നിങ്ങളുടെ കൈകളിലുള്ളത് പാത്രം കഴുകുന്ന സ്പോഞ്ചോ അതോ ബാക്ടീരിയകളുടെ കൂടാരമോ? അറിഞ്ഞിരിക്കണം ഈ കാര്യം...

അടുക്കളയിൽ ദിവസേന ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വസ്തുവാണ് പാത്രം കഴുകുന്ന സ്പോഞ്ച്. പല തരത്തിലുള്ള സ്ക്രബ്ബറുകളും സ്പോഞ്ചുകളും ഇപ്പോൾ മാർക്കറ്റിൽ സുലഭമാണ്. എന്നാൽ ഇവ വൃത്തിയായി സൂക്ഷിക്കുന്നത് ആരോഗ്യത്തിന് ഏറെ പ്രധാനമാണെന്ന് പലർക്കും അറിയില്ല. ഒരുകക്ഷെ പല വീടുകളിലും ശ്രദ്ധിക്കാതെ പോകുന്ന കാര്യമാകാം ഇത്തരം സ്ക്രബ്ബറുകളുടെ കാലാവധി.

അടുക്കളയിൽ നമ്മൾ ഉപയോഗിക്കുന്ന സ്പോഞ്ചുകൾ ബാക്ടീരിയകളുടെ ഒരു വലിയ കലവറയാണെന്ന്. പാത്രങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഈ സ്പോഞ്ചുകൾ വാസ്തവത്തിൽ രോഗാണുക്കൾക്ക് വളരാൻ ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ഒരുക്കുന്നത്. ചൂടുള്ളതും നനവുള്ളതുമായ ഇവയിൽ ഭക്ഷണാവശിഷ്ടങ്ങളും കൂടി ചേരുമ്പോൾ ബാക്ടീരിയകൾക്ക് പെരുകാനുള്ള മികച്ചൊരു ആവാസവ്യവസ്ഥയായി ഇത് മാറുന്നു. 2017-ൽ ജർമ്മനിയിലെ ഫർട്ട്‍വാൻഗൻ സർവകലാശാലയിലെ മൈക്രോബയോളജിസ്റ്റായ മാർക്കസ് എഗർട്ട് നടത്തിയ പഠനം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. ഒരു സ്പോഞ്ചിൽ ഏകദേശം 362 ഇനം ബാക്ടീരിയകളെയാണ് അദ്ദേഹം കണ്ടെത്തിയത്. ചില സ്പോഞ്ചുകളിൽ ഒരു ചതുരശ്ര സെന്റിമീറ്ററിൽ 54 ബില്യൺ വരെ ബാക്ടീരിയകൾ ഉണ്ടായിരുന്നതായി പഠനം വ്യക്തമാക്കുന്നു.

എന്നാൽ, ഈ ബാക്ടീരിയകളെല്ലാം തന്നെ അപകടകാരികളല്ല. ഭൂരിഭാഗം ബാക്ടീരിയകളും ആരോഗ്യവാനായ ഒരാൾക്ക് വലിയ ഭീഷണിയല്ല ഉയർത്തുന്നത്. എന്നിരുന്നാലും, പ്രതിരോധശേഷി കുറഞ്ഞവർക്കും, പ്രായമായവർക്കും, കുട്ടികൾക്കും ഇവ അത്ര നല്ലതല്ല. സാധാരണയായി നമ്മൾ കേൾക്കാറുള്ള ഭക്ഷ്യവിഷബാധക്ക് കാരണമാകുന്ന ബാക്ടീരിയകൾ (സാൽമൊണല്ല പോലുള്ളവ) സ്പോഞ്ചുകളിൽ കണ്ടെത്തുന്നത് വളരെ അപൂർവമാണ്. എങ്കിലും, പാത്രങ്ങളിലോ പ്രതലങ്ങളിലോ ഈ അണുക്കൾ പറ്റിപ്പിടിക്കാനും പിന്നീട് അത് നമ്മളിലേക്ക് പകരാനും സാധ്യതയുണ്ട്.

ഇതിനൊരു പരിഹാരമായി സ്പോഞ്ചിന് പകരം ഒരു 'വാഷിങ് അപ്പ് ബ്രഷ്' ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. ബ്രഷുകൾ സ്പോഞ്ചിനെ അപേക്ഷിച്ച് വേഗത്തിൽ ഉണങ്ങുന്നതിനാൽ ബാക്ടീരിയകൾക്ക് അതിൽ നിലനിൽക്കാൻ പ്രയാസമാണ്. ഒരു പഠനത്തിൽ, സാൽമൊണല്ല ബാക്ടീരിയയെ സ്പോഞ്ചിലും ബ്രഷിലും പരീക്ഷിച്ചപ്പോൾ, സ്പോഞ്ചിൽ അവ നന്നായി വളർന്നപ്പോൾ ബ്രഷിൽ അവ നശിച്ചുപോയതായി കണ്ടു.

സ്പോഞ്ച് തന്നെ ഉപയോഗിക്കാനാണ് താൽപ്പര്യമെങ്കിൽ, അത് ആഴ്ചതോറും മാറ്റാൻ ശ്രമിക്കുക. അണുക്കളെ നശിപ്പിക്കാനായി ഡിഷ് വാഷറിൽ ഇടുകയോ, ഒരു മിനിറ്റ് മൈക്രോവേവ് ചെയ്യുകയോ ചെയ്യുന്നത് നല്ലതാണ്. എന്നാൽ സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് ബാക്ടീരിയകളെ കൂടുതൽ പ്രതിരോധശേഷിയുള്ളവയാക്കി മാറ്റാൻ സാധ്യതയുണ്ട് എന്ന കാര്യവും ഓർക്കണം. സിങ്കിൽ സ്പോഞ്ച് നനഞ്ഞുകിടക്കാൻ അനുവദിക്കാതെ, ഓരോ ഉപയോഗത്തിന് ശേഷവും നന്നായി പിഴിഞ്ഞ് ഉണക്കി വെക്കുന്നതാണ് ഏറ്റവും ഉചിതമായ മാർഗം.

Tags:    
News Summary - Your kitchen sponge teems with bacteria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.