വർഷം മുഴുവൻ സമൃദ്ധമായി സൂര്യപ്രകാശം ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ. അതിനാൽ ഇന്ത്യക്കാരിൽ വൈറ്റമിൻ ഡി കുറവ് ഉണ്ടാകുമെന്നത് പലർക്കും വിശ്വസിക്കാൻ പ്രയാസമാണ്. എന്നാൽ, യാഥാർഥ്യം മറിച്ചാണ്. രാജ്യത്ത് വൈറ്റമിൻ ഡി കുറവ് നിശ്ശബ്ദ മഹാമാരിയായി മാറുകയാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. പഠനങ്ങൾ പ്രകാരം ഇന്ത്യക്കാരിൽ ഏകദേശം 60 ശതമാനം പേർക്ക് വൈറ്റമിൻ ഡി അളവ് ആവശ്യത്തിന് ലഭിക്കുന്നില്ല. ക്ഷീണം, ശരീരവേദന, പേശികളുടെ ബലക്കുറവ്, അസ്ഥി പൊട്ടലുകൾ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുന്നതുവരെ പലരും ഈ കുറവ് തിരിച്ചറിയാറുമില്ല.
എന്തുകൊണ്ട് ഇങ്ങനെ?
ആധുനിക ജീവിതശൈലിയാണ് പ്രധാന കാരണം. ഓഫിസ് ജോലികൾ, ദീർഘസമയം വീടിനുള്ളിലും ക്ലാസ് മുറികളിലും ചെലവഴിക്കുന്ന കുട്ടികൾ, സ്ക്രീൻ ഉപയോഗത്തിന്റെ വർധന, നഗരജീവിതം എന്നിവയൊക്കെ ആളുകളുടെ നേരിട്ടുള്ള സൂര്യപ്രകാശ സമ്പർക്കം കുറച്ചിരിക്കുകയാണ്. പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കുന്നതും കുടപിടിക്കുന്നതും വൈറ്റമിൻ ഡി ഉൽപാദനത്തിന് ആവശ്യമായ അൾട്രാവയലറ്റ്-ബി (UVB) കിരണങ്ങൾ ചർമത്തിലെത്തുന്നത് തടയുന്നു. നഗരങ്ങളിലെ വായു മലിനീകരണവും ഈ കിരണങ്ങളുടെ ലഭ്യത കുറക്കു ഘടകമാണെന്ന് അദ്ദേഹം പറയുന്നു.
എല്ലാവരുടെയും ശരീരം ഒരേ അളവിൽ വൈറ്റമിൻ ഡി ഉൽപാദിപ്പിക്കില്ല. ഇരുണ്ട ചർമനിറമുള്ളവർക്ക് ഇളം നിറമുള്ളവരെ അപേക്ഷിച്ച് കൂടുതൽ സമയം സൂര്യപ്രകാശത്തിൽ ചെലവഴിക്കേണ്ടിവരും. കൂടാതെ അമിതവണ്ണമുള്ളവരിൽ ശരീരത്തിലെ കൊഴുപ്പ് വൈറ്റമിൻ ഡി സംഭരിക്കുന്നതിനാൽ രക്തത്തിലെ ലഭ്യത കുറയാനും സാധ്യതയുണ്ട്.
വൈറ്റമിൻ ഡി സ്വാഭാവികമായി ലഭിക്കുന്ന ഭക്ഷണങ്ങൾ വളരെ കുറവാണ്. കൊഴുപ്പുള്ള മത്സ്യങ്ങൾ, മുട്ട, വൈറ്റമിൻ ഡി ചേർത്ത പാൽ തുടങ്ങിയവയാണ് പ്രധാന ഉറവിടങ്ങൾ. എന്നാൽ, ഇവ ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവർ ഇന്ത്യയിൽ കുറവാണ്. പ്രത്യേകിച്ച് സസ്യാഹാരികൾക്ക് ആവശ്യമായ അളവിൽ വൈറ്റമിൻ ഡി ലഭിക്കാതെ പോകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പ്രതിരോധത്തിന് എന്ത് ചെയ്യണം?
വൈറ്റമിൻ ഡി കുറവ് പരിഹരിക്കാൻ മണിക്കൂറുകളോളം വെയിലത്ത് നിൽക്കുകയോ സ്വമേധയാ സപ്ലിമെന്റുകൾ കഴിക്കുകയോ ചെയ്യേണ്ടതില്ലെന്ന് വിദഗ്ധർ പറയുന്നു. മിതമായ സൂര്യപ്രകാശ സമ്പർക്കം, കാൽസ്യവും വൈറ്റമിൻ ഡിയും അടങ്ങിയ സമീകൃത ഭക്ഷണം, സ്ഥിരമായ വ്യായാമം എന്നിവ പ്രധാനമാണ്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ സപ്ലിമെന്റുകൾ ഉപയോഗിക്കാവൂ. 60 വയസ്സിന് മുകളിലുള്ളവർ, ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകൾ, അമിതവണ്ണമുള്ളവർ, പുറത്തുള്ള പ്രവർത്തനങ്ങൾ കുറവുള്ളവർ എന്നിവർ ഇടക്കിടെ വൈറ്റമിൻ ഡി പരിശോധന നടത്തുന്നതും ആരോഗ്യസംരക്ഷണത്തിന് സഹായകരമാണെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.