ലോക ഹൃദയദിനത്തോടനുബന്ധിച്ച് ‘മാധ്യമ’വും പെരിന്തൽമണ്ണ ബി.കെ.സി.സി ഹാർട്ട് ആശുപത്രിയും ചേർന്നു നടത്തിയ വാക്കത്തോൺ
ഫ്ലാഗ് ഓഫ് ചടങ്ങിലെ ആഹ്ലാദം
പുലർച്ചെ തന്നെ പെയ്യാൻ വെമ്പിയ കാർമേഘം അന്തരീക്ഷത്തെയാകെ തണുപ്പിച്ചെങ്കിലും പുതപ്പിനുള്ളിൽനിന്ന് ഞായറാഴ്ചയിലെ പ്രഭാതം അതിവേഗം ഉണർന്നു. ശേഷം സിരകളിൽ ആവേശം നിറച്ച് നാടൊന്നാകെ പതിയെ നടന്നു. നാനാഭാഗങ്ങളിൽനിന്ന് ഒറ്റക്കും കൂട്ടമായും കുടുംബമായും ജനം ഒഴുകിയെത്തിയതോടെ പെരിന്തൽമണ്ണ നഗരഹൃദയം ആൾക്കടലായി. തൂവെള്ള ടീ ഷർട്ടണിഞ്ഞ് ഒരു ഹൃദയവും മനസ്സുമായി നാട് ചുവടുവെച്ചു; ചരിത്രപരമായ ആ വാക്കത്തോണിനൊപ്പം നമുക്കൊന്ന് നടന്നു വരാം...
ഹൃദയദിനത്തോടനുബന്ധിച്ച് ‘മാധ്യമ’വും പെരിന്തൽമണ്ണ ബി.കെ.സി.സി ഹാർട്ട് സ്പെഷാലിറ്റി ആശുപത്രിയും ചേർന്ന് സംഘടിപ്പിച്ച ഫാമിലി വാക്കത്തോൺ പൂപ്പലത്തെ ബി.കെ.സി.സി ആശുപത്രിയുടെ മുൻവശത്തുനിന്നാണ് ആരംഭിച്ചത്. നജീബ് കാന്തപുരം എം.എൽ.എ, ഒളിമ്പ്യൻ കെ.ടി. ഇർഫാൻ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, ബി.കെ.സി.സി ഹാർട്ട് സ്പെഷാലിറ്റി ആശുപത്രി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. കെ.പി. ബാലകൃഷ്ണൻ, മോട്ടോർ വാഹന ഇൻസ്പെക്ടർ കെ. മനുരാജ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തതോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
മടിച്ചുനിന്ന മഴ ഒടുവിൽ പെയ്യാൻ തുടങ്ങി. പക്ഷെ, ആയിരങ്ങളുടെ ആവേശത്തെ കെടുത്താനുള്ള ആരോഗ്യമൊന്നും ആ മഴക്കില്ലായിരുന്നു. മഴയിൽ നനഞ്ഞ് ഹൃദയങ്ങൾ നടന്നു. പൊന്ന്യാകുർശി മണ്ണാർക്കാട് ബൈപാസിലെത്തി ആറ് കിലോമീറ്റർ നടത്തം പൂർത്തിയാക്കി എല്ലാവരും തിരിച്ചെത്തുന്നതിനിടക്ക് എപ്പോഴോ മഴ തോർന്നു; അപ്പോഴും ജനങ്ങളുടെ ആവേശം ആർത്തലച്ചു പെയ്യുന്നുണ്ടായിരുന്നു.
