മഞ്ഞപ്പിത്തം ഒരു രോഗാവസ്ഥയാണ്. ശരീരത്തിൽ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വർധിക്കുമ്പോഴാണ് മഞ്ഞപ്പിത്തം എന്ന അവസ്ഥ തിരിച്ചറിയുന്നത്. രക്തത്തിലെ ബിലിറൂബിന്റെ അളവ് മൂന്നിൽ കൂടുതലായാൽ മഞ്ഞപ്പിത്തം പരിശോധനയിലൂടെ തിരിച്ചറിയാൻ സാധിക്കും. മഞ്ഞപ്പിത്തം ബാധിച്ചവരിൽ കണ്ണ്, മറ്റു ശരീര ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിറവ്യത്യാസം അനുഭവപ്പെടുന്നതിന് കാരണവും രക്തത്തിലെ ബിലിറൂബിനാണ്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നീ 5 വൈറസുകളാണ് മഞ്ഞപ്പിത്തവുമായി ബന്ധപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, രോഗകാരണമാകുന്ന വൈറസിന്റെ അടിസ്ഥാനത്തിൽ രോഗാവസ്ഥയിലും വ്യത്യാസങ്ങളുണ്ടാകും. മാത്രമല്ല, ശരീരത്തെ ബാധിച്ച മറ്റു ചില രോഗാവസ്ഥകളുടെ ഭാഗമായും മഞ്ഞപ്പിത്തം അനുഭവപ്പെട്ടേക്കാം. അതുകൊണ്ടുതന്നെ രോഗകാരണം അറിഞ്ഞ് മുന്നോട്ടുപോകുക എന്നത് പ്രധാനമാണ്.
അക്യൂട്ട് ഹെപ്പറ്റൈറ്റിസ്: വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കരളിന് വീക്കം സംഭവിക്കുന്ന അവസ്ഥയാണിത്. ആഴ്ചകൾക്കുള്ളിൽ ഇത് പ്രകടമാകാം. ഭക്ഷണം, വെള്ളം എന്നിവവഴി ശരീരത്തെ ബാധിക്കുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് A, E വിഭാഗത്തിലാണ് ഇതുൾപ്പെടുന്നത്. ഇൻജക്ഷൻ പോലുള്ളവ വഴി രക്തത്തിലൂടെ ശരീരത്തിലെത്തുന്ന ഹെപ്പറ്റൈറ്റിസ് B, C, D എന്നിവയും കണ്ടുവരാറുണ്ട്.
അമിതമായ മദ്യപാനം, പാരസെറ്റമോൾപോലുള്ള ചില മരുന്നുകളുടെ നിരന്തരമായ ഉപയോഗം എന്നിവ കരളിനെ ബാധിക്കാറുണ്ട്. ഇവയും മഞ്ഞപ്പിത്തം ബാധിക്കാൻ കാരണമാകും. ക്രോണിക് ഹെപ്പറ്റൈറ്റിസ്- ദീർഘനാൾ ശരീരത്തിൽ വൈറസ് നിലനിൽക്കുകയും തുടർച്ചയായി മഞ്ഞപ്പിത്തം അനുഭവപ്പെടുകയുംചെയ്യുന്ന അവസ്ഥയാണിത്. ഇത് കരളിനെ സാരമായി ബാധിക്കാറുണ്ട്. രോഗകാരികൾ വർഷങ്ങളോളം ശരീരത്തിൽ നിലനിൽക്കാൻ സാധ്യതയുണ്ട്.
ഹെപ്പറ്റൈറ്റിസ് B, C എന്നിവ ഉദാഹരണം. അമിത മദ്യപാനം മൂലം ഉണ്ടാകുന്ന ലിവർ സിറോസിസ് എന്ന അവസ്ഥയുടെ ഭാഗമായോ ഹെപ്പറ്റൈറ്റിസ് B, C എന്നിവ ബാധിക്കുന്നതിലൂടെയോ ക്രോണിക് ഹെപ്പറ്റൈറ്റിസ് ശരീരത്തെ ബാധിക്കാം. മരുന്നുകളുടെ ക്രമാതീതമായ ഉപയോഗവും ഇതിന് കാരണമായേക്കാം. ശരീരത്തിൽ ലിവർ കാൻസർ ഉണ്ടെങ്കിലും മഞ്ഞപ്പിത്തം അനുഭവപ്പെട്ടേക്കാം.
കരളിൽനിന്ന് പിത്തം ചെറുകുടലിലേക്ക് പോകുന്ന പിത്തവാഹിനി കുഴലുകളിൽ തടസ്സം സംഭവിക്കുന്നതും ക്രോണിക് ഹെപ്പറ്റൈറ്റിസിന് കാരണമാകും. പിത്താശയക്കല്ലുകൾ അടിയുന്നത് കാരണവും തടസ്സം സംഭവിക്കാം. കൊളാഞ്ചിയോ കാർസനോമ, പാൻക്രിയാറ്റിക് കാൻസർ, പെരിയാമ്പുലറി കാൻസർ തുടങ്ങിയവയും ഇതിന് കാരണമാകാറുണ്ട്.
