പ്രതീകാത്മക ചിത്രം

പാലുണ്ണി കാൻസറിന് കാരണമാകുമോ? പേടിക്കേണ്ടത് എപ്പോൾ?

പാലുണ്ണി അർബുദത്തിന് കാരണമാകുമോ എന്നത് പലരുടെയും സംശയമാണ്. എന്നാൽ പാലുണ്ണി സാധാരണയായി അർബുദത്തിന് കാരണമാകുന്നില്ല. ഇവ അപകടകരമല്ലാത്ത, സാധാരണയായി കാണപ്പെടുന്ന ചർമവളർച്ചകളാണ്. വൈദ്യശാസ്ത്രത്തിൽ അക്രോകോർഡൺസ് (Acrochordons) അല്ലെങ്കിൽ സോഫ്റ്റ് ഫൈബ്രോമകൾ (Soft Fibromas) എന്നാണ് വിളിക്കുന്നത്. കഴുത്ത്, കക്ഷം, നാഭീപ്രദേശം, കൺപോളകൾ തുടങ്ങിയ ചർമത്തിന്റെ മടക്കുകൾ വരുന്ന ഭാ​ഗങ്ങളിലാണ് ഇവ കൂടുതലായും കാണുക. ചർമത്തിന്റെ നിറമോ അൽപം ഇരുണ്ട നിറമോ ആയിരിക്കും ഇവക്ക്.

പാലുണ്ണി ഉണ്ടാകാനുള്ള കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും ഇതിന് ജനിതകം ഒരു ഘടകമാണെന്ന് ​ഗവേഷകർ പറയുന്നു. അൻപത് വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ ഇത് വളരെ സാധാരണമാണ്. കുടുംബത്തിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ ഇത് വരാൻ സാധ്യത കൂടും. പ്രധാനമായും ചർമം തമ്മിലോ അല്ലെങ്കിൽ ചർമവും വസ്ത്രങ്ങളും തമ്മിലോ ഉണ്ടാകുന്ന ഘർഷണം ആണ് ഇതിന് കാരണമായി കണക്കാക്കുന്നത്. ശരീരഭാരം കൂടുമ്പോൾ ചർമത്തിലെ മടക്കുകളും ഘർഷണവും കൂടുകയും ഇത് പാലുണ്ണി ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. പ്രമേഹമുള്ളവരിൽ പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹമുള്ളവരിൽ പാലുണ്ണി കൂടുതലായി കണ്ടുവരുന്നു. ഇത് ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ടതാണ്. ഗർഭകാലത്ത് ശരീരത്തിലെ ഹോർമോൺ നിലയിലുണ്ടാവുന്ന മാറ്റങ്ങൾ കാരണം പാലുണ്ണി ഉണ്ടാകാൻ സാധ്യതയുണ്ട്.

പാലുണ്ണി സാധാരണയായി പേടിക്കേണ്ടതോ ചികിത്സ ആവശ്യമുള്ളതോ ആയ ഒന്നല്ല. എങ്കിലും ചില സാഹചര്യങ്ങളിൽ ഇത് ശ്രദ്ധിക്കുകയും ഒരു ഡോക്ടറെ കാണുകയും ചെയ്യുന്നത് നല്ലതാണ്. പാലുണ്ണിയിൽ പുതിയ വളർച്ചയോ നിറ വ്യത്യാസമോ ഉണ്ടാവുകയാണെങ്കിൽ ശ്രദ്ധിക്കണം. കൂടാതെ ആകൃതിയിൽ മാറ്റം, വേദന, രക്തം വരിക തുടങ്ങിയവ സംഭവിച്ചാൽ ശ്രദ്ധിക്കണം. ‌പാലുണ്ണി ഇടക്കിടെ മുറിയുകയോ അല്ലെങ്കിൽ സ്വയം രക്തം വരികയോ ചെയ്യുകയാണെങ്കിൽ ശ്രദ്ധിക്കണം. വസ്ത്രങ്ങളോ ആഭരണങ്ങളോ ഉരസി രക്തം വരുന്നത് സ്വാഭാവികമാണ്. അല്ലാതെ രക്തം വരുന്നത് ശ്രദ്ധിക്കണം. വളരെ കുറഞ്ഞ കാലയളവിനുള്ളിൽ ധാരാളം പുതിയ പാലുണ്ണികൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ ഇൻസുലിൻ പ്രതിരോധം പോലുള്ള ചില അടിസ്ഥാന ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാകാം.

കഴുത്ത്, കക്ഷം തുടങ്ങിയ ഭാഗങ്ങളിലെ പാലുണ്ണി, വസ്ത്രങ്ങൾ, ആഭരണങ്ങൾ നിരന്തരം ഉരസുന്നത് കാരണം ചൊറിച്ചിലോ, ചെറിയ വേദനയോ, അല്ലെങ്കിൽ വീക്കമോ ഉണ്ടാവാം. ഇവ സാധാരണയായി പകരുന്നവയല്ല. മറ്റ് ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നില്ല. ചിലപ്പോൾ പാലുണ്ണി എന്ന് നിങ്ങൾ കരുതുന്ന വളർച്ചകൾ മറ്റേതെങ്കിലും ചർമരോഗങ്ങളോ കാൻസർ മുഴകളോ ആകാനുള്ള സാധ്യതയുണ്ട്. കൃത്യമായ രോഗനിർണയം നടത്തേണ്ടത് ആവശ്യമാണ്. 

Tags:    
News Summary - Can skin tags cause cancer?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.