വാക്കത്തോണിൽ സേവന പ്രവർത്തനത്തിനെത്തിയ ട്രോമകെയർ പ്രവർത്തകർ
സമ്മാനം കിട്ടി, മനസ്സ് നിറഞ്ഞു
നറുക്കെടുപ്പിൽ വാക്കത്തോണിൽ പങ്കെടുത്ത ഭാഗ്യശാലികൾക്ക് സമാപന ചടങ്ങിനിടെ നടത്തിയ നറുക്കെടുപ്പിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. സമ്മാന കൂപ്പണിന്റെ ഭാഗമായി ബി.കെ.സി.സിയിലെ പരിശോധന ഇളവിനുള്ള കൂപ്പണുമുണ്ടായിരുന്നു. ഇതിനുപുറമെ, അഞ്ച് പേരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത് ബി.കെ.സി.സി ആശുപത്രിയിൽ സൗജന്യ ഹൃദയപരിശോധനയും ഡോ. കെ.പി. ബാലകൃഷ്ണൻ പ്രഖ്യാപിച്ചു.
ഓരോ ചുവടിലും ആവേശം പകർന്ന് റണ്ണേഴ്സ് ക്ലബുകളും സന്നദ്ധസേവന സംഘടനകളും വ്യായാമ കൂട്ടായ്മകളും. സംഘാടനത്തിലും വാക്കത്തോണിൽ പങ്കെടുക്കുന്നതിലും ഇവരുടെ സാന്നിധ്യം ശ്രദ്ധേയമായി. മെക് സെവൻ, സോൾസ് ഓഫ് പെരിന്തൽമണ്ണ, യൂത്ത്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പൂപ്പലം, ഏർലി ബേഡ്സ് ക്ലബ് പെരിന്തൽമണ്ണ, ‘കൂടെ’ വനിത കൂട്ടായ്മ പെരിന്തൽമണ്ണ, ‘പാപ്പനും പിള്ളേരും’ കൂട്ടായ്മ പെരിന്തൽമണ്ണ, പുത്തനത്താണി ചുങ്കം റിയൽ റണ്ണേഴ്സ് ക്ലബ് തുടങ്ങിയ വ്യായായ്മ കൂട്ടായ്മകളുടെയും റണ്ണേഴ്സ് ക്ലബുകളുടെയും സജീവ സാന്നിധ്യം വാക്കത്തോണിലുണ്ടായി.
കുട്ടിനടത്തം
പെരിന്തൽമണ്ണ പൊലീസ്, ട്രാഫിക് പൊലീസ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ്, സിവിൽ ഡിഫൻസ്-ട്രോമാകെയർ വളന്റിയർമാർ എന്നിവർ ട്രാഫിക് നിയന്ത്രിക്കുകയും വാക്കത്തോണിൽ പങ്കെടുത്തവർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തു. അരീക്കോട് കേന്ദ്രമായി യാസീൻ ബിൻ യൂസുഫലിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘ഓസ്മോസീസ്’ മീഡിയ ആൻഡ് ക്രിയേഷൻസാണ് വാക്കത്തോൺ ചിത്രീകരിച്ചത്.
ജനകീയ വാക്കത്തോണിൽ പങ്കാളിത്തം വഹിച്ച സ്പോൺസർമാരായ ഗ്രിൻ ടേബിൾ റസ്റ്റോറന്‍റ് ഇവന്‍റ്സ് ആൻഡ് കാറ്റേഴ്സ് പാർട്ട്ണറും എക്സിക്യൂട്ടിവ് ഷെഫുമായ ഷാജി, ബി മാർട്ട് ഫാഷൻ മാനേജിങ് ഡയറക്ടർ സി.എസ്. മുഹമ്മദലി, പെരിന്തൽമണ്ണയിലെ ഇലക്ട്രോ സൊലൂഷൻസ് ഡയറക്ടർമാരായ വി. അബ്ദുൽ ഹമീദ്, നൗഷാദ് കരുവള്ളി എന്നിവർക്കും കമ്യൂണിറ്റി പാർട്ണേഴ്സായ സോൾസ് ഓഫ് പെരിന്തൽമണ്ണയുടെ ലത്തീഫ്, യൂത്ത്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പൂപ്പലം പ്രതിനിധി കെ.ടി. മുർഷിദ്, ഏർലി ബേർഡ്സ് ക്ലബ് പെരിന്തൽമണ്ണ പ്രതിനിധി നവാസ്, പുത്തനത്താണി ചുങ്കം റിയൽ റണ്ണേഴ്സ് ക്ലബ് പ്രതിനിധി അബ്ദുൽ ഖാദർ, ഡോ. ഫെബിന (കൺസൾട്ടന്റ് ഫിസിയാട്രിസ്റ്റ്, മാനേജിങ് ഡയറക്ടർ, തെറാപിയ, പ്രസിഡന്റ് ‘കൂടെ’ വനിത കൂട്ടായ്മ), പാപ്പനും പിള്ളേരും ഭാരവാഹിയും ന്യൂറോളജിസ്റ്റുമായ ഡോ. രവി എന്നിവർക്കും ‘മാധ്യമം’ ഉപഹാരം നൽകി ആദരിച്ചു.
