എത്രയൊക്കെ ശ്രമിച്ചിട്ടും ഉറക്കം വരുന്നില്ലേ? വേഗം ഉറങ്ങാന്‍ ഒരു സിംപിള്‍ ടെക്നിക് ഉണ്ട്. സോക്സുകള്‍ ധരിച്ചു കിടക്കുന്നത് സാധാരണയിലും വേഗത്തില്‍ നിങ്ങള്‍ക്ക് ഉറക്കം ലഭിക്കാന്‍ സഹായിക്കുമെന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂൾ ഇൻസ്ട്രക്ടര്‍ ഡോ. തൃഷ പ്രാശിച്ച പറയുന്നു. നമ്മുടെ ശരീരം സ്വാഭാവികമായും ഉറക്കത്തിലേക്ക് കടക്കുന്നത് ശരീരത്തിന്റെ താപനില കുറയുമ്പോഴാണ്.
സോക്സ് ഇട്ട് കിടക്കുമ്പോൾ പാദങ്ങളിലെ രക്തക്കുഴലുകൾ വികസിക്കുകയും രക്തയോട്ടം കൂടുകയും ചെയ്യും. ഈ കൂടിയ രക്തയോട്ടം ശരീരത്തിലെ അധിക ചൂടിനെ കൈകളിലൂടെയും പാദങ്ങളിലൂടെയും പുറത്തേക്ക് വിടാൻ സഹായിക്കുന്നു. ഇത് ശരീരത്തിന്റെ പ്രധാന താപനില പെട്ടെന്ന് കുറക്കുന്നു. ഇത് തലച്ചോറിന് ഇപ്പോൾ ഉറങ്ങാനുള്ള സമയമായി എന്ന സിഗ്നൽ നൽകുന്നു.
എല്ലാ സോക്സുകളും ഒരുപോലെയല്ല. ഉറക്കത്തിനായി സോക്സുകൾ തിരഞ്ഞെടുക്കുമ്പോൾ അവയുടെ മെറ്റീരിയൽ വളരെ പ്രധാനമാണ്. വളരെ ഇറുകിയതോ, കട്ടിയുള്ളതോ ആയ സോക്സുകൾ ഒഴിവാക്കുക. കോട്ടൺ അല്ലെങ്കിൽ ഊഷ്മാവ് നിലനിർത്തുന്ന മോയിസ്ചർ-വിക്കിങ് മെറ്റീരിയൽ ഉപയോഗിച്ചുള്ള സോക്സുകളാണ് നല്ലത്. ഇവ ചൂട് നൽകുന്നതോടൊപ്പം തന്നെ പാദങ്ങളിൽ നിന്നും ഈർപ്പം വലിച്ചെടുക്കാനും പാദങ്ങൾക്ക് ശ്വാസം നൽകാനും സഹായിക്കും. ഇത് പാദങ്ങൾ അമിതമായി വിയർക്കുന്നത് തടയുകയും അതുവഴി പാദങ്ങൾ തണുത്ത് പോവുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. വൃത്തിയുള്ള സോക്സ് ധരിക്കാൻ ശ്രദ്ധിക്കുക.
മുറിയിലെ താപനില ഏകദേശം 18.3°C (65°F) ന് അടുത്തായി നിലനിർത്തുന്നത് വേഗത്തിൽ ഉറങ്ങാൻ വളരെ നല്ലതാണ്. സോക്സ് നിങ്ങളുടെ പാദങ്ങളെ ചൂടാക്കുമ്പോൾ തന്നെ, മുറി തണുപ്പായിരിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള താപനില കുറക്കാൻ സഹായിക്കും. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മൊബൈൽ ഫോൺ, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ എന്നിവയുടെ ഉപയോഗം പൂർണമായി ഒഴിവാക്കുക. ഇവയിൽ നിന്നുള്ള നീല വെളിച്ചം ഉറക്കത്തെ സഹായിക്കുന്ന മെലടോണിൻ ഉത്പാദനത്തെ തടസ്സപ്പെടുത്തും.
എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക താളം ക്രമീകരിക്കാൻ സഹായിക്കും. ഈ ലളിതമായ ശീലങ്ങളോടൊപ്പം സോക്സ് ധരിക്കുന്നതും കൂടിയാവുമ്പോൾ വേഗത്തിൽ ഉറക്കം ലഭിക്കാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.