ഇതിനൊപ്പം ഗിൽബർട്ട് സിൻഡ്രോം എന്ന അവസ്ഥയും ചില ആളുകളിൽ കണ്ടുവരുന്നു. 100 പേരിൽ 7-8 ആളുകളിൽ കണ്ടുവരുന്ന അവസ്ഥയാണിത്. ഇത് ഗുരുതര അസുഖമായി കണക്കാക്കേണ്ടതില്ല. ജനനസമയത്തുതന്നെ ശരീരത്തിലെ എൻസൈം അളവിൽ വ്യത്യാസം വരുന്നതാണ് ഇതിനു കാരണം. ഗൗരവതരമായ ചികിത്സ ആവശ്യമില്ലാത്ത അവസ്ഥയാണിത്.
അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ബാധിച്ചവരിൽ ഭക്ഷണത്തോട് വിരക്തി, ഛർദി, ശരീരത്തിന് തളർച്ച അനുഭവപ്പെടുക, പനി, വയറിന്റെ വലതുവശത്ത് കടച്ചിൽ തുടങ്ങിയവ അനുഭവപ്പെടാം. മൂത്രത്തിൽ കല്ല് കാരണം പിത്തനാളിയിൽ തടസ്സം അനുഭവപ്പെടുന്നവരിൽ മഞ്ഞപ്പിത്തം ബാധിക്കുന്നത് മൂലം ശരീരത്തിൽ ചൊറിച്ചിലും വേദനയും അനുഭവപ്പെടാം. കൂടാതെ ശരീരം മെലിയുകയുംചെയ്യും.
മികച്ച രീതിയിൽ രോഗം ഭേദമാക്കുന്നതിന് രോഗനിർണയവും കൃത്യമായ ചികിത്സയും പ്രധാനമാണ്. ലിവർ ഫങ്ഷൻ ടെസ്റ്റ് വഴി രോഗനിർണയം നടത്താം. ബിലിറൂബിൻ, ആൽബുമിൻ, SGPT എന്നിവ കണ്ടെത്താൻ ഇതുവഴി സാധിക്കും. കൂടാതെ പ്രോത്രോംബിൻ ടൈം ടെസ്റ്റ് വഴിയും രോഗം കണ്ടെത്താം. കരളിന് പ്രശ്നങ്ങൾ സംഭവിക്കുന്നത് അതിവേഗം കണ്ടെത്താൻ ഇത് സഹായകമാകും. പ്രാഥമിക അൾട്രാ സൗണ്ട് പരിശോധനയും ഗുണംചെയ്യും.
പരിശോധനകളുടെ അടിസ്ഥാനത്തിൽ അനുയോജ്യമായ ചികിത്സ സ്വീകരിക്കേണ്ടതുണ്ട്. രോഗം ബാധിച്ച 100 പേരിൽ 70 ശതമാനം പേർക്കും ചില ലക്ഷണങ്ങൾ കാണിക്കാം. എന്നാൽ, വലിയ ചികിത്സ ആവശ്യമായിവരാറില്ല. എന്നാൽ, 20 ശതമാനം പേർക്ക് രോഗാവസ്ഥ ഗുരുതരമാകാറുണ്ട്. രക്തം കട്ടപിടിക്കൽ, SGPT ഉയരുക തുടങ്ങിയ അവസ്ഥയുമുണ്ടാകാറുണ്ട്. അഞ്ചു ശതമാനം പേർക്ക് വയറിനകത്ത് നീര്, ഓർമക്കുറവ്, രക്തം കട്ടപിടിക്കലിനെ സാരമായി ബാധിക്കുക തുടങ്ങിയവ കണ്ടേക്കാം. ഇത് വളരെ വിരളമായി മാത്രം ബാധിക്കുന്നതാണ്.
ഹെപ്പറ്റൈറ്റിസ് E ബാധിക്കുന്നത് സാധാരണ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാറില്ല. എന്നാൽ, ഗർഭിണികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കാറുണ്ട്. ഭക്ഷണം: അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. ഈ സമയത്ത് ഫാസ്റ്റ് ഫുഡ് ഇനങ്ങൾ പൂർണമായും മാറ്റിനിർത്തണം. മദ്യപാനംമൂലം മഞ്ഞപ്പിത്തം ബാധിക്കുന്നവർ രോഗാവസ്ഥയിൽനിന്ന് മുക്തി നേടുന്നതിനായി ചികിത്സയോടൊപ്പം മദ്യപാനം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ഇവർ ഉയർന്ന അളവിൽ കാലറി, പ്രോട്ടീൻ എന്നിവയടങ്ങിയ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം.
മഞ്ഞപ്പിത്തം ബാധിക്കാതെ ശരീരത്തെ സംരക്ഷിക്കുക എന്നതിന് പ്രാധാന്യം നൽകുകയാണ് വേണ്ടത്. ഭക്ഷണം, കുടിവെള്ളം എന്നിവ ഏറ്റവും ശുചിത്വത്തോടെ മാത്രം ഉപയോഗിക്കുക. തുറസ്സായ സ്ഥലങ്ങളിലെ മലവിസർജനം രോഗബാധ വർധിപ്പിക്കും. ലഹരിമരുന്നുകൾ ഉപയോഗിക്കുന്ന സമയത്ത് നീഡിൽ വഴി രോഗം പകരുന്നതിന് സാധ്യതയുണ്ട്. കൂടാതെ, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവും മഞ്ഞപ്പിത്തത്തിന് വഴിയൊരുക്കും. മഞ്ഞപ്പിത്തം പ്രതിരോധിക്കുന്നതിനായി പ്രത്യേക പ്രതിരോധ വാക്സിൻ ലഭ്യമാണ്. ഹെപ്പറ്റൈറ്റിസ് A, B എന്നിവ പ്രതിരോധിക്കാൻ ഇതിലൂടെ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.