‘പാപ്പനും പിള്ളേരും’ ഭാരവാഹിയും ന്യൂറോളജിസ്റ്റുമായ ഡോ. രവിക്ക് മാധ്യമം റസിഡന്റ് എഡിറ്റർ ഇനാം റഹ്മാൻ ഉപഹാരം നൽകുന്നു
ട്രോമാ കെയർ അംഗം ജബ്ബാർ, സിവിൽ ഡിഫൻസ് പെരിന്തൽമണ്ണയിലെ അംഗം വി. ഷഫീഖ്, 150ലേറെ തവണ രക്തം ദാനം ചെയ്ത കെ.ടി. അസീസ്, വാക്കത്തോണിൽ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ വ‍്യക്തിയായ അബൂബക്കർ പച്ചീരി, 60 വയസ്സിന് മുകളിലുള്ള കാറ്റഗറിയിൽ ടാറ്റ മുംബൈ മാരത്തോൺ 42 കി.മീ ഫിനിഷർ അനിയൻ ഉണ്ണി എന്നിവർക്കുമുള്ള ഉപഹാരം മാധ്യമം കൈമാറി.
പെരിന്തൽമണ്ണ: ‘മാധ്യമ’വും ബി.കെ.സി.സി ഹാർട്ട് സ്പെഷാലിറ്റി ആശുപത്രിയും ചേർന്ന് സംഘടിപ്പിച്ച ‘ഫാമിലി വാക്കത്തോണി’ൽ വൻജനാവലി ഹൃദയങ്ങൾ ഒന്നുചേർന്ന് ചുവടുവെച്ചത് ചരിത്രമായി. ലോക ഹൃദയ ദിനത്തോടനുബന്ധിച്ചായിരുന്നു ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ വാക്കത്തോൺ. രാവിലെ ആറിന് തുടങ്ങാൻ തീരുമാനിച്ച കൂട്ടനടത്തത്തിൽ പങ്കാളികളാകാൻ സ്ത്രീകളും കുട്ടികളുമുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർ പുലർച്ചെ അഞ്ച് മണിയോടെതന്നെ എത്തിത്തുടങ്ങിയിരുന്നു.
പെരിന്തൽമണ്ണ ബി.കെ.സി.സി ആശുപത്രിക്ക് സമീപം നജീബ് കാന്തപുരം എം.എൽ.എ, ഒളിമ്പ്യൻ കെ.ടി. ഇർഫാൻ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, ബി.കെ.സി.സി ഹാർട്ട് സ്പെഷാലിറ്റി ആശുപത്രി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. കെ.പി. ബാലകൃഷ്ണൻ, മോട്ടോർ വാഹന ഇൻസ്പെക്ടർ കെ. മനുരാജ് എന്നിവർ ചേർന്ന് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. പൂപ്പലം മുതൽ പെരിന്തൽമണ്ണ ബൈപ്പാസ് റോഡിലൂടെ മൂന്നുകിലോമീറ്റർ നടന്ന്, തിരികെ പൂപ്പലത്ത് മാധ്യമം ഓഫിസ് കോമ്പൗണ്ടിൽ സമാപിച്ചു.
