ഉറങ്ങുന്നതിന് മുമ്പ് ബിസ്‌ക്കറ്റ് കഴിക്കാറുണ്ടോ; പണി കിട്ടും സൂക്ഷിച്ചോ!

രാത്രി 11 മണിയൊക്കെ കഴിഞ്ഞിട്ടും ചെറിയൊരു വിശപ്പ് തോന്നുമ്പോൾ ഒരു പാക്കറ്റ് ബിസ്ക്കറ്റ് എടുത്ത് കഴിക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ അടുത്ത ദിവസം രാവിലെ കഠിനമായ തലവേദനയോടെയാണോ നിങ്ങൾ ഉണരുന്നത്? എങ്കിൽ നിങ്ങൾ കഴിച്ച ആ ബിസ്ക്കറ്റായിരിക്കാം വില്ലൻ.

എന്തുകൊണ്ട് ബിസ്ക്കറ്റ് തലവേദനയുണ്ടാക്കുന്നു?

ബിസ്ക്കറ്റുകളിൽ ഉയർന്ന അളവിൽ മൈദയും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഇവ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുകയും, ഉറക്കത്തിനിടയിൽ അത് അപ്രതീക്ഷിതമായി താഴുകയും ചെയ്യുന്നു. ഈ വ്യതിയാനം തലച്ചോറിലെ രക്തക്കുഴലുകളെ ബാധിക്കുന്നത് രാവിലെ തലവേദനയുണ്ടാക്കാൻ കാരണമാകും. രാത്രി വൈകി ആഹാരം കഴിക്കുമ്പോൾ ശരീരത്തിന്‍റെ ദഹന പ്രക്രിയ മന്ദഗതിയിലാകും. ബിസ്ക്കറ്റിലെ കൊഴുപ്പും പഞ്ചസാരയും ദഹിക്കാൻ സമയമെടുക്കുന്നത് ആസിഡ് റിഫ്ലക്സിന് വഴിതെളിക്കും.

നെഞ്ചെരിച്ചിൽ കാരണം ഉറക്കം തടസ്സപ്പെടുന്നത് രാവിലെ ക്ഷീണത്തിനും തലവേദനക്കും കാരണമാകും. രുചി കൂട്ടാൻ ബിസ്ക്കറ്റുകളിൽ ചേർക്കുന്ന സോഡിയം രാത്രിയിൽ ശരീരത്തിലെ ജലാംശം കുറക്കും. നിർജ്ജലീകരണത്തിന്‍റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ് തലവേദന. ബിസ്ക്കറ്റുകൾ കേടാകാതിരിക്കാൻ ചേർക്കുന്ന പ്രിസർവേറ്റീവുകളും കൃത്രിമ മധുരങ്ങളും പലരിലും മൈഗ്രേൻ പോലുള്ള തലവേദനകൾക്ക് കാരണമാകാറുണ്ട്.

എങ്ങനെ ഒഴിവാക്കാം?

ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പെങ്കിലും ലഘുഭക്ഷണം കഴിക്കുക. ബിസ്ക്കറ്റിന് പകരം ഒരു പിടി നട്ട്‌സ് (ബദാം, അണ്ടിപ്പരിപ്പ്) അല്ലെങ്കിൽ ഒരു കഷ്ണം പഴം കഴിക്കുന്നത് വിശപ്പ് മാറ്റാനും തലവേദന ഒഴിവാക്കാനും സഹായിക്കും. രാത്രിയിൽ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം മൂലമുള്ള തലവേദന തടയും. ഈ ശീലം മാറ്റിയിട്ടും തലവേദന തുടരുകയാണെങ്കിൽ കാഴ്ചശക്തിയിലെ കുറവോ സൈനസൈറ്റിസോ ഉണ്ടോ എന്ന് ഡോക്ടറെ കണ്ട് പരിശോധിക്കേണ്ടതാണ്.

Tags:    
News Summary - Do you eat biscuits before going to bed?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.