരിയായ വികാസത്തെയും ബുദ്ധിപരമായ വളർച്ചയെയും തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
എങ്ങനെ മറികടക്കാം?
ഡിജിറ്റൽ അതിർവരമ്പുകൾ: ഭക്ഷണം കഴിക്കുന്ന സമയത്തും കുട്ടികൾ കളിക്കുന്ന സമയത്തും മൊബൈൽ ഫോൺ പൂർണ്ണമായും മാറ്റിവെക്കുക. കുട്ടികളുടെ ഒപ്പം ഇരിക്കുന്ന സമയത്ത് അവർക്കൊപ്പം കളിക്കുകയും സംസാരിക്കുകയും ചെയ്യുക. ക്ഷീണം അനുഭവപ്പെടുമ്പോൾ അത് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കുക. മാത്രവുമല്ല ക്ഷീണം അനുഭവപ്പെടുന്നതിന് കാരണമായ ഉറക്കക്കുറവ് വിശ്രമമില്ലായ്മ തുടങ്ങിയവ പരിഹരിക്കുക.
ചുരുക്കത്തിൽ ശാരീരികമായി കൂടെയുണ്ടാകുന്നതോടൊപ്പം കുട്ടികൾക്ക് ശ്രദ്ധയും സ്നേഹവും ആവശ്യമാണ്. അത് പ്രകടിപ്പിക്കേണ്ട ഘട്ടത്തിൽ പ്രകടിപ്പിക്കണം. ദിവസവും കുറഞ്ഞത് അര മണിക്കൂറെങ്കിലും ഫോൺ മാറ്റിവെച്ച് കുട്ടികളുമായി ഇടപഴകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.