തിരുവനന്തപുരം: മലേറിയക്കെതിരെ ലോകവ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ ആര്‍ട്ടെമിസിനിനെ മലേറിയ പാരസൈറ്റുകള്‍ അതിജീവിക്കുന്നതിനെക്കുറിച്ച കണ്ടെത്തലുമായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ (ബ്രിക്-ആർ.ജി.സി.ബി) ശാസ്ത്രജ്ഞര്‍. ഭാവിയിൽ മലേറിയ ചികിത്സകള്‍ക്ക് പ്രയോജനപ്രദമാകുന്ന സുപ്രധാന കണ്ടെത്തലാണിത്.
പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. രാജേഷ് ചന്ദ്രമോഹനദാസിന്റെ നേതൃത്തില്‍ നടന്ന പഠന റിപ്പോര്‍ട്ട് ദ ജേണല്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസിൽ എഡിറ്റേഴ്സ് ചോയ്സ് ലേഖനമായി പ്രസിദ്ധീകരിച്ചു. റെറ്റിക്യുലോസൈറ്റുകള്‍ എന്ന പുതുതായി രൂപംകൊള്ളുന്ന ചുവന്ന രക്താണുക്കള്‍ സൃഷ്ടിക്കുന്ന സംരക്ഷിത ബയോകെമിക്കല്‍ അന്തരീക്ഷം കാരണം മലേറിയ പാരസൈറ്റുകള്‍ക്ക് ഈ മരുന്നിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തല്‍. മലേറിയ പാരസൈറ്റിനുള്ളിലെ ജനിതക മാറ്റങ്ങള്‍ മാത്രമാണ് ആര്ട്ടെമിസിനിന് പ്രതിരോധത്തിന് കാരണമെന്ന നിലവിലെ കാഴ്ചപ്പാടിനെ പഠനം വെല്ലുവിളിക്കുന്നു. ഏതുതരം കോശങ്ങളിലാണ് മലേറിയ പാരസൈറ്റ് ബാധിച്ചതെന്നതിനെ ആശ്രയിച്ചാണ് ആര്ട്ടെമിസിനിന് പ്രവര്‍ത്തിക്കാന്‍ കഴിയുക.
രോഗകാരിയുടെ ജനിതക ഘടനക്ക് പുറമെ അത് ബാധിക്കുന്ന ആതിഥേയ കോശങ്ങളുടെ ഉപാപചയ പ്രവര്‍ത്തനങ്ങളെയും ആശ്രയിച്ചാകും രോഗമുക്തിയെന്ന് ചുരുക്കം. ചികിത്സ നല്‍കിയിട്ടും ചിലരില്‍ മലേറിയ അണുബാധ ഭേദമാകാന്‍ കാലതാമസമുണ്ടാകുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ ഈ കണ്ടെത്തലുകള്‍ സഹായകമാകുമെന്ന് ബ്രിക്-ആർ.ജി.സി.ബി ഡയറക്ടര്‍ ഡോ. ബീന പിള്ള പറഞ്ഞു.
തിരുവനന്തപുരം ഐസര്‍, തിരുവനന്തപുരം കോസ്മോപൊളിറ്റന്‍ ആശുപത്രി, പൂണെയിലെ സി.എസ്.ഐ.ആര് നാഷനല്‍ കെമിക്കല്‍ ലബോറട്ടറി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ചായിരുന്നു ഗവേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.