ഇ.എച്ച്.എസ് ഓഫിസ്
പുകയില വിപത്തിൽനിന്ന് സമൂഹത്തെ മോചിപ്പിക്കാൻ അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളുമായി എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (ഇ.എച്ച്.എസ്). ഇക്കഴിഞ്ഞ മെയ് 31ന് ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി രാജ്യമൊട്ടാകെ 18 അത്യാധുനിക പുകവലി വിരുദ്ധ ക്ലിനിക്കുകളാണ് ഇ.എച്ച്.എസ് സജ്ജമാക്കിയിരിക്കുന്നത്. പുകവലി ശീലത്തോട് പൂർണമായി വിടപറയാൻ ആഗ്രഹിക്കുന്നവർക്കായി 2021-ൽ തുടക്കം കുറിച്ച ഈ മാതൃകാ പദ്ധതിയിലൂടെ ഇതിനകം മൂവായിരത്തിലധികം ആളുകളാണ് പുകവലി പൂർണമായും ഉപേക്ഷിച്ച് പുതുജീവിതത്തിലേക്ക് ചുവടുവെച്ചത്.
അന്താരാഷ്ട്ര ശാസ്ത്രീയ മാനദണ്ഡങ്ങൾ മുൻനിർത്തി, മൂന്ന് മുതൽ ആറ് മാസം വരെ നീണ്ടുനിൽക്കുന്ന സമഗ്രമായ ചികിത്സാ രീതിയാണ് ക്ലിനിക്കുകളിൽ പിന്തുടരുന്നത്. ശരീരത്തിലെ കാർബൺ മോണോക്സൈഡിന്‍റെ അളവ് നോക്കുന്നതിനുള്ള ബയോമെട്രിക് സാങ്കേതികവിദ്യയും ബിഹേവിയറൽ തെറാപ്പിയും ഉൾപ്പെടെയുള്ള പുത്തൻ ചികിത്സാ രീതികൾ ഇതിന്റെ ഭാഗമാണ്. ചികിത്സക്ക് മുമ്പും ശേഷവും വ്യക്തികളുടെ ശ്വാസകോശ ശേഷി വിലയിരുത്തി അവരുടെ ആരോഗ്യത്തിലുണ്ടാകുന്ന പുരോഗതി കൃത്യമായി ബോധ്യപ്പെടുത്തിയാണ് പദ്ധതി മുന്നോട്ട് പോകുന്നത്. താൽപര്യമുള്ളവർക്ക് ഇ.എച്ച്.എസ് സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ അല്ലെങ്കിൽ അടുത്തുള്ള ഹെൽത്ത് സെന്ററുകളിൽ നേരിട്ടെത്തിയോ പേര് രജിസ്റ്റർ ചെയ്യാം. നേരിട്ട് ക്ലിനിക്കുകളിൽ എത്താൻ സാധിക്കാത്തവർക്കായി മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള ഡിജിറ്റൽ പിന്തുണയും അതോറിറ്റി ലഭ്യമാക്കുന്നുണ്ട്.
ചികിത്സ തേടിയെത്തുന്നവർക്ക് മികച്ച കൗൺസിലിങ്ങും പിന്തുണയും ഉറപ്പാക്കുന്നതിനായി 74 ഫിസിഷ്യന്മാർക്ക് ഇ.എച്ച്.എസ് പ്രത്യേക പരിശീലനവും വർക്ക്‌ഷോപ്പുകളും നൽകിയിട്ടുണ്ട്. രോഗികളുടെ മെഡിക്കൽ റെക്കോർഡുകൾ കൃത്യമായി സൂക്ഷിക്കുന്നതിനും തുടർച്ചയായ നിരീക്ഷണം സാധ്യമാക്കുന്നതിനുമായി ഈ സേവനങ്ങളെ യു.എ.ഇയുടെ കേന്ദ്രീകൃത ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്‌ഫോമായ ‘വരീദ്' ആപ്പ് സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്. നിലവിൽ 16 വയസ്സിന് മുകളിലുള്ള സ്വദേശികൾക്കും പ്രവാസികൾക്കുമാണ് ഈ സേവനം ലഭ്യമാകുന്നത്. എന്നാൽ, വരുംതലമുറയെ പുകവലിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി 15 വയസ്സിന് മുകളിലുള്ള സ്കൂൾ വിദ്യാർഥികളെ കേന്ദ്രീകരിച്ച് വിപുലമായ ബോധവൽക്കരണ പരിപാടികൾ ആരംഭിക്കാൻ അധികൃതർ ലക്ഷ്യമിടുന്നു. കൂടാതെ, ഈ ക്ലിനിക്കുകൾ വഴി വിജയകരമായി പുകവലി നിർത്തിയവരെ ആദരിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള പ്രത്യേക പദ്ധതികളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
