ശൈത്യകാലം തുടങ്ങുന്നതോടെ പലരിലും രക്തസമ്മർദം ഉയരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. അന്തരീക്ഷത്തിലെ തണുപ്പ് ശരീരത്തിന്‍റെ സ്വാഭാവിക പ്രവർത്തനങ്ങളെ ബാധിക്കുന്നതാണ് ഇതിന് കാരണം. ബി.പി ഉള്ളവർക്കും അല്ലാത്തവർക്കും ഒരുപോലെ ജാഗ്രത വേണ്ട സമയമാണിത്. ഹൃദയം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുമ്പോൾ, രക്തക്കുഴലുകളുടെ ഭിത്തിയിൽ രക്തം ചെലുത്തുന്ന മർദ്ദത്തെയാണ് ബ്ലഡ് പ്രഷർ അഥവാ രക്തസമ്മർദം എന്ന് വിളിക്കുന്നത്.
സിസ്റ്റോളിക് പ്രഷർ: ഹൃദയം സങ്കോചിക്കുമ്പോൾ രക്തക്കുഴലുകളിലെ ഭിത്തിയിൽ അനുഭവപ്പെടുന്ന ഏറ്റവും ഉയർന്ന മർദത്തെയാണ് സിസ്റ്റോളിക് പ്രഷർ എന്ന് വിളിക്കുന്നത്. ഒരു വ്യക്തിയുടെ രക്തസമ്മർദ്ദം അളക്കുമ്പോൾ ലഭിക്കുന്ന രണ്ട് സംഖ്യകളിൽ മുകളിലുള്ള സംഖ്യയാണിത്. ഉദാഹരണത്തിന് ബി.പി 120/80 mmHg ആണെങ്കിൽ, ഇതിൽ 120 ആണ് സിസ്റ്റോളിക് പ്രഷർ.
ഡയസ്റ്റോളിക് പ്രഷർ: ഹൃദയമിടിപ്പുകൾക്കിടയിൽ ഹൃദയം വിശ്രമിക്കുന്ന അവസ്ഥയിൽ രക്തക്കുഴലുകളിൽ അനുഭവപ്പെടുന്ന മർദ്ദത്തെയാണ് ഡയസ്റ്റോളിക് പ്രഷർ എന്ന് വിളിക്കുന്നത്.ബി.പി അളക്കുമ്പോൾ താഴെ കാണുന്ന ചെറിയ സംഖ്യയാണിത്. ഉദാഹരണത്തിന് 120/80 mmHg എന്ന റീഡിങ്ങിൽ 80 ആണ് ഡയസ്റ്റോളിക് പ്രഷർ.
രക്തക്കുഴലുകൾ ചുരുങ്ങുന്നു: തണുപ്പിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ നമ്മുടെ രക്തക്കുഴലുകൾ സ്വയം ചുരുങ്ങും (Vasoconstriction). ഇടുങ്ങിയ കുഴലുകളിലൂടെ രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് കൂടുതൽ അധ്വാനിക്കേണ്ടി വരുന്നത് ബി.പി വർധിപ്പിക്കുന്നു.
വ്യായാമക്കുറവ്: തണുപ്പ് കാരണം പലരും വ്യായാമം ഒഴിവാക്കാറുണ്ട്. കൂടാതെ ഭക്ഷണത്തിന്‍റെ അളവ് കൂടുന്നതും ശരീരഭാരം വർധിക്കുന്നതും രക്തസമ്മർദത്തെ ബാധിക്കും.
ഹോർമോൺ മാറ്റങ്ങൾ: തണുപ്പിനെ പ്രതിരോധിക്കാൻ ശരീരം ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകളും ബിപി നില ഉയർത്താൻ കാരണമായേക്കാം.
ബി.പി നോർമൽ ആണെങ്കിൽ: ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഒരേ സമയത്ത് (രാവിലെയോ വൈകുന്നേരമോ) പരിശോധിക്കുക.
മരുന്ന് കഴിക്കുന്നവർ: ദിവസവും രാവിലെയും വൈകുന്നേരവും ബി.പി നോക്കി കുറിച്ചു വെക്കുന്നത് ഡോക്ടർക്ക് ചികിത്സ എളുപ്പമാക്കാൻ സഹായിക്കും.
ഈ ലക്ഷണങ്ങൾ കണ്ടാൽ: തലകറക്കം, കഠിനമായ തലവേദന, ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടാൽ ഒട്ടും വൈകാതെ ബി.പി പരിശോധിച്ച് ഡോക്ടറുടെ സഹായം തേടണം.
ശരീരം ചൂടാക്കി വെക്കുക: തണുപ്പിൽ നിന്നും സംരക്ഷണം നൽകുന്ന വസ്ത്രങ്ങൾ ധരിക്കുക.
ഭക്ഷണം ശ്രദ്ധിക്കുക: ഉപ്പിന്‍റെ അളവ് പരമാവധി കുറക്കുക. എണ്ണമയമുള്ള ഭക്ഷണങ്ങൾ നിയന്ത്രിക്കുക.
ഇൻഡോർ വ്യായാമം: പുറത്ത് പോകാൻ മടിയാണെങ്കിൽ വീടിനുള്ളിൽ തന്നെ ലഘുവായ വ്യായാമങ്ങൾ ചെയ്യുക.
മരുന്ന് മുടക്കരുത്: ബി.പി കുറവാണെന്ന് തോന്നിയാൽ പോലും ഡോക്ടറോട് ചോദിക്കാതെ മരുന്നിന്‍റെ ഡോസ് മാറ്റരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.