കൊച്ചി: സംസ്ഥാനത്ത് വിഷാദരോഗത്താൽ ഉഴറുന്നവരെ കണ്ടെത്തി ചികിത്സയിലൂടെ രോഗമുക്തി നൽകുന്ന ‘ആശ്വാസം’ പദ്ധതി തുണയായത് കാൽലക്ഷത്തിലേറെ പേർക്ക്. 25,017 പേർക്കാണ് സംസ്ഥാനത്ത് വിഷാദരോഗമുണ്ടെന്ന് കണ്ടെത്തി ചികിത്സ ആരംഭിച്ചത്. ഇതിനായി ആകെ സ്ക്രീൻ ചെയ്തത് 1,80,086 പേരെയാണെന്ന് ആരോഗ്യവകുപ്പ് രേഖകൾ വ്യക്തമാക്കുന്നു.
പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ആരോഗ്യപ്രവർത്തകർ പി.എച്ച്.ക്യു ണയൻ ചോദ്യാവലി ഉപയോഗിച്ചാണ് വിവരശേഖരണം നടത്തുന്നത്. മാനസികാരോഗ്യത്തെ ബാധിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചുള്ള ഒമ്പത് ചോദ്യങ്ങളടങ്ങിയതാണ് ചോദ്യാവലി.
ഓരോ കാര്യവും ചെയ്യുന്നതിൽ താൽപര്യവും സന്തോഷവും ഇല്ലായ്മ, മാനസികമായി തകർന്നിരിക്കുകയോ പ്രതീക്ഷ നഷ്ടപ്പെട്ടതായി തോന്നുകയോ ചെയ്യൽ, ഉറക്കക്കുറവ് അല്ലെങ്കിൽ ഉറക്കക്കൂടുതൽ അനുഭവപ്പെടൽ, എപ്പോഴും തളർച്ച അനുഭവപ്പെടൽ തുടങ്ങിയവയാണ് ചോദ്യാവലിയിലെ ഉള്ളടക്കം. ഇതിലെ സ്കോറിന്റെ അടിസ്ഥാനത്തിലാണ് വിഷാദരോഗം ഉണ്ടോയെന്നും ഉണ്ടെങ്കിൽ അതിന്റെ തീവ്രത എത്രത്തോളമാണെന്നും ആരോഗ്യപ്രവർത്തകർ കണ്ടെത്തുന്നത്.
വിഷാദരോഗമുള്ളവരെ കണ്ടെത്തിയാൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെ അടുത്തേക്ക് റഫർ ചെയ്യുകയും ആവശ്യമായ ചികിത്സ ഉറപ്പാക്കുകയുമാണ് ചെയ്യുന്നത്. കിടത്തിച്ചികിത്സ പരമാവധി ഒഴിവാക്കി മാനസികരോഗങ്ങൾ പ്രാഥമികഘട്ടത്തിൽതന്നെ കണ്ടെത്തി വിദഗ്ധ ചികിത്സയും തുടർചികിത്സയും ഉറപ്പുവരുത്തുന്ന സാമൂഹിക-മാനസികാരോഗ്യ ചികിത്സയാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്.
സൈക്യാട്രിസ്റ്റുകൾ ഇല്ലാത്ത താലൂക്ക് ആശുപത്രികളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലുമായി മാസംതോറും 306 മാനസികാരോഗ്യ ക്ലിനിക്കുകൾ നടത്തുന്നുണ്ട്. കൂടാതെ 636 ഗ്രാമപഞ്ചായത്തുകളിലായി സമ്പൂർണ മാനസികാരോഗ്യ പദ്ധതി ആരംഭിച്ചിട്ടുമുണ്ട്. ഇതിലൂടെ 34,584 രോഗികളെ പുതുതായി ചികിത്സയിലെത്തിക്കുകയും 52,588 രോഗികൾക്ക് അവരുടെ തൊട്ടടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ തുടർചികിത്സ ഉറപ്പാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.