പദ്ധതിയുമായി സഹകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. 2024നെ അപേക്ഷിച്ച് 2025ൽ ഗുണഭോക്താക്കളുടെ എണ്ണത്തിൽ 20 ശതമാനത്തോളം വളർച്ചയുണ്ടായി. ഭാവിയിൽ ഡിജിറ്റൽ കെയർ ആപ്പുകൾ, മാനസികാരോഗ്യ പിന്തുണ ഉറപ്പാക്കുന്ന ഹോട്ട്‌ലൈൻ, സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണം എന്നിവയും ഇതിന്റെ ഭാഗമായി നിലവിൽ വരും. യു.എ.ഇ സ്വദേശികൾക്ക് ഇൻഷുറൻസ് വഴി ഈ സേവനങ്ങൾ പൂർണമായും സൗജന്യമായി ലഭിക്കുമ്പോൾ, പ്രവാസികൾക്ക് അവരുടെ നിലവിലുള്ള ഹെൽത്ത് ഇൻഷുറൻസ് കവറേജ് അനുസരിച്ചായിരിക്കും ആനുകൂല്യങ്ങൾ ലഭ്യമാകുക.
ദുബൈയിലെ മുഹൈസിന, അൽ ഇത്തിഹാദ് കേന്ദ്രങ്ങൾ, ഷാർജയിലെ അൽ ദൈദ്, റിഫാ, അജ്മാനിൽ അൽ മദീന, അൽ ഹാമിദിയ, ഉമ്മുൽ ഖുവൈനിൽ അൽ സലാമ, ഫുജൈറ മുറൈശിദ്, റാസ് അൽ ഖൈമയിലെ അൽ മുഐരിദ്, അബ്ദുല്ല ബിൻ അലി അൽ ശർഹാൻ തുടങ്ങി വിവിധ എമിറേറ്റുകളിലെ 18 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴിയാണ് ഈ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്.
യു.എ.ഇയിലെ ജനങ്ങൾക്ക് കുറഞ്ഞ ചെലവിലും ഉയർന്ന നിലവാരത്തിലും സർക്കാർ ആരോഗ്യ സേവനങ്ങൾ ഉറപ്പുവരുത്തുന്ന പ്രധാനപ്പെട്ട ഒരു കേന്ദ്രീകൃത സംവിധാനമാണ് എമിറേറ്റ്സ് ഹെൽത്ത് സർവീസസ് . രാജ്യത്തെ പൊതുജനാരോഗ്യ സംരക്ഷണം കൂടുതൽ ശക്തമാക്കുന്നതിനും, സർക്കാർ വക ആശുപത്രികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമായി രൂപീകരിക്കപ്പെട്ട ഔദ്യോഗിക അതോറിറ്റിയാണിത്. ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ, റാസ് അൽ ഖൈമ തുടങ്ങിയ വടക്കൻ എമിറേറ്റുകളിലെ ഭൂരിഭാഗം സർക്കാർ ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളും നിയന്ത്രിക്കുന്നതും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതും ഇ.എച്ച്.എസ് ആണ്. അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക, മെഡിക്കൽ രംഗത്ത് പുത്തൻ സാങ്കേതികവിദ്യകളും രോഗികളുടെ വിവരങ്ങൾ ഏകോപിപ്പിക്കുന്ന ഡിജിറ്റൽ സംവിധാനങ്ങളും നടപ്പിലാക്കുക എന്നിവയാണ് ഇവരുടെ പ്രധാന ചുമതലകൾ.
ആരോഗ്യവിദഗ്ധർക്കും ഡോക്ടർമാർക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനങ്ങൾ നൽകുന്നു . പുകവലി വിരുദ്ധ ക്ലിനിക്കുകൾ, ജീവിതശൈലീ രോഗങ്ങൾ തടയുന്നതിനുള്ള പ്രത്യേക പദ്ധതികൾ, മാനസികാരോഗ്യ പിന്തുണ തുടങ്ങിയ കമ്മ്യൂണിറ്റി അധിഷ്ഠിത ആരോഗ്യ പരിപാടികളും ഇവർ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.