ആറു കിലോമീറ്റർ നടത്തത്തിനുശേഷം ‘മാധ്യമം’ ഓഫിസ് കോമ്പേൗണ്ടിൽ നടന്ന സമാപന ചടങ്ങിൽ ഹൃദ്രോഗ സംരക്ഷണത്തിന് പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും രോഗപ്രതിരോധ രീതികളും ഡോ. കെ.പി. ബാലകൃഷ്ണൻ വിശദീകരിച്ചു. റിട്ട. എസ്.പി യു. അബ്ദുൽ കരീം, ഡോ. ഫെബിന സീതി, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ. സഈദ ടീച്ചർ, വാർഡ് അംഗം ജൂലി പോളി, മാധ്യമം മാർക്കറ്റിങ് കൺട്രി ഹെഡ് കെ. ജുനൈസ്, റസിഡന്റ് എഡിറ്റർ ഇനാം റഹ്മാൻ, ന്യൂസ് എഡിറ്റർ ബി.എസ്. നിസാമുദ്ദീൻ, സീനിയർ ബിസിനസ് സൊല്യൂഷൻസ് മാനേജർ കെ. അബ്ദുൽ ഗഫൂർ, ബിസിനസ് സൊല്യൂഷൻസ് മാനേജർ പി. അബ്ദുൽ ഗഫൂർ, സർക്കുലേഷൻ മാനേജർ കെ.വി. അബ്ദുൽ ഗഫൂർ, ഗ്രിൻ ടേബിൾ റസ്റ്റോറന്‍റ് ഇവന്‍റ്സ് ആൻഡ് കാറ്റേർസ് പാർട്ട്ണറും എക്സിക്യൂട്ടിവ് ഷെഫുമായ ഷാജി, ബി മാർട്ട് ഫാഷൻ എം.ഡി സി.എസ്. മുഹമ്മദലി, ഇലക്ട്രോ സൊല്യൂഷൻസ് ഡയറക്ടർമാരായ വി. അബ്ദുൽ ഹമീദ്, നൗഷാദ് കരുവള്ളി തുടങ്ങിയവർ സംബന്ധിച്ചു.
ആരോഗ്യസംരക്ഷണത്തിനും വ്യായാമ ശീലത്തിനും കൂടുതൽ പ്രാധാന്യം നൽകണം. കോവിഡാനന്തരം അപ്രതീക്ഷിതമായ ആരോഗ്യ പ്രശ്നങ്ങളാണ് നേരിടുന്നത്. ഹൃദയം സംബന്ധിച്ച രോഗങ്ങളും പൊടുന്നനെയുള്ള മരണങ്ങളും ഇത്തരത്തിൽ കൂടുതലായി വരുന്നു. ഇത്തരം ബുദ്ധിമുട്ടുകൾക്കിടയിലൂടെയാണ് എല്ലാ വിഭാഗം ജനങ്ങളും കടന്നുപോവുന്നത്. ചെറുപ്പക്കാരായ ആളുകളുടെ മരണം വർധിക്കുന്നു. ഏറ്റവും കൂടുതൽ ബോധവത്കരണം വേണ്ടത് ഹൃദയാരോഗ്യം സംബന്ധിച്ചാണ്. അതിനു വേണ്ടി മാധ്യമവും ബി.കെ.സി.സി ആശുപത്രിയും ചേർന്ന് ജനങ്ങളെ അണിനിരത്തി നടത്തിയ വാക്കത്തോൺ വലിയ സന്ദേശമാണ് പൊതുസമൂഹത്തിന് നൽകിയത്.
(ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, സീനിയർ കൺസൾട്ടന്റ്, ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ്, ബി.കെ.സി.സി ഹാർട്ട് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ) ശരീരത്തിൽ ഹൃദയത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കി ധാരാളംപേർ ഇവിടെ എത്തിയതിൽ സന്തോഷിക്കുന്നു. നമുക്ക് ഒരു കൈയോ കാലോ ഇല്ലെങ്കിലും ജീവിക്കാം. പക്ഷെ, ഹൃദയം തകർന്നാൽ പിന്നെ ജീവിതം ഇല്ല എന്ന് നാം മനസ്സിലാക്കണം. ജനനം മുതൽ മരണം വരെ ജീവിതതാളം നിലനിർത്തുന്നത് ഹൃദയമാണ്.
