വിഷമം തോന്നുമ്പോഴും മാനസിക പിരിമുറുക്കം അനുഭവപ്പെടുമ്പോഴും ചില ആളുകൾ എന്തെങ്കിലും കഴിച്ചു കൊണ്ടേ ഇരിക്കും. തങ്ങളുടെ വികാരത്തെ നിയന്ത്രിക്കാൻ ഇത്തരം ആളുകൾ ഭക്ഷണത്തെയാണ് ആശ്രയിക്കാറ്. എന്തുകൊണ്ടായിരിക്കാം ഇതെന്ന് ആലോചിച്ചിട്ടുണ്ടോ? പൊതുവേ മാനസിക സമർദം അനുഭവപ്പെടുന്നവർ ഭക്ഷണം കഴിക്കാതെ പട്ടിണി കിടക്കുന്നത് സാധാരണയായി കണ്ടുവരുന്നതാണ്. എന്നാൽ അതിൽ നിന്നും വിപരീതമായുള്ള ഇത്തരം പ്രവണതകൾ എന്ത് കൊണ്ടായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ?
വികാരങ്ങളെ തിരിച്ചറിയാനോ അവയെ അഭിമുഖീകരിക്കാനോ ഉള്ള ബുദ്ധിമുട്ട് വൈകാരികമായ ഭക്ഷണക്രമീകരണത്തിന്റെ ശക്തമായ സൂചനയാണ്. എന്തെങ്കിലും മാനസിക അസ്വസ്ഥതകൾ അനുഭവിക്കേണ്ടി വരുമ്പോൾ അതിൽ നിന്നും ഒളിച്ചോടാൻ വേണ്ടിയാണ് മിക്ക ആളുകളും ഇത്തരത്തിൽ ആവശ്യമില്ലാതെ ഭക്ഷണം കഴിക്കുന്നത്.
ശരീരം ആവശ്യപ്പെടാതെ ഇത്തരത്തിൽ ഭക്ഷണം കഴിക്കുന്നതിനെയാണ് ‘ഇമോഷനൽ ഈറ്റിങ്’ എന്ന് വിളിക്കുന്നത്. വികാരം നിയന്ത്രിക്കാനുള്ള കഴിവുകൾ ദുർബലമാകുമ്പോഴാണ് ചിലയാളുകൾ രക്ഷപ്പെടാനുള്ള മാർഗമായി ഭക്ഷണത്തെ ആശ്രയിക്കുന്നതെന്ന് പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്.
ശാരീരിക വിശപ്പിനെ അപേക്ഷിച്ച് വികാരങ്ങൾ കൊണ്ടുള്ള വിശപ്പിന് ഭക്ഷണത്തിനോടുള്ള ആസക്തി വർധിക്കാൻ സാധ്യതയുണ്ട്. ചില മാനസികാവസ്ഥകൾ നിങ്ങളെ പ്രത്യേക ഭക്ഷണങ്ങൾ കഴിക്കാൻ പ്രേരിപ്പിക്കും. മധുരം, ഉപ്പ്, എന്നിവ കൂടുതലുള്ള ലഘുഭക്ഷണങ്ങൾ ആശ്വാസകരവും പ്രതിഫലദായകവുമാണെന്ന് തോന്നുന്നതിനാൽ പ്രധാനമായും അവയോടുള്ള ആസക്തി വർധിക്കും.
വൈകാരികമായി ഭക്ഷണം കഴിക്കുന്നത് പലപ്പോഴും അവബോധമില്ലാതെയാണ് സംഭവിക്കുന്നത്. സ്ക്രോൾ ചെയ്യുമ്പോഴോ ടെലിവിഷൻ കാണുമ്പോഴോ നിങ്ങൾ ഭക്ഷണം കഴിച്ചേക്കാം. പക്ഷേ പിന്നീട് കുറ്റബോധമോ വൈകാരിക മരവിപ്പോ തോന്നിയേക്കാം. പ്രത്യേകിച്ച് അമിതമായി ഭക്ഷണം കഴിക്കുന്ന ശീലമുള്ള ആളുകളിൽ ഈ രീതി എളുപ്പത്തിൽ ഒരു ചക്രമായി മാറുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.
വിഷാദം, സമ്മർദം, കുറഞ്ഞ ഉറക്കം, ഭക്ഷണക്രമം നിയന്ത്രിക്കുന്നതിന്റെ ചരിത്രം എന്നിവക്കൊപ്പം വൈകാരികമായ ഭക്ഷണക്രമവും സാധാരണയായി പ്രത്യക്ഷപ്പെടുന്നതാണ്. ഈ ഘടകങ്ങളെല്ലാം വികാരങ്ങൾക്ക് പ്രതികരണമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത വർധിപ്പിക്കും.
എങ്ങനെ നിയന്ത്രിക്കാം?
വൈകാരികമായി ഭക്ഷണം കഴിക്കുന്നത് സാധാരണവും മനസ്സിലാക്കാവുന്നതുമാണ്. വികാരങ്ങളെ നേരിടാനുള്ള പ്രധാന മാർഗമായി ഇത് മാറുമ്പോഴാണ് അത് ഒരു പ്രശ്നമായി മാറുന്നത്. ഇത് നിങ്ങളുടെ ക്ഷേമത്തെയോ ദൈനംദിന ജീവിതത്തെയോ ബാധിക്കാൻ തുടങ്ങിയാൽ വിദഗ്ധരുടെ സഹായം തേടേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.