പ്രതീകാത്മക ചിത്രം

ഗർഭകാലത്തെ ഉയർന്ന രക്തസമ്മർദം അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണി!

ലോകമെമ്പാടുമുള്ള ഗർഭിണികൾക്കിടയിൽ മരണനിരക്ക് വർധിപ്പിക്കുന്ന പ്രധാന കാരണങ്ങളിലൊന്നായി ഗർഭകാലത്തെ ഉയർന്ന രക്തസമ്മർദം മാറുന്നു. കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ 'പ്രീ-എക്ലാംപ്സിയ' (Preeclampsia) എന്ന അപകടകരമായ അവസ്ഥയിലേക്ക് ഇത് നയിച്ചേക്കാം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആഗോളതലത്തിൽ ഗർഭിണികളുടെ മരണത്തിൽ 10 മുതൽ 15 ശതമാനം വരെ ഇത്തരം രക്തസമ്മർദ വൈകല്യങ്ങൾ മൂലമാണ് സംഭവിക്കുന്നത്.

എന്താണ് പ്രീ-എക്ലാംപ്സിയ?

ഗർഭാവസ്ഥയുടെ 20 ആഴ്ചകൾക്ക് ശേഷമാണ് സാധാരണയായി ഈ അവസ്ഥ കണ്ടുവരുന്നത്. ഉയർന്ന രക്തസമ്മർദത്തോടൊപ്പം വൃക്കകൾ, കരൾ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെ ഇത് ബാധിക്കുന്നു. ശരീരത്തിൽ അമിതമായി വെള്ളം കെട്ടിനിൽക്കുന്നതുമൂലമുള്ള വീക്കം, കഠിനമായ തലവേദന, കാഴ്ച മങ്ങുകയോ കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നുകയോ ചെയ്യുക, മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

പ്രീ-എക്ലാംപ്സിയ വഷളാകുമ്പോഴാണ് 'എക്ലാംപ്സിയ' എന്ന അവസ്ഥയുണ്ടാകുന്നത്. ഇത് അമ്മക്ക് അപസ്മാരം, അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കൽ, രക്തം കട്ടപിടിക്കുന്നതിലെ തകരാറുകൾ, സ്ട്രോക്ക്, അല്ലെങ്കിൽ കോമ എന്നിവക്ക് കാരണമായേക്കാം. ഇത് അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും മരണത്തിന് വരെ കാരണമാകുമെന്ന് ഫോർട്ടിസ് ലാ ഫെമ്മെയിലെ ഡോ. അനിത ഗുപ്ത മുന്നറിയിപ്പ് നൽകുന്നു.

കുഞ്ഞിനെ എങ്ങനെ ബാധിക്കുന്നു?

ഉയർന്ന രക്തസമ്മർദം പ്ലാസന്‍റയിലേക്കുള്ള രക്തപ്രവാഹം കുറക്കുന്നു. കുഞ്ഞിന് തൂക്കക്കുറവ് ഉണ്ടാവുക, മാസം തികയാതെയുള്ള പ്രസവം, ഗർഭപാത്രത്തിനുള്ളിൽ വെച്ചുള്ള കുഞ്ഞിന്റെ മരണം എന്നിവയൊക്കെ സംഭവിക്കാന് സാധ്യതയുണ്ട്.

പ്രസവത്തിന് ശേഷമുള്ള അപകടസാധ്യതകൾ

പ്രസവം കഴിഞ്ഞാൽ അപകടം കഴിഞ്ഞു എന്ന് കരുതരുത്. പ്രസവശേഷം ആറ് ആഴ്ചകൾ വരെ പ്രീ-എക്ലാംപ്സിയ ഉണ്ടാകാൻ സാധ്യതയുണ്ട്. കഠിനമായ തലവേദനയോ കാഴ്ച വൈകല്യമോ പ്രസവത്തിന് ശേഷവും അനുഭവപ്പെടുന്നുണ്ടെങ്കിൽ അടിയന്തര വൈദ്യസഹായം തേടണം.

പ്രതിരോധ മാർഗങ്ങൾ

  • മുൻകൂട്ടിയുള്ള പരിശോധനകളിലൂടെ ഈ അപകടസാധ്യതകൾ ഒഴിവാക്കാം.
  • കൃത്യമായ പരിശോധനകൾ: ഗർഭകാലത്ത് ഇടക്കിടെ രക്തസമ്മർദം പരിശോധിക്കുക.
  • പരിശോധനകൾ: മൂത്രത്തിലെ പ്രോട്ടീന്റെ അളവും അവയവങ്ങളുടെ പ്രവർത്തനവും പരിശോധിക്കാൻ രക്തപരിശോധനകൾ നടത്തുക.
  • മരുന്നുകൾ: ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുക.
Tags:    
News Summary - Hypertension And Maternal Mortality: How Preeclampsia Puts Mothers At Risk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.