കുറച്ചു സ്നേഹം കൊടുത്താൽ അതിന്‍റെ ഇരട്ടി തിരിച്ചുതരുന്ന അവയവംകൂടിയാണ് നമ്മുടെ ഹൃദയം. ഹൃദയത്തിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ അശാസ്ത്രീയമായ അല്ലെങ്കിൽ തട്ടിപ്പ് ചികിത്സ രീതികളുടെ പിന്നാലെ പോകുന്നതാണ് പലപ്പോഴും പ്രശ്നമാകുന്നത്. ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കുക, ഹൃദ്രോഗത്തിൽ കുടുംബ പശ്ചാത്തലമുള്ളവർ ശ്രദ്ധിക്കുക. മാധ്യമത്തിന്‍റെ പങ്കാളിത്തത്തോടെ നടത്തിയ ഈ വാക്കത്തോൺ വൻ വിജയകരമായതിൽ സന്തോഷിക്കുന്നു. തുടർന്ന് ഇതുപോലുള്ള പദ്ധതികൾ മാധ്യമത്തോടൊപ്പം ചേർന്ന് സംഘടിപ്പിക്കും.
ആരോഗ്യമുള്ള ശരീരത്തിന് എല്ലാ ദിവസവും വ്യായാമം ചെയ്യണം. 5-10 മിനിറ്റുള്ള വ്യായാമം കൊണ്ട് യാതൊരു കാര്യവുമില്ല. മിനിമം 30-40 മിനിറ്റെങ്കിലും നീളുന്ന വ്യായാമം നിർബന്ധമാണ്. പ്രതികൂല കാലാവസ്ഥയായിട്ടുകൂടി വലിയ ജനക്കൂട്ടം വാക്കത്തോണിൽ പങ്കാളികളായതിൽ ഞാൻ അത്ഭുതപ്പെട്ടു.
ആരോഗ്യമുള്ള ജീവിതം നയിക്കാൻ ഓരോരുത്തർക്കും കഴിയട്ടെ. വാക്കത്തോണിന് എല്ലാവിധ ആശംസകളും നേരുന്നു.
ഹൃദ്രോഗത്തിന് തെറ്റായ ചികിത്സയുടെ പിറകെ പോയി അബദ്ധം സംഭവിച്ചയാളാണ് ഞാൻ. അത്തരം അശാസ്ത്രീയമായ ചികിത്സ രീതികൾ ഇപ്പോഴും ധാരാളം ഉണ്ട്. ആരും ആ വഴിക്ക് പോകാതെ ശാസ്ത്രീയമായ മാർഗം ചികിത്സയുടെ കാര്യത്തിൽ തേടണം. ജീവിതം വെച്ച് പന്താടരുത്. വാക്കത്തോണിന് എല്ലാവിധ ഭാവുകങ്ങളും.
ചെറുപ്പക്കാരെപോലും വെല്ലുന്ന രീതിയിലാണ് അബൂബക്കർ ആറുകിലോ മീറ്റർ വാക്കത്തോൺ പൂർത്തിയാക്കിയത്. ശാരീരികമായി ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതിൽ ഒരടി പിന്നോട്ടില്ല ഇദ്ദേഹം. 34 കൊല്ലം ഗൾഫിലായിരുന്ന ഇദ്ദേഹത്തിനെ അലട്ടുന്ന ഏക രോഗം പ്രമേഹം മാത്രമാണ്. വ്യായാമത്തിന്‍റെ ഗുണങ്ങളെ കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന് നൂറ് നാവാണ്. ചിട്ടയായ ജീവിതം നയിക്കുന്നതാണ് തന്‍റെ ആരോഗ്യ രഹസ്യമെന്നും ദിവസവും അര മണിക്കൂറെങ്കിലും നടക്കുമെന്നും മാധ്യമത്തിന്‍റെ ആദരം ഏറ്റുവാങ്ങി അബൂബക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.