പ്രതീകാത്മക ചിത്രം

അമിതവണ്ണത്തിന് മരുന്ന് കഴിക്കുന്നവർ അറിയാൻ: മരുന്ന് നിർത്തിയാൽ ഭാരം കൂടുമോ?

യുട്യൂബ് വിഡിയോയില്‍ കണ്ട മരുന്ന് വാങ്ങി കഴിച്ച 19കാരി മരിച്ചു. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. കോളജ് വിദ്യാര്‍ഥിനിയായ മീനമ്പല്‍പുരം സ്വദേശി കലയരസി ആണ് മരിച്ചത്. ശരീരഭാരം കുറക്കാന്‍ ഉപയോഗിക്കാം എന്ന് അവകാശപ്പെടുന്ന വെങ്ങാരം (ബോറാക്‌സ്) എന്ന മരുന്നാണ് വിദ്യാര്‍ഥിനി കഴിച്ചത്. ഈ വാർത്ത ഇന്നത്തെ സാഹചര്യത്തിൽ ഏറെ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്. 

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഇന്ത്യയിൽ അമിതവണ്ണ ചികിത്സയിൽ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ആദ്യമായി, ശരീരഭാരം കുറക്കാൻ സഹായിക്കുന്ന ഫലപ്രദമായ മരുന്നുകൾ ഇന്ത്യയിൽ വ്യാപകമായി ലഭ്യമായിത്തുടങ്ങി. സെമാഗ്ലൂട്ടൈഡ്, ടിർസെപാറ്റൈഡ് തുടങ്ങിയ മരുന്നുകൾ വഴി പലർക്കും തങ്ങളുടെ ശരീരഭാരത്തിന്റെ 15–20 ശതമാനം വരെ കുറക്കാൻ സാധിച്ചു. മുമ്പ് ബേരിയാട്രിക് സർജറിയിലൂടെ മാത്രം സാധ്യമായിരുന്ന ഫലമാണിത്. എന്നാൽ ആവേശം കൂടുമ്പോഴും ഒരു പ്രധാന ചോദ്യം ഉയരുന്നു. ഈ മരുന്നുകൾ നിർത്തലാക്കിയാൽ എന്ത് സംഭവിക്കും?

അമിതവണ്ണം

അമിതവണ്ണം ജീവശാസ്ത്രപരവും പെരുമാറ്റപരവും പാരിസ്ഥിതികവുമായ കാരണങ്ങൾ ചേർന്നുള്ള ഒരു വിട്ടുമാറാത്ത രോഗമാണ്. നമ്മൾ ഏതെങ്കിലും രീതിയിൽ (ഭക്ഷണ നിയന്ത്രണം, വ്യായാമം, മരുന്നുകൾ) ഭാരം കുറക്കുമ്പോൾ, ശരീരം അത് തിരിച്ചുപിടിക്കാൻ ശ്രമിക്കും. വിശപ്പ് വർധിപ്പിക്കുകയും ഊർജ്ജ ഉപഭോഗം കുറക്കുകയും ചെയ്യുന്നതിലൂടെ ശരീരം പഴയ ഭാരത്തിലേക്ക് മടങ്ങാൻ പോരാടുന്നു. വിശപ്പ് കുറക്കാനും വയർ നിറഞ്ഞ അനുഭവം ഉണ്ടാക്കാനുമാണ് ഈ മരുന്നുകൾ സഹായിക്കുന്നത്. മരുന്ന് നിർത്തുന്നതോടെ ഈ നിയന്ത്രണങ്ങൾ നീങ്ങുകയും ഭാരം വീണ്ടും കൂടാൻ തുടങ്ങുകയും ചെയ്യുന്നു.

ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ഒൻപതിനായിരത്തിലധികം ആളുകളെ നിരീക്ഷിച്ചതിൽ മരുന്ന് നിർത്തിയ ശേഷം ശരാശരി മാസം 0.4 കിലോ വീതം ഭാരം കൂടുന്നു. പുതിയ മരുന്നുകളായ സെമാഗ്ലൂട്ടൈഡ് പോലുള്ളവ ഉപയോഗിച്ചവരിൽ ഇത് മാസം 0.8 കിലോ വരെയാണ്. ഭാരം കൂടുന്നതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവയും പഴയതുപോലെ മോശമാകുന്നു. വ്യായാമത്തിലൂടെയും ഡയറ്റിലൂടെയും ഭാരം കുറക്കുന്നവരെ അപേക്ഷിച്ച് മരുന്നിലൂടെ ഭാരം കുറച്ചവർക്ക് അത് പെട്ടെന്ന് തിരിച്ചു വരുന്നു. എന്നാൽ ജീവിതശൈലിയിലെ മാറ്റങ്ങൾ ഒരു പരിധിവരെ ഗുണം ചെയ്യും.

മരുന്ന് നിർത്തുമ്പോൾ

മരുന്നുകളുടെ ഉയർന്ന വിലയും ദീർഘകാല ഉപയോഗത്തിലെ ആശങ്കകളും കാരണം, ഭാരം വീണ്ടും കൂടാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. മരുന്ന് പെട്ടെന്ന് നിർത്തുന്നതിന് പകരം ഡോസ് പടിപടിയായി കുറക്കുന്നത് ഗുണകരമായേക്കാം. ഭാരം കുറഞ്ഞ അവസ്ഥയിൽ വ്യായാമം ചെയ്യുന്നത് എളുപ്പമാണ്. ഈ സമയത്ത് കഠിനമായ വ്യായാമങ്ങൾ ശീലിക്കുന്നത് ഭാരം കൂടുന്നത് തടയാൻ സഹായിക്കും.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും പ്രധാനമാണ്. വീര്യം കൂടിയ മരുന്നുകൾക്ക് പകരം ഡോക്ടറുടെ നിർദേശപ്രകാരം കുറഞ്ഞ ചിലവിലുള്ള മറ്റ് മരുന്നുകൾ ഉപയോഗിച്ച് ഭാരം നിലനിർത്താൻ ശ്രമിക്കാം. രക്തസമ്മർദ്ദത്തിനോ പ്രമേഹത്തിനോ മരുന്ന് കഴിക്കുന്നതുപോലെ അമിതവണ്ണത്തിനും ദീർഘകാല ചികിത്സ ആവശ്യമാണ്. ഭാരം വീണ്ടും കൂടുന്നത് ഒരു വ്യക്തിയുടെ പരാജയമല്ല. മറിച്ച് ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ്.

Tags:    
News Summary - Weight loss medicines work but what happens when you